The BJP
കുമളി: ടൗണിനോടു ചേർന്ന ജനവാസമേഖല റിസർവ് വനമായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരേ വനംവകുപ്പ് ഓഫിസിലേക്ക് ബിജെപി പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു. 2021 ജൂലൈ 27ന് സംസ്ഥാന സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനമാണ് പ്രദേശവാസികളിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
കുമളി വില്ലേജ് പരിധിയിലെ സർവേ നമ്പർ 46/24, 46/25, 46/26, 45/9 എന്നിവയിൽ ഉൾപ്പെടുന്ന 2.67 ഹെക്ടർ ജനവാസമേഖല റിസർവ് വനമായി പ്രഖ്യാപിക്കാനാണ് ഗൂഢനീക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായി പ്രദേശവാസികളെ വനംവകുപ്പ് സെറ്റിൽമെന്റ് ഓഫിസർ ഹിയറിംഗിന് വിളിച്ചതോടെയാണ് വിഷയത്തിന്റെ ഗൗരവം ജനങ്ങൾ തിരിച്ചറിഞ്ഞതെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ജില്ലയെ പൂർണമായും വനമാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. കുമളി ടൗൺ വനഭൂമിയാക്കി മാറ്റാനുള്ള വനംവകുപ്പിന്റെ നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും വിജ്ഞാപനം പിൻവലിക്കണമെന്നും കുമളിയെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിൽ ഇടതു-വലതു മുന്നണികൾക്ക് തുല്യപങ്കുണ്ടെന്നും ബിജെപി ആരോപിച്ചു.
ജനവാസ മേഖലയെ സംരക്ഷിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ പ്രദേശവാസികളെ അണിനിരത്തി വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നു പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ് പറഞ്ഞു. പാർട്ടി കുമളി ഏരിയാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് എ.വി. മുരളി, മണ്ഡലം പ്രസിഡന്റ് സനോജ് സരസൻ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ തോമസ് ചെറിയാൻ, രമണി ചന്ദ്രൻ, സജി വെമ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : The BJP Nattuvishesham Districtnews