തൊടുപുഴ: സമീപനാളിലെ ഏറ്റവും ഉയര്‍ന്ന തോതില്‍ റബര്‍ വിലയെത്തിയെങ്കിലും അതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.വേനലില്‍ ടാപ്പിംഗ് നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ ഉത്പാദനമില്ലാത്തതാണ് ഇതിനു കാരണം.
ഇന്നലെ ആര്‍എസ്എസ് ഗ്രേഡ്-നാലിന് കിലോയ്ക്ക് 230 രൂപയാണ് റബര്‍ ബോര്‍ഡ് വില. എന്നാല്‍ കര്‍ഷകര്‍ക്ക് ഈ വില ലഭിക്കാറില്ല. സാധാരണ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ടാപ്പിംഗ് നിര്‍ത്തിവയ്ക്കുന്നത്. ഇതിനു ശേഷമാണ് വില ഇത്രയും ഉയര്‍ന്നത്. സമീപ നാളിലെങ്ങും വിലയില്‍ കാര്യമായ വര്ധനവുണ്ടാകാത്തതുമൂലം കര്‍ഷകര്‍ റബര്‍ സ്റ്റോക്ക് ചെയ്തിരുന്നില്ല.
ടാപ്പിംഗ് തൊഴിലാളികളുടെ ക്ഷാമംമൂലം ഷീറ്റാക്കുന്നതിനു പകരം കൂടുതല്‍ പേരും ലാറ്റക്സാക്കുകയാണ്. ഇത് അധികനാള്‍ സ്റ്റോക്ക് ചെയ്യാറില്ലാത്തതിനാല്‍ നിലവിലെ വിലവര്‍ധന സാധാരണ കര്‍ഷകനു പ്രയോജനപ്പെടാത്ത സാഹചര്യമാണ്.ഇത്തവണ വേനല്‍മഴ കൂടുതലായി ലഭിച്ചതിനാല്‍ ടാപ്പിംഗ് നേരത്തേപുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
എന്നാല്‍ ഉത്പാദനം പുനരാരംഭിക്കുന്നതോടെ വില കുറയാനുള്ള സാധ്യത കൂടുതലാണ്. കൃഷി നഷ്ടത്തിലായതിനാല്‍ നിരവധികര്ഷകര് റബര്വെട്ടിനീക്കി മറ്റുകൃഷികളിലേക്ക് തിരിഞ്ഞ സാഹചര്യമാണുള്ളത്.