തൊടുപുഴ: നല്ല ലക്ഷ്യത്തോടെയെങ്കിലും മുന്നറിയിപ്പില്ലാതെ ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റിനുള്ള സോഫ്റ്റ്വേറില് മാറ്റംവരുത്തിയത് വിനയായി. ഇതോടെ ടെസ്റ്റ് തടസപ്പെട്ടു. ഇന്നലെ വിവിധ ആര്‍ടി ഓഫീസുകള്‍ക്കു കീഴില്‍ നടന്ന ലേണേഴ്സ് ടെസ്റ്റാണ് മുടങ്ങിയത്. ടെസ്റ്റിനായി ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ ബ്രൗസറുകളില്‍ വരുത്തിയ മാറ്റമാണ് ടെസ്റ്റ് മുടങ്ങാനിടയാക്കിയത്. പുതുതായി സോഫ്റ്റ്വേറില് ഏര്‍പ്പെടുത്തിയ മാറ്റം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിചയമില്ലാത്തതെ വന്നതാണ് ഇതിനു കാരണം.
നിലവില്‍ ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്സ് തുടങ്ങിയ ബ്രൗസറുകളാണ് ലേണേഴ്സ് ടെസ്റ്റിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇതില്‍നിന്നു ഭിന്നമായി സേവ് എക്സാം ബ്രൗസര്‍ ഉപയോഗിച്ച് ഇന്നലെ മുതല്‍ പരീക്ഷ നടത്താനായിരുന്നു നിര്‍ദേശം. ഓണ്‍ലൈന്‍ പരീക്ഷകളില്‍ ഉപയോഗിക്കുന്ന ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍ ആസംവിധാനം ആണിത്.
എന്നാല്‍, ലേണേഴ്സ് ടെസ്റ്റ് പുതിയ സോഫ്റ്റ്വേര്‍ സംവിധാനത്തിലേക്കു മാറിയത് ഉദ്യോഗസ്ഥരില്‍ ആശയക്കുഴപ്പമുണ്ടാക്കി. പുതിയ രീതിയില്‍ ടെസ്റ്റ് നടത്താനുള്ള പരിശീലനം പോലും നല്‍കാതെയാണ് മുന്നറിയിപ്പില്ലാതെ പരീക്ഷ മാറ്റിയത്. ഇതോടെ ടെസ്റ്റ് നടത്താനാവാതെ ഉദ്യോഗസ്ഥര്‍ കുഴങ്ങി. ടെസ്റ്റിനായി എത്തിയവരും വെട്ടിലായി.
തൊടുപുഴ ജോയിന്റ് ആര്‍ടി ഓഫീസിനു കീഴില്‍ അമ്പതോളം പേരാണ് ഇന്നലെ ലേണേഴ്സ് ടെസ്റ്റിനായി എത്തിയത്. ഇവര്‍ക്കായി ഇന്നു വീണ്ടും നിലവിലുണ്ടായിരുന്ന രീതിയില്‍ തന്നെ ടെസ്റ്റ് നടത്താനാണ് തീരുമാനം. സോഫ്റ്റ്വേറിലെ മാറ്റം മൂലം സംസ്ഥാനത്താകെ ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റ് തടസപ്പെട്ടതായാണ് വിവരം.
Tags :