കാഞ്ഞങ്ങാട്: മഴ മാറി കാർഷികവിളകളിൽ പലതിനും വളം ചേർക്കേണ്ട സമയമായപ്പോഴേക്കും രാസവളങ്ങളുടെ വില വീണ്ടും ഉയരുന്നു. ഒരു ചാക്ക് ഫാക്ടംഫോസിന് 50 രൂപയാണ് കഴിഞ്ഞ ദിവസം വീണ്ടും കൂടിയത്.
1425 രൂപയായിരുന്നത് 1475 രൂപയായി. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ മാത്രം ഒരു ചാക്ക് ഫാക്ടംഫോസിന് 125 രൂപയാണ് കൂടിയത്. ഇഫ്കോ വളത്തിന്റെ വില 1400 രൂപയിൽ നിന്ന് 1450 രൂപയായി. ഒരു ചാക്ക് പൊട്ടാഷിന് 1800 രൂപയായി. പൊട്ടാഷിന്റെ വിലയിൽ 400 രൂപയുടെ വർധനവാണ് ആറുമാസത്തിനിടെ ഉണ്ടായത്.
കേന്ദ്ര സർക്കാർ രാസവളങ്ങൾക്ക് നൽകുന്ന സബ്സിഡിയിൽ ഗണ്യമായ കുറവ് വരുത്തിയതാണ് വില കൂടാൻ കാരണമായി പറയുന്നത്. 2023-24 വർഷം 65,199 കോടി രൂപ സബ്സിഡി ഇനത്തിൽ നൽകിയിരുന്നത് 2024-25 വർഷം 52,310 കോടിയായും ഈ സാമ്പത്തിക വർഷം 49,000 കോടിയായും വെട്ടിക്കുറച്ചതായി വളം നിർമാണ കമ്പനികൾ പറയുന്നു.
വർധിച്ചുവരുന്ന കൃഷിച്ചെലവുകൾക്കും കാർഷികോത്പന്നങ്ങളുടെ വിലയിടിവിനും വന്യജീവി ആക്രമണങ്ങൾക്കുമൊപ്പം രാസവളങ്ങളുടെ വില കൂടി കുത്തനെ ഉയരുന്നത് കർഷകർക്ക് നിരാശയാകുകയാണ്. ജൈവവളങ്ങളുടെ കാര്യത്തിലും വില ഉയർന്നുതന്നെ നിൽക്കുകയാണ്. ജൈവവളങ്ങൾ കൂടിയ അളവിൽ ഉപയോഗിക്കേണ്ടിവരുമെന്ന പ്രശ്നവുമുണ്ട്.
തേങ്ങയ്ക്കും കൊപ്രയ്ക്കും വില ഉയർന്നുതന്നെ നിൽക്കുന്നതിനാൽ ഇത്തവണ തെങ്ങിൻതോട്ടങ്ങളിലുൾപ്പെടെ വളപ്രയോഗം നടത്താൻ മിക്കവാറും കർഷകർ ഒരുങ്ങിയതാണ്. കമുകിൻതോട്ടങ്ങളിൽ കൃത്യമായി വളങ്ങളും മരുന്നുകളും നൽകിയില്ലെങ്കിൽ വരുംവർഷം ഉത്പാദനക്കുറവും രോഗബാധയും കൂടുതലായേക്കാമെന്ന ആശങ്കയുമുണ്ട്. നേന്ത്രവാഴ കർഷകരും വേനൽക്കാല പച്ചക്കറി കൃഷി നടത്തുന്നവരുമെല്ലാം വളങ്ങളുടെ വിലയ്ക്കു മുന്നിൽ പകച്ചുനിൽക്കുകയാണ്.