ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലത്ത് നിർമാണം നടക്കുന്ന പുതിയ പാലത്തിന്റെ പ്രധാന വാർപ്പ് പൂർത്തിയായി. ഇന്നലെ ഉച്ചയോടു കൂടിയാണ് വാർപ്പുകഴിഞ്ഞത്. ഇതാടുകൂടി പാലത്തിന്റെ ഭൂരിഭാഗം നിർമാണവും പൂർത്തിയായി.
ഇവിടെയുള്ള പഴയപാലവും ഗതാഗതത്തിന് ഉപയോഗപ്രദമാക്കുന്ന രീതിയിലാണ് തുടർനടപടികൾ പുരോഗമിക്കുന്നത്. നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കിനു പ്രധാന കാരണം ഇവിടെയുള്ള ഇപ്പോഴത്തെ പഴയപാലമാണ്.
വാഹനങ്ങൾക്കു സഞ്ചരിക്കാൻ മതിയായ വീതിയില്ലാത്തതാണ് ഇതിനു കാരണം. പുതിയപാലം നിർമാണം പൂർത്തിയായി ഗതാഗത്തിനു തുറന്നുകൊടുക്കുന്നതോടെ ഒറ്റപ്പാലം നഗരത്തിനുള്ളിലെ ഗതാഗതക്കുരുക്കിനു വലിയൊരു ശതമാനം കുറവുവരും. പാലക്കാട്- കുളപ്പുള്ളി പ്രധാനപാതയിൽ ഒറ്റപ്പാലം ടൗണിനു സമീപമാണ് ഈസ്റ്റ് ഒറ്റപ്പാലം പുതിയ പാലം നിർമിക്കുന്നത്. ഈസ്റ്റ് ഒറ്റപ്പാലം തോടിനു കുറുകെയുള്ള നിലവിലെ പഴയ പാലത്തിനു സമാന്തരമായിട്ടാണ് പുതിയ പാലം നിർമിക്കുന്നത്. നിർമാണത്തിനിടയിൽ ഇവിടെയുണ്ടായ മണ്ണിടിച്ചിൽ കാരണം ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
5.08 കോടി രൂപ ചെലവിലാണ് മൂന്ന് സ്പാനുകളുള്ള പുതിയ പാലം നിർമിക്കുന്നത്. പുതിയ പാലത്തിന്റെ അപ്രോച്ച് റോഡും സംരക്ഷണ ഭിത്തികളും നിർമിക്കുന്നതിനിടയിൽ ഏപ്രിൽ മാസത്തിൽ റോഡ് ഇടിഞ്ഞുതാഴുകയും വലിയ ഗതാഗതക്കുരുക്കുണ്ടാവുകയും ചെയ്തിരുന്നു.
Tags : new bridge Nattuvishesham District News