ആറ്റിങ്ങലിൽ നിർമാണം പൂർത്തിയാക്കിയ സിറോ വേസ്റ്റ് സ്ലോട്ടർ കെട്ടിടം.
ആറ്റിങ്ങൽ: നഗരത്തിൽ മാലിന്യരഹിത അറവുശാല സജ്ജമാകുന്നു. കിഫ്ബി മുഖേന 4.96 കോടി രൂപ ചെലവഴിച്ചാണ് ആറ്റിങ്ങൽ നഗരസഭ ആധുനിക മാലിന്യ രഹിത അറവ് ശാല നിർമ്മിക്കുന്നത്.
പഴയ അറവുശാല സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് അത്യാധുനിക യന്ത്രസംവിധാനങ്ങളോടു കൂടിയ മോഡേൺ സ്ലോട്ടർ ഹൗസ് നിർമിച്ചത്. എൽഎസ്ജിഡി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഇംപാക്ട് കേരള എന്ന എൻജിനിയറിംഗ് വിഭാഗമാണ് നിർമാണത്തിനു മേൽനോട്ടം വഹിക്കുന്നത്. കർണാടക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എംആർ ഫാംസ് എന്ന ഏജൻസിക്കാണ് അറവുശാലയുടെ പ്രവർത്തന ചുമതല.
ഡിസൈൻ ബിൽട്ട് ഒാപ്പറേറ്റ് ട്രാൻസ്ഫർ എന്ന വ്യവസ്ഥയിലാണ് നിർമാണം. ഇതനുസരിച്ച് ആദ്യ 10 വർഷത്തേക്ക് ഏജൻസിക്കാണ് അറവുശാലയുടെ പ്രവർത്തന ചുമതല. ഒരു ദിവസം 30 മൃഗങ്ങളെ കശാപ്പുചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ട്. രക്തം, ചാണകം, ഗോമൂത്രം തുടങ്ങിയവ പ്രത്യേകം നിർമിച്ച ട്രീറ്റ്മെന്റ് പ്ലാന്റിലൂടെ കടത്തിവിട്ട് സംസ്കരിക്കും.
ഒരു ദിവസം അമ്പതിനായിരം ലിറ്റർവരെ ദ്രവമാലിന്യം ശുദ്ധീകരിക്കാൻ ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റും ഒന്നര ടൺ ഇറച്ചി മാലിന്യം സംസ്കരിക്കത്തക്കവിധത്തിലുള്ള ബയോ ഗ്യാസ് പ്ലാന്റും പുതിയ അറവുശാലയിലുണ്ട്.
കമ്മീഷനിംഗ് പൂർത്തിയാക്കി ട്രയൽ റൺ നടത്തിയ ശേഷം ഇവിടെ സ്ഥാപിച്ചിട്ടുള്ള ട്രീറ്റ്മെന്റ് പ്ലാന്റിലൂടെ മാലിന്യം ശുദ്ധീകരിച്ചു വരുന്നതിന്റെ ഫലം പൊല്യൂഷൻ കൺട്രോൾ ബോഡിന്റെ പരിശോധനയിലൂടെ ഉറപ്പു വരുത്തിയ ശേഷമായിരിക്കും മോഡേൺ സീറോ വേസ്റ്റ് സ്ലോട്ടർ ഹൗസ് പ്രവർത്തനം ആരംഭിക്കുന്നത്.
Tags : Nattuvishesham DistrictNews DeepikaNews Slaughterhouse