സഹൃദയ ആശുപത്രി ആരംഭിച്ച മധുരയാത്ര എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് മാളിയേക്കൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ആലപ്പുഴ: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് പ്രമേഹത്തെക്കുറിച്ചുള്ള ബോധവത്കരണവും സൗജന്യ പരിശോധനകളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സഹൃദയ ആശുപത്രി ആരംഭിച്ച മധുരയാത്രയ്ക്ക് തുടക്കമായി. ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് മാളിയേക്കൽ ഫ്ലാഗ് ഓഫ് നിർവഹിച്ചു. അസി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ചാക്കോ ഇടമുറിയിൽ, വിവിധ വിഭാഗം ഇൻചാർജുമാർ, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
യാത്രയുടെ ഭാഗമായി ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മുഹമ്മ, മണ്ണഞ്ചേരി തുടങ്ങിയ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്കായി സൗജന്യ പ്രമേഹ പരിശോധനയും ഡയറ്റീഷ്യന്റെ നേതൃത്വത്തിൽ ഭക്ഷണക്രമത്തെക്കുറിച്ചുള്ള സൗജന്യ കൗൺസലിംഗും നൽകും. പ്രമേഹത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ, രോഗസാധ്യത കുറയ്ക്കുന്നതിനുള്ള ജീവിതശൈലി നിർദേശങ്ങൾ, ലഘുലേഖ വിതരണം എന്നിവയും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. ഡയറ്റീഷ്യൻ ഹിമയുടെ നേതൃത്വത്തിലാണ് ബോധവത്കരണ പ്രവർത്തനങ്ങൾ.
പ്രമേഹം നേരത്തേ തിരിച്ചറിയേണ്ടതിന്റെയും കൃത്യമായ ഭക്ഷണക്രമം, വ്യായാമം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയിലൂടെ രോഗസാധ്യത കുറയ്ക്കേണ്ടതിന്റെയും പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മധുരയാത്രയിലൂടെ ഏകദേശം ആയിരത്തോളം പ്രമേഹ പരിശോധനകൾ നടത്താനാണ് ലക്ഷ്യമിടുന്നത്.
പൊതുജനങ്ങളിലേക്ക് ആരോഗ്യസേവനങ്ങൾ നേരിട്ടെത്തിക്കുന്നതിനുള്ള തുടക്കമാണ് മധുരയാത്രയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വരും വർഷങ്ങളിലും വിവിധ ഘട്ടങ്ങളിലായി പദ്ധതി തുടർന്നുകൊണ്ട് കൂടുതൽ ഉൾപ്രദേശങ്ങളിലേക്ക് പ്രമേഹ പരിശോധനാ സേവനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും വ്യാപിപ്പിക്കാനാണ് ആശുപത്രിയുടെ ലക്ഷ്യം.
Tags : Sahrudaya Hospital Nattuvishesham DistrictNews