പ്രതീകാത്മക ചിത്രം
കോട്ടയം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി നടപ്പാക്കിയതോടെ ജില്ലയിലെ സ്വകാര്യ ബസ് മേഖല അതീവ പ്രതിസന്ധിയിലാണെന്നും ഇതിനു പരിഹാരമായി സ്വകാര്യ ബസുകള്‍ സര്‍ക്കാര്‍ വാടകയ്ക്കെടുത്ത് സര്‍വീസ് നടത്തണമെന്ന നിര്‍ദേശം നടപ്പാക്കണമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്.
ജില്ലയിലെ ആയിരത്തില്‍പ്പരം സ്വകാര്യബസുകളില്‍ പകുതിയോളം ബസുകള്‍ സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാനാകാത്ത അവസ്ഥയിലാണ്. കഴിഞ്ഞ 13ന് ഗതാഗത മന്ത്രി ബസുടമ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനമനുസരിച്ച് സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്കാന് നിയോഗിച്ച കമ്മിറ്റി നടത്തിയ സിറ്റിംഗില്‍ സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കുന്ന സുപ്രധാനമായ നിര്‍ദേശം അസോസിയേഷന് ഭാരവാഹികള്‍ കമ്മീഷനു മുമ്പില്‍ വച്ചു.
കിലോമീറ്ററിന് 55 രൂപ വാടക തന്ന് വരുമാനം സര്‍ക്കാര്‍ എടുക്കുകയും ചെലവുകള്‍ പൂര്‍ണമായി ബസുടമ വഹിക്കാമെന്നുമാണ് അറിയിച്ചിട്ടുള്ളത്. ഒരു കിലോമീറ്റര്‍ സര്‍വീസ് നടത്താന്‍ 50 രൂപയിലധികം ചെലവു വരുന്നുണ്ട്.
ഇതിന്റെ കണക്കും കമ്മീഷന് മുമ്പാകെ നല്‍കിയിട്ടുണ്ട്. ഇതുവഴി മത്സരയോട്ടം ഒഴിവാക്കുകയും റോഡപകട നിരക്ക് കുറയുകയും ഉള്‍പ്പെടെ പൊതുഗതാഗത മേഖലയിലെ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാകുകയും ജനങ്ങള്‍ക്ക് പരമാവധി പ്രയോജനം കിട്ടുന്ന വിധത്തില്‍ പൊതുഗതാഗത സംവിധാനം രൂപപ്പെടുത്തുകയും ചെയ്യാമെന്നാണ് അസോസിയേഷന് അറിയിച്ചിരിക്കുന്നത്.
സ്വകാര്യബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ച് കെഎസ്ആര്ടിസിയിലേതു പോലെ സര്‍ക്കാര്‍ ഉടമകള്‍ക്ക് പണം നല്‍കുക, വിദ്യാര്‍ഥികളുടെ സൗജന്യ നിരക്ക് കാലോചിതമായി വര്‍ധിപ്പിക്കുക, ഡീസലിനു സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും കമ്മീഷനു മുമ്പില്‍ അസോസിയേഷന് ഭാരവാഹികള്‍ സമര്‍പ്പിച്ചു.
സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ കണ്വന്ഷന് നാളെ രാവിലെ 10.30ന് നാഗമ്പടം സീസര്‍ പാലസ് ഹോട്ടലില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജാക്സണ് സി. ജോസഫ് അധ്യക്ഷത വഹിക്കും. യോഗത്തില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, എംഎല്‍എമാരായ നാട്ടകം സുരേഷ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ക്ക് സ്വീകരണവും നല്‍കും.
Tags : private buses NattuVishasham DistrictNews