കേരള കോൺഗ്രസ് വെളിയനാട് മണ്ഡലം മെമ്പർഷിപ്പ് കാമ്പയിൻ റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
മങ്കൊമ്പ്: വെളിയനാട് ഗ്രാമപഞ്ചായത്തിലെ പ്രധാന പൊതുമരാമത്തു റോഡുകളായ കിടങ്ങറ-കാവാലം, കിടങ്ങറ-കണ്ണാടി റോഡുകളിലെ താഴ്ന്ന പ്രദേശങ്ങൾ ഉയർത്തി പുനർനിർമിക്കുവാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് റെജി ചെറിയാൻ എംഎൽഎ പറഞ്ഞു. കേരള കോൺഗ്രസ് വെളിയനാട് മണ്ഡലം മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ ചെറിയ വെള്ളപ്പൊക്കത്തിൽ പോലും റോഡുകളിൽ വെള്ളം കയറി ഗതാഗതം ദിവസങ്ങളോളം തടസപ്പെടുന്നുണ്ട്. കാവാലം, കണ്ണാടി, പുളിങ്കുന്ന് എൻജിനിയറിംഗ് കോളജ്, കായൽപ്പുറം, ചതുർഥ്യാകരി ഉൾപ്പടെയുള്ള പ്രദേശങ്ങളിലേക്കുള്ള ബസ് സർവീസുകളും നിരവധി സ്കൂൾ ബസുകളും ഉൾപ്പടെ നൂറു കണക്കിന് വാഹനങ്ങൾ ദിവസേന ഓടുന്ന പ്രധാന റോഡുകളിലാണ് ദിവസങ്ങളോളം ഗതാഗതം നിലയ്ക്കുന്നത്.
ഇതുമൂലം വെളിയനാട് പ്രദേശം ഒറ്റപ്പെടുന്ന നിലവിലെ സ്ഥിതിക്കു യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സണ്ണി കൽക്കിശേരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. സാബു തോട്ടുങ്കൽ, ജോസ് കോയിപ്പള്ളി, ചാക്കോച്ചൻ മൈലന്തറ, ജോർജ് ചന്ദ്രത്തുവാക്കൽ, അനിയച്ചൻ വലിയകുന്നേൽ, സനൽ മൂലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags :