കാർഡമം കോൺക്ലേവ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
കട്ടപ്പന: ജില്ലയിലെ സിഎച്ച്ആറിലേത് ഉൾപ്പെടെയുള്ള ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. പ്ലാന്റേഴ്സ് ക്ലബ് പുളിയന്മലയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാർഡമം കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളതാണ്. സിഎച്ച്ആർ പൂർണമായും റവന്യു വകുപ്പിന്റേതാണ്. കോടതികളിലെ ഇതു സംബന്ധിച്ചുള്ള കേസുകളിൽ കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ റവന്യു, വനം വകുപ്പു മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് പ്രശ്ന പരിഹാരമുണ്ടാക്കും. ഏലം കൃഷിക്ക് അനുവദിച്ചിട്ടുള്ള കുത്തകപാട്ട ഭൂമിയുടെ കരം സ്വീകരിക്കുന്നതിലെ തടസം പരിഹരിക്കും. ഭൂമി സർക്കാർ ഏറ്റെടുക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി പി.സി. സിറിയക്, എംഎൽഎമാരായ റോയി കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, എഫ്. രാജ, കന്പം എംഎൽഎ പി.എൽ.എ. ജഗനാഥ് മിശ്ര, ക്ലബ് പ്രസിഡന്റ് സിബി എബ്രഹാം, സെക്രട്ടറി റോബി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
കോൺക്ലേവിൽ എം.സി. ബോബൻ മോഡറേറ്ററായിരുന്നു. കെ.എസ്. ഫ്രാൻസിസ്, അഡ്വ. ഷൈൻ വർഗീസ്, അഡ്വ. പി.ആർ. സന്തോഷ് എന്നിവർ വിഷയാവതരണം നടത്തി.
Tags : land issues NattuVishasham DistrictNews