പ്രതീകാത്മക ചിത്രം
മലപ്പുറം: സ്ത്രീകള്‍ക്ക് സുരക്ഷിതമായും സന്തോഷകരമായും ഒരുമിച്ച് യാത്ര ചെയ്യുന്നതിനുള്ള കുടുംബശ്രീ സംരംഭമായ ഷീ എക്സ്പ്ലോര്‍ ലേഡീസ് സ്ട്രേഞ്ചേഴ്സ് ട്രിപ്പ് കുറുവ ഗ്രാമപഞ്ചായത്തില്‍ തുടക്കം. കുറുവ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സംരംഭത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുല്‍ സലാം നിര്‍വഹിച്ചു.
സ്ത്രീകള്‍ക്ക് കൂട്ടായ്മയിലൂടെ പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും യാത്രാനുഭവങ്ങള്‍ പങ്കുവയ്ക്കാനും അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വ്യത്യസ്ത പാക്കേജുകളിലായി യാത്രകള്‍ സംഘടിപ്പിക്കും.
യാത്രയില്‍ താത്പര്യമുള്ള സ്ത്രീകള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ യാത്രകള്‍ ആസൂത്രണം ചെയ്യുന്നതിനും പുതിയ സൗഹൃദങ്ങള്‍ രൂപപ്പെടുത്തുന്നതിനും സംരംഭം സഹായകമാകും. സ്ത്രീകളുടെ സുരക്ഷയ്ക്കും കൂട്ടായ യാത്രാനുഭവങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
സിഡിഎസ് ഓഫിസില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡനന്റ് എം. സുലൈഖ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി.ടി. മുംതാസ്, കുടുംബശ്രീ സിഡിഎസ് പ്രസിഡന്റ് രജിത, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുധ എന്നിവര്‍ പ്രസംഗിച്ചു.
Tags :