പത്തനംതിട്ട: ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവം ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ പൊലിസ് സജ്ജമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിലയ്ക്കലില്‍ ചേര്‍ന്ന ശബരിമല അവലോകന യോഗത്തില്‍ വിവിധ വകുപ്പുകളുടെ സുരക്ഷാമുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി.
തീര്‍ഥാടനം സുഗമമാക്കുന്നതില്‍ പൊലിസിന്റെ പങ്ക് പ്രധാനമാണ്. സന്നിധാനം, പമ്പ നിലയ്ക്കല്‍ എന്നീ മൂന്നു മേഖലകളായി തിരിച്ചാണ് പ്രവര്‍ത്തനം. എഡിജിപി (ക്രമസമാധാനം) പി. വിജയനാണ് ശബരിമല പോലിസ് നോഡല്‍ ഓഫിസര്‍. 10 മുതല്‍ 12 ദിവസം വരെ ദൈര്‍ഘ്യമുള്ള ആറ് ഘട്ടങ്ങളായാണ് പൊലിസ് വിന്യാസം. ഓരോ ഘട്ടത്തിലും മൂന്നു സ്ഥലങ്ങളിലും എസ്പി റാങ്കിലുള്ള സ്പെഷ്യല്‍ ഓഫിസറെയും അഡീഷണല്‍ എസ്പി, സീനിയര്‍ ഡിവൈഎസ്പി റാങ്കിലുള്ള അസിസ്റ്റന്റ്് സ്പെഷൽ ഓഫിസറെയും നിയോഗിക്കും.
എരുമേലിയില്‍ തിരക്ക് നിയന്ത്രണം, വാഹനങ്ങളുടെ പാര്‍ക്കിംഗ്, ട്രാഫിക് നിയന്ത്രണം എന്നിവയ്ക്കായി നടപടി സ്വീകരിക്കും. പരമ്പരാഗത പാതകളായ എരുമേലി - പമ്പ, വണ്ടിപ്പെരിയാര്‍ - പുല്‍മേട്, വണ്ടിപ്പെരിയാര്‍ - സ്പെന്‍സര്‍ ജംഗ്ഷന് -ശബരിമല എസ്റ്റേറ്റ് - സത്രം - പുല്ലുമേട്, സത്രം - വള്ളക്കടവ് - കാക്കിക്കവല - വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലും ഭക്തജനങ്ങളുടെ തിരക്ക് അനുഭവപ്പെടുന്ന ഉപ്പുപാറ, പുല്ലുംപാറ, കോഴിക്കാനം, മുക്കുഴി, കാളകെട്ടി, അഴുത, സത്രം, പരുന്തന്‍പാറ എന്നിവിടങ്ങളിലും ആവശ്യമായ പോലിസ് സാന്നിധ്യം ഉറപ്പാക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവടങ്ങളില്‍ സിസിടിവി സംവിധാനം ശക്തമാക്കും.
സന്നിധാനം, പമ്പ എന്നിവടങ്ങളലെ കെട്ടിടങ്ങളുടെയും താല്‍ക്കാലിക ഷെഡുകളുടെയും ഫിറ്റ്നെസ് പൊതുമരാമത്ത് കെട്ടിട വിഭാഗം പരിശോധിച്ച് ഉറപ്പാക്കണം. നിലയ്ക്കലിലെ റോഡ്, പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവയുടെ അറ്റകുറ്റപ്പണി ദേവസ്വം ബോര്‍ഡ് അടിയന്തരമായി പൂര്‍ത്തിയാക്കണം. പുല്ലുമേട്ടിലും മറ്റ് അപകട സാധ്യതയുള്ള ഇടങ്ങളിലും ആരോഗ്യവകുപ്പിന്റെയും അഗ്നി സുരക്ഷ വകുപ്പിന്റെയും സേവനം ഉറപ്പാക്കും. കേരളത്തിന് പുറത്തുനിന്നെത്തുന്ന തീര്‍ഥാടകര്‍ക്കായി നെടുമ്പാശേരി വിമാനത്താവളത്തിലും ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷനിലും റിസപ്ഷന് ഓഫിസ് ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പഴകുളം മധു എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡിജിപി റവാഡ ചന്ദ്രശേഖർ, എഡിജിപി (ക്രമസമാധാനം) യും ശബരിമല പൊലിസ് നോഡൽ ഓഫിസറുമായ പി. വിജയൻ, എഡിജിപി (ഇന്റലിജിന്‍സ് ) ദിനേന്ദ്ര കശ്യപ്, ദക്ഷിണമേഖല ഐജി പി. പ്രകാശ്, പത്തനംതിട്ട ജില്ലാ കളക്ടർ എ.നിസാമുദ്ദീന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, പത്തനംതിട്ട എസ്പി ആര്. ആനന്ദ്, ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കര, ദേവസ്വം കമ്മിഷണര്‍ ബി. സുനില്‍കുമാർ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശബരിമല പൂങ്കാവന പ്രദേശം മദ്യം,
മയക്കുമരുന്ന് വിമുക്ത മേഖലയായി പ്രഖ്യാപിച്ചു
പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പൂങ്കാവന പ്രദേശം മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങളുടെ വില്പനയും ഉപഭോഗവും നിരോധിച്ച മേഖലയായി പ്രഖ്യാപിച്ച് ഉത്തരവായി. 15 മുതല്‍ 2027 ജനുവരി 20 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ താല്‍ക്കാലിക എക്സൈസ് റേഞ്ച് ഓഫിസുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. പമ്പ കേന്ദ്രീകരിച്ച് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള കണ്ട്രോള് റൂം നവംബര്‍ 15 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
റാന്നി താലൂക്കിലെ പെരുനാട് വില്ലേജില്‍ ഉള്‍പ്പെടുന്ന ചാലക്കയം, പമ്പ, പമ്പ റിവർ, ത്രിവേണി, കരിമല, ചെറിയാനവട്ടം, വലിയാനവട്ടം, നീലിമല, ശബരിപീഠം, മരക്കൂട്ടം, സന്നിധാനം, കുമ്പളാംതോട്, ഒരക്കുഴി, പ്ലാപ്പള്ളി, നിലയ്ക്കൽ, അട്ടത്തോട്, കൊല്ലമൂഴി എന്നീ പ്രദേശങ്ങളിലും കൊല്ലമുള വില്ലേജിലെ പമ്പാവാലിയിലും (അരയാഞ്ഞിലിമണ്‍ ഒഴികെ) നിരോധനം ബാധകമാണ്.
പമ്പ, നിലയ്ക്കൽ, അട്ടത്തോട്, ആങ്ങമൂഴി, ഗവി, കോന്നി, റാന്നി താലൂക്കുകളിലെ വനമേഖലകള്‍ എന്നിവിടങ്ങളില്‍ എക്സൈസ്, പൊലിസ്, വനംവകുപ്പ് സംയുക്ത പരിശോധനകളും റെയ്ഡുകളും നടത്തിവരുന്നു. മദ്യനിരോധനം സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ വിവിധ ഭാഷകളില്‍ പൂങ്കാവന പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. മണ്ണാറക്കുളഞ്ഞി മുതല്‍ പമ്പ വരെ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും വാഹനപരിശോധന നടത്തും.
എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രണ്ട് സ്ട്രൈക്കിങ് യൂണിറ്റുകളെയും നിയോഗിച്ചിട്ടുണ്ട്. തീര്‍ഥാടകരും വ്യാപാരികളും ഉൾപ്പടെ ശബരിമല, പമ്പ, നിലയ്ക്കല്‍ മേഖലകളിലെത്തുന്ന എല്ലാവരും നിരോധനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കണം.
മദ്യ-മയക്കുമരുന്ന് സംബന്ധമായ വിവരങ്ങള്‍ ജില്ലാ കണ്ട്രോള് റൂം നമ്പരായ 0468-2222873 ലും ടോള്‍ ഫ്രീ നമ്പരായ 155358 ലും അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ എം. സൂരജ് അറിയിച്ചു.