കോട്ടയം: കറവപ്പശുക്കളുടെ വില ഉയരുന്നതു ക്ഷീരകര്‍ഷകര്‍ക്കു വീണ്ടും തിരിച്ചടിയാകുന്നു. കാലിത്തീറ്റ വിലയും പശുക്കളെ പരിപാലിക്കുന്നതിനുള്ള ചെലവുകളും വെറ്റിനറി മരുന്നുകളുടെ വിലയും ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ പാല്‍വില വര്‍ധിപ്പിച്ചിട്ടും യാതൊരു നേട്ടവും ക്ഷീര കര്‍ഷകര്‍ക്കു ലഭിച്ചിട്ടില്ല.
നിലവിലത്തെ സാഹചര്യത്തില്‍ ഭൂരിഭാഗം ക്ഷീരകര്‍ഷകരും നിശ്ചിത ഇടവേളകളില്‍ ചനയുള്ളതും കറവ നിര്‍ത്തുന്നതുമായി പശുക്കളെ വില്പന നടത്തി അത്യുത്പാദനശേഷിയുള്ള പുതിയ പശുക്കളെ വാങ്ങുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി ഇത്തരം പശുക്കള്‍ക്കു മാര്‍ക്കറ്റില്‍ ഒന്നരലക്ഷം രൂപയ്ക്കു മുകളിലാണ് വില. ഇതാണ് ക്ഷീരകര്‍ഷകര്‍ക്കു തിരിച്ചടിയായിരിക്കുന്നത്.
സംസ്ഥാനത്തെ ഒട്ടുമിക്ക ക്ഷീര കര്‍ഷകരും അത്യുത്പാദനശേഷിയുള്ള പശുക്കളെ വാങ്ങാന്‍ ഇതര സംസ്ഥാന മാര്‍ക്കറ്റുകളെയാണ് ആശ്രയിക്കുന്നത്. നമ്മുടെ ക്ഷീരകര്‍ഷകര്‍ പശുക്കളെ കൂടുതലായി വാങ്ങാന്‍ ആശ്രയിക്കുന്ന പ്രധാന കന്നുകാലി ചന്തകളായ ഈറോഡ്, ചിന്താമണി, കൃഷ്ണഗിരി തുടങ്ങിയ മാര്‍ക്കറ്റുകളില്‍ കഴിഞ്ഞ ദിവസം 20 ലിറ്ററിനു മുകളില്‍ പാല് ലഭിക്കുന്ന പശുവിനു ഒന്നരലക്ഷം രൂപയ്ക്കു മുകളിലാണ് വില ചോദിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഇത്തരം പശുക്കളുടെ വില ഒരുലക്ഷം രൂപയ്ക്കു താഴെയായിരുന്നു. അപ്രതീക്ഷിതമായി വിലവര്ധിപ്പിച്ചതിനു പിന്നില്‍ ഇതര സംസ്ഥാന, മാഫിയ ലോബി പ്രവര്‍ത്തിക്കുന്നതായി കര്‍ഷകര്‍ പരാതിപ്പെടുന്നു.
കാലിച്ചന്തകളില്‍ പശുക്കള്‍ക്കു ഉയര്‍ന്നവില ഈടാക്കുന്ന സംഭവത്തിലും കേരളത്തിലെ മാര്‍ക്കറ്റുകളില്‍ വില്പന നടത്തുന്ന കന്നുകുട്ടികള് കര്‍ഷകരുടെ കൈകളില്‍ തന്നെയാണോ എത്തപ്പെടുന്നതെന്നും ഉറപ്പു വരുത്താന്‍ മൃഗസംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് നേതാവ് എബി ഐപ്പ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്കു നിവേദനവും നല്‍കിയിട്ടുണ്ട്.
Tags : cows Nattuvishesham District News