ഹരിതകര്‍മ്മ സേനക്കാര്‍ മഠത്തുനട സാഗര റസി. അസോസിയേഷന്‍ പരിധിയിലെ റോഡുവശത്ത് കൂട്ടിവച്ചിരിക്കുന്ന ചാക്കുകെട്ടുകള്‍. ഇതിനുള്ളില്‍ തുണികളുടെ അവശിഷ്ടങ്ങളും കാണാനാകും.
പേരൂര്‍ക്കട: തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ കുടുംബശ്രീ വഴി രൂപീകരിച്ച ഹരിതകര്‍മ സേനാംഗങ്ങള്‍ കുറച്ചുകൂടി ഉഷാറാകണമെന്ന് പൊതുജനങ്ങളുടെ ആവശ്യം. ഇവര്‍ വീടുകളില്‍ നിന്നു ശേഖരിക്കുന്ന സംസ്‌കരിക്കപ്പെടാത്ത മാലിന്യങ്ങള്‍ നായ്ക്കള്‍ വലിച്ചെടുത്ത് വഴിയോരങ്ങള്‍ തോറും കൊണ്ടിടുന്നതാണ് പരാതിക്ക് ഇടയാക്കുന്നത്.
വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്, കടലാസുകള്‍, ലോഹം, ഗ്ലാസുകള്‍, ഇ-വേസ്റ്റുകള്‍ എന്നിവയെല്ലാം ചാക്കുകളില്‍ കെട്ടിയാണ് ഓരോ മൂലയ്ക്ക് സൂക്ഷിച്ചുവയ്ക്കുന്നത്. ഈ മാലിന്യത്തിന്റെ മറപിടിച്ച് വേസ്റ്റ് തുണികളും മറ്റും കൊണ്ടിടുന്ന വിരുതന്മാര്‍ നിരവധിയാണ്.
ഭക്ഷണമാലിന്യമെന്നു കരുതി നായ്ക്കള്‍ ഇതു കടിച്ചെടുത്തു കൊണ്ടുപോകുന്നുണ്ട്. ഭക്ഷണത്തിന്റെ ഗന്ധം ഇതില്‍ എവിടെയെങ്കിലും അനുഭവപ്പെടുന്നതാകാം കാരണം. വാഹനങ്ങള്‍ സഞ്ചരിക്കുന്ന സ്ഥലങ്ങളില്‍ പുലര്‍ച്ചെ മുതല്‍ ചാക്കുകെട്ടുകള്‍ കാണാന്‍ സാധിക്കും. സംസ്‌കരിക്കുന്നതിനായി ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണ് ഇവര്‍ ചാക്കുകെട്ടുകളിലാക്കി താല്‍ക്കാലികമായി ഒരു ഒഴിഞ്ഞ കോണില്‍ വയ്ക്കുന്നത്.
എന്നാല്‍ ഇതു മാലിന്യം കൊടുത്ത് ഒഴിക്കുന്ന പൊതുജനങ്ങള്‍ക്കുതന്നെ ശല്യമായി മാറുന്നുണ്ട്. തിരുവനന്തപുരം നഗരസഭയില്‍ മാത്രം 1139 പേരാണ് ഹരിതകര്‍മ്മ സേനയില്‍ അംഗങ്ങളായുള്ളത്. ഇവരില്‍ 90 ശതമാനം പേരും സ്ത്രീകളുമാണ്. പ്ലാസ്റ്റിക് മാലിന്യശേഖരണത്തിന് 100 രൂപയാണ് മാസംതോറും വീടുകാര്‍ നല്‍കേണ്ടുന്നത്. ചില വാര്‍ഡുകളില്‍ ഭക്ഷണമാലിന്യമെടുക്കുന്നതിന് 300 രൂപയുംകൂടി നല്‍കുന്നുണ്ട്.