പത്തനംതിട്ട: പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനയേ തുടർന്ന് ടാറിനും വിലയേറിയതോടെ റോഡ് നിർമാണത്തിന് ചെലവ് കൂടുമെന്ന് കരാറുകാർ. വില കൂടുന്നതിന് മുൻപ് ഏറ്റെടുത്ത കരാർ പ്രകാരം നിർമാണം തുടങ്ങിയ മേഖലകളിൽ പ്രതിസന്ധി ഉയർന്നു. എണ്ണവില കൂടുന്നതിനൊപ്പം ടാറിന് നിലവിലുള്ളതിന്റെ ഇരട്ടിയോളം വിലയേറും. അറ്റകുറ്റപ്പണികൾ നടക്കുന്ന ജില്ലയിലെ ശബരിമല പാതകളിലടക്കം നിർമാണത്തിൽ ഗുണനിലവാരം കുറവാണെന്ന് നാട്ടുകാരും പരാതിപ്പെടുന്നു.
ഗ്രാമീണ റോഡുകളുടെ നിർമണത്തെച്ചൊല്ലി കരാറുകാരും നാട്ടുകാരുമായി തർക്കം പതിവായിരിക്കുകയാണ്. ടാറിന്റെ വില താങ്ങാവുന്നതിനും അപ്പുറമാണെന്ന് കരാറുകാർ ചൂണ്ടിക്കാട്ടുന്നു. റോഡ് നിർമാണത്തിന്റെ ആകെ ചെലവിന്റെ നാല്പത് ശതമാനം ടാറിന്റേതാണ്. ഗുണനിലവാരം ഉറപ്പാക്കാൻ ഗ്രാമീണ റോഡുകളുടെ ഉൾപ്പെടെ നിർമാണം ബിഎം, ബിസി നിലവാരത്തിലേക്ക് ഉയർത്തിതോടെ പഴയ രീതിയേക്കാൾ നാലിരട്ടി ടാർ അധികം വേണ്ടിവരും.
ശബരിമല റോഡു പണികൾ തടസപ്പെടും
ശബരിമല തീർഥാടന ഒരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ റോഡുകളുടെ പുനർനിർമാണവും അറ്റകുറ്റപ്പണികളും തുടങ്ങിയിട്ടുണ്ട്. നേരത്തേ നൽകിയ കരാർ പ്രകാരമുള്ള തുകയ്ക്ക് തുടർ നിർമാണം നടത്താനാകില്ലെന്ന കരാറുകാരുടെ നിലപാട്.
ടാറിന്റെ വില വ്യത്യാസം എൽഎസ്ജിഡി ഉൾപ്പെടെ എല്ലാ വകുപ്പുകളിലും നൽകുന്നില്ലെങ്കിൽ ശബരിമല റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ ഒരു റോഡ് ടാറിംഗ് പണിയും പുനരാരംഭിക്കാനാകില്ലെന്നു ഇവർ പറയുന്നു. പണി പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞാലും കേരളത്തിലെ കരാറുകാർക്ക് ബില്ല് തുക ലഭിക്കാറില്ല. പണിതീർന്ന് ഒരു മാസത്തിനുള്ളിൽ 18 ശതമാനം ജിഎസ്ടി വിഹിതം കരാറുകാർ അടയ്ക്കണമെന്നത് അന്യായമാണെന്നും കരാറുകാർ പറഞ്ഞു. കുറഞ്ഞ തുകയ്ക്ക് കരാറെടുത്ത ജോലികൾ മുന്പോട്ടു കൊണ്ടുപോകാനാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കരാർ തുകയിൽ മാറ്റമില്ല, പരിശോധനയ്ക്ക് ഉദ്യോഗസ്ഥരുമില്ല
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നാണ് ടാറിന്റെ വിലയിൽ ഇരട്ടിയായി വർധിച്ചത്. ബാരലിന് 9000 രൂപയായിരുന്നത് 18000 ആയി. വിലക്കയറ്റത്തിന് അനുസരിച്ച് കരാർ തുകയിൽ മാറ്റം വരുത്താത്തതാണ് പ്രതിസന്ധിക്കു കാരണം.
വില വ്യതിയാന വ്യവസ്ഥ നടപ്പാക്കണമെന്ന ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചതാണ്. എന്നാൽ, നടപ്പാക്കിയില്ല. ദേശീയ പാതകളുടെ നിർമാണത്തിൽ കേന്ദ്ര സർക്കാർ വില വ്യതിയാന വ്യവസ്ഥ നടപ്പാക്കിയിട്ടുണ്ട്.
ടാറിന്റെ വിലയേറിയതോടെ പണികളിൽ ഗുണനിലവാരം ഉറപ്പാക്കാൻ കഴിയില്ലെന്ന് ആക്ഷേപമുണ്ട്. പ്രവൃത്തികൾ പരിശോധിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ എല്ലായിടത്തുമില്ല
Tags :