തിരൂര്‍ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗം
തിരൂര്‍: ജില്ലാ ആശുപത്രിയില്‍ വിപുലമായ സൗകര്യങ്ങളോടെ അത്യാഹിത വിഭാഗം ഒരുങ്ങി. ഓങ്കോളജി ബ്ലോക്കില്‍ സജ്ജീകരിച്ച പുതിയ കാഷ്വാലിറ്റിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ ഒന്‍പതിന് മന്ത്രി കെ. മുരളീധരന് നിര്‍വഹിക്കും. എംഎല്‍എമാരായ കുറുക്കോളി മൊയ്തീന്, വി.എസ്. ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, നഗരസഭാ ചെയര്മാന് ഇബ്രാഹിം ഹാജി, ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആശുപത്രി വികസന സമിതി യോഗത്തിലും മന്ത്രി പങ്കെടുക്കും.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒന്നരക്കോടിയോളം രൂപ ചെലവഴിച്ചാണ് അത്യാധുനിക ഉപകരണങ്ങളും 750 കിലോവാട്ട് ജനറേറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. വെന്റിലേറ്റര്‍, ഡീഫിബ്രിലേറ്റര്‍, മള്‍ട്ടി പാര മോണിറ്റര്‍, സി-പാപ് തുടങ്ങിയ ജീവന്‍രക്ഷാ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.
രോഗികളുടെ അടിയന്തര സ്വഭാവവും തീവ്രതയും അനുസരിച്ച് വേഗത്തില്‍ പരിചരണം ഉറപ്പാക്കാന്‍ ട്രയേജ് സംവിധാനവും ചുവപ്പ്, മഞ്ഞ, പച്ച സോണുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഒന്നരക്കോടി രൂപ വിനിയോഗിച്ച് ട്രോമാകെയര്‍ വിഭാഗവും ഐസിയുവും സജ്ജമാക്കുന്നതോടെ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്കുള്ള റഫറലുകള്‍ 70 ശതമാനത്തോളം കുറയ്ക്കാനാകും.
പുതിയ അത്യാഹിത വിഭാഗത്തിന് മുന്നിലായി ഉച്ചയ്ക്ക് ഒന്ന് മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുന്ന ഈവനിംഗ് ഒപി സേവനവും ആരംഭിക്കും. കൂടാതെ രോഗികളുടെ തിരക്ക് നിയന്ത്രിക്കാന്‍ മൂന്ന് പുതിയ കൗണ്ടറുകള്‍ കൂടി പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്.
നിലവില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സൂപ്രണ്ട് ഓഫിസ് പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന വിധത്തില്‍ കാഷ്വാലിറ്റിയുടെ ഒന്നാം നിലയിലേക്ക് മാറ്റും.
Tags :