മന്ത്രി ഷിബു ബേബി ജോൺ തിരുവന്തപുരത്ത് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ നിന്ന്. എംഎൽഎമാരായ ഷിബു തെക്കുംപുറം, മനോജ് മുത്തേടൻ തുടങ്ങിയവർ സമീപം.
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലകൾ പൂർണമായി കോതമംഗലം ഡിവിഷന്റെ പരിധിയിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് വനം മന്ത്രി ഷിബു ബേബി ജോൺ നിർദേശം നൽകി.
എറണാകുളം ജില്ലയുടെ ചാർജുള്ള മന്ത്രി റോജി എം. ജോണിന്റെ ആവശ്യപ്രകാരം വനം മന്ത്രി തിരുവന്തപുരത്ത് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയത്.
യോഗത്തിൽ എംഎൽഎമാരായ ഷിബു തെക്കുംപുറം, മനോജ് മുത്തേടൻ, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം മണ്ഡലങ്ങളിൽ വനാതിർത്തി പങ്കിടുന്ന പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.
യോഗത്തിൽ ഷിബു തെക്കുംപുറം എംഎൽഎ, കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലകൾ ഇപ്പോൾ മലയാറ്റൂർ ഡിവിഷനിലും മൂന്നാർ ഡിവിഷനിലും ഇടുക്കി വൈൽഡ് ലൈഫ് ഡിവിഷനുകളിലുമാണ് ഉൾപ്പെട്ടിരുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യകതകൾ കൊണ്ടും വന്യജീവി ആക്രമണം കൊണ്ടും പ്രദേശവാസികൾ വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.
പഞ്ചായത്തിന്റെ ജനവാസമേഖലകൾ മൂന്ന് വനം ഡിവിഷനുകളിലും അഞ്ച് റേഞ്ചുകളിലുമായി വ്യാപിച്ച് കിടക്കുന്നതിനാൽ വന്യജീവി പ്രതിരോധ പ്രവർത്തനങ്ങൾ പോലും ഏകോപിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. വനം വകുപ്പിനുണ്ടാകുന്ന ഭരണപരമായ പ്രതിസന്ധികൾക്കും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും ഡിവിഷൻ പുനർനിർണയം നടത്തുന്നതോടെ പരിഹാരമാകും.
കുട്ടമ്പുഴ വില്ലേജിൽ ഉൾപ്പെടുന്ന മാമലക്കണ്ടം, എളംബ്ലാശേരി, ക്ണാചേരി, പിണവൂർക്കുടി, ഇഞ്ചത്തൊട്ടി എന്നിവിടങ്ങൾ മൂന്നാർ ഡിവിഷനിൽനിന്നും മാറ്റുകയും (നേര്യമംഗലം റേഞ്ച്) കുട്ടമ്പുഴ, പൂയംകുട്ടി മണികണ്ഠൻചാൽ, ഉറിയംപെട്ടി, കല്ലേലിമേട്, കുഞ്ചിപ്പാറ, തലവച്ചുപറ, വാരിയം, തേര എന്നീ മേഖലകൾ മലയാറ്റൂർ ഡിവിഷനിൽനിന്നും (കുട്ടമ്പുഴ റേഞ്ച്, വാരിയം, തേര ഇടമലയാർ റേഞ്ച്) മാറ്റുകയും, വടാട്ടുപാറ (തുണ്ടം റേഞ്ച്), തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ അതിർത്തി പുനർനിർ നിർണയിക്കുമ്പോൾ ഒഴിവാകുന്ന പ്രദേശങ്ങൾ (ഇടുക്കി വൈൽഡ് ലൈഫ്) കൂടി കോതമംഗലം ഡിവിഷന്റെ ഭാഗമാക്കിയാൽ കുട്ടമ്പുഴ വില്ലേജ് മുഴുവനായും ഒറ്റ ഡിവിഷന്റെ പരിധിയിൽ വരും.
ഇപ്പോൾ കുട്ടമ്പുഴ നിവാസികൾ കോതമംഗലം ഡിവിഷന്റെ മുന്നിലൂടെ കുറഞ്ഞത് 80 -120 കിലോമീറ്റർ യാത്രചെയ്തുവേണം മലയാറ്റൂർ ഡിവിഷനിലും മൂന്നാർ ഡിവിഷനിലും (ദേവികുളം) ഇടുക്കി വൈൽഡ് ലൈഫിലും എത്താൻ.
പെരുമൂഴി സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽനിന്നു ഭരണപരമായ കാര്യങ്ങൾക്കായി ജീവനക്കാർ വാരിയം, തേര ഉന്നതികളിൽ എത്താൻ 200 കിലോമീറ്റർ യാത്ര ചെയ്യണം. കുട്ടമ്പുഴ വില്ലേജ് പൂർണമായി കോതമംഗലം ഡിഎഫ്ഒയുടെ അധികാരത്തിനു കീഴിൽ കൊണ്ടുവന്നാൽ വനം കേസുകൾ അടക്കം മുവാറ്റുപുഴ റവന്യു ഡിവിഷന്റെ പരിധിയിലും വരും.
5000ത്തിൽ അധികം ആദിവാസികളടക്കം അധിവസിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് നടപ്പാകാൻ പോകുന്നത്.
Tags :