പ്രതീകാത്മക ചിത്രം
ആലപ്പുഴ: കായൽ ടൂറിസം, പരമ്പരാഗത ഹൗസ്ബോട്ട് യാത്രകളിൽ നിന്ന് വൈവിധ്യമാർന്ന വിനോദസഞ്ചാര അനുഭവങ്ങളിലേക്ക് വ്യാപിക്കുന്നു. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂസ്, കുട്ടനാട് സഫാരി തുടങ്ങിയ പദ്ധതികൾ കായൽ യാത്രയെ പ്രകൃതിഭംഗി, പ്രാദേശിക സംസ്കാരം, നാടൻ ഭക്ഷണം എന്നിവയുമായി ബന്ധിപ്പിക്കുകയാണ്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തെ കണക്ക് പ്രകാരം ജലഗതാഗത വകുപ്പിന്റെ വേഗ ആലപ്പുഴ ബോട്ട് സർവീസിൽ യാത്ര ചെയ്തത് 12403 സഞ്ചാരികൾ.
54.07 ലക്ഷം രൂപയാണ് വരുമാനം. ഇതേ കാലയളവിൽ സീ കുട്ടനാട് ബോട്ട് സർവീസ് 7406 യാത്രക്കാരുമായി 30.46 ലക്ഷം രൂപ വരുമാനം നേടി. കുട്ടനാട് സഫാരി 4803 യാത്രക്കാരും, 42.47 ലക്ഷം രൂപ വരുമാനവും, സീ അഷ്ടമുടി 9434 യാത്രക്കാരും, 38.99 ലക്ഷം രൂപ വരുമാനവും നേടി.കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ സജീവമായ ഇടപെടലുകൾ വഴി ആലപ്പുഴ ഡിപ്പോയിൽ കൈവരിച്ചത് മികച്ച സാമ്പത്തിക നേട്ടമാണ്. സാധാരണക്കാർക്ക് വിമാനയാത്ര ഉൾപ്പെടെയുള്ള ലക്ഷദ്വീപ് പാക്കേജുകൾ, ആഡംബര കപ്പൽ (നെഫെർടിറ്റി) യാത്രകൾ, കൂടാതെ മൂന്നാർ നീലക്കുറിഞ്ഞി (720 രൂപ), ഇലവീഴാപൂഞ്ചിറ (520 രൂപ), അടവി-ഗവി-പരുന്തുംപാറ (1800 രൂപ), മൂകാംബിക തുടങ്ങിയ ബജറ്റ് പാക്കേജുകൾ എന്നിവ വിജയകരമായി നടത്തുന്നു. ആലപ്പുഴയിൽ നിന്ന് മൂന്നാർ, ഗവി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൂടുതലും യാത്രകളും.
ലക്ഷദ്വീപ്, വാരണാസി, മലേഷ്യ എന്നിവയാണ് പുതിയതായി തുടങ്ങുന്ന ടൂറിസം പാക്കേജുകൾ.അർത്തുങ്കൽ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കൃഷ്ണപുരം കൊട്ടാരം തുടങ്ങിയവയെ ബന്ധിപ്പിച്ച് പുതിയ തീർഥാടന ടൂറിസം സർക്യൂട്ടിന്റെ നിർമാണവും തുടരുന്നു. കെ.സി. വേണുഗോപാൽ എംപി മുൻകൈയെടുത്ത് നടപ്പാക്കുന്ന ആലപ്പുഴ ബിച്ച് പ്രോമിനെഡ് (പാത്ത് വേ), കനാൽ നവീകരണം എന്നിവയ്ക്കുള്ള പദ്ധതിയും ഫിനിഷിംഗ് പോയിന്റിലെ ബോട്ട് ടെർമിനൽ വർക്കും ടൗൺ സ്ക്വയർ കേന്ദ്രീകരിച്ച് നഗരചത്വര സൗന്ദര്യവത്കരണവും തുടരുകയാണ്. കൂടാതെ, കായംകുളം കായൽ ഉൾപ്പെടുന്ന ടൂറിസം പദ്ധതിയും പാതിരാമണലിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പുതിയ പ്രോജക്റ്റും തയാറാക്കുകയാണ്.
Tags :