കടുതോടി കടവിന് സമീപം കരയിടിഞ്ഞ ഭാഗം.
അലക്സ്നഗർ: ശക്തമായ കരയിടിച്ചിൽ കാരണം മടമ്പം-അലക്സ് നഗർ റോഡിന്റെ നിലനിൽപ്പു പോലും ആശങ്കയിൽ. എത്രയും പെട്ടെന്ന് സംരക്ഷണ ഭിത്തി കെട്ടിയില്ലെങ്കിൽ അലക്സ് നഗറിനെ പുഴയെടുക്കുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. മലയോര കുടിയേറ്റ കേന്ദ്രങ്ങളിൽ പ്രധാന കേന്ദ്രമായ അലക്സ്നഗർ വർഷങ്ങളായി കരയിടിച്ചിലിന്റെയും വെള്ളപ്പൊക്കത്തിന്റെയും ഭീഷണിയിലാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
2018 ലെ പ്രളയത്തിൽ മടമ്പം കടുതോടി കടവിൽ കരയിടിഞ്ഞ് ഗതാഗതം മാസങ്ങളോളം തടസപ്പെട്ടിരുന്നു. 50 വർഷം മുമ്പ് പൊതുഗതാഗതം ഉണ്ടായിരുന്ന പൊടിക്കളം-മടമ്പം-പാറക്കടവ് റോഡിൽ മടമ്പത്തിനും അലക്സ് നഗറിനുമിടയിൽ കടുതോടി കടവിന് മീറ്ററുകൾ മാറിയാണ് ഇത്തവണ വീണ്ടും കരയെ പുഴയെടുത്തത്. കരയിടിച്ചിലിനെ തുടർന്ന് ബസ് സർവീസും നിലച്ചിരുന്നു. ഏറെ മുറവിളിക്ക് ശേഷം അന്നത്തെ സർക്കാർ പുഴസംരക്ഷണ പദ്ധതി ഫണ്ട് ഉപയോഗിച്ച് നൂറു മീറ്ററോളം ഭിത്തി നിർമിച്ചിരുന്നു. ബാക്കി ഭാഗത്ത് ഭിത്തിയില്ലാത്തത് കാരണം ഇപ്പോഴും കരയെ പുഴയെടുത്തു കൊണ്ടിരിക്കുകയാണ്.
വാഹന ഡ്രൈവർമാർ ഉൾപ്പടെയുള്ളവർക്കായി നാട്ടുകാർ പുഴയോരത്തായി വിവിധ വസ്തുക്കളും കയറും കെട്ടി താത്കാലിക മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതർ ഇതുവരെയായി മുന്നറയിപ്പ് ബോർഡ് പോലും സ്ഥാപിക്കാൻ തയാറായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. സംരക്ഷണഭിത്തി നിർമിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സജീവ് ജോസഫ് എംഎൽഎയ്ക്കും നാട്ടുകാർ നിവേദനം നൽകിയിട്ടുണ്ട്.
സജീവ് ജോസഫ് എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് നിർത്തി വച്ച ബസ് സർവീസ് പുനരാരംഭിച്ചത് യാത്രക്കാർക്ക് ആശ്വാസമേകുന്നുണ്ടെങ്കിലും കരയിടിച്ചിൽ പരിഹരിക്കാൻ ശാശ്വത നടപടി ഉണ്ടായില്ലെങ്കിൽ ഇനിയും ബസ് സർവീസുകൾ നിലച്ചേക്കും.
കരഭൂമി ഇല്ലാതാകുന്നു
“മടന്പം പുഴയോരത്തെ കര ഓരോ വർഷം കഴിയുന്പോഴും കുറഞ്ഞു കുറഞ്ഞുവരികയാണ്. പുഴയുടെ ഇരുഭാഗങ്ങളിലും റോഡ് ഉണ്ടെങ്കിലും മടന്പം അലക്സ് നഗർ, പൊടിക്കളം മേഖലകളിലെ അവസ്ഥ പരിതാപകരമാണ്. പുഴയിലെ മണൽ നീക്കാത്തത് കാരണം പുഴയുടെ ആഴം കുറയുന്നതാണ് പുഴ കരയെടുക്കാൻ ഇടയാക്കുന്നത്. സംരക്ഷണ ഭിത്തി നിർമിക്കുന്നതിനൊപ്പം പുഴയിലെ മണലും ചെളിയും നീക്കാനുള്ള നടപടിയും സ്വീകരിക്കണം.”
പി.ടി. തോമസ്
(പ്രദേശവാസി)
സംരക്ഷണഭിത്തി അത്യാവശ്യം
“കരയിടിച്ചിൽ പരിഹരിക്കാൻ സംരക്ഷണ ഭിത്തി അത്യാവശ്യമാണ്. സംരക്ഷണ ഭിത്തി നിർമിച്ചാൽ ഇതുവഴി വാഹനങ്ങൾക്ക് ഭീതിയില്ലാതെ സഞ്ചരിക്കാനാവും. രാത്രിയിൽ ഇതിലൂടെയുള്ള വാഹന യാത്ര അതീവ അവപകട ഭീഷണിയാണ് ഉയർത്തുന്നത്. ശ്രദ്ധയൊന്ന് പാളിയാലോ വാഹനത്തിന്റെ നിയന്ത്രണം വിട്ടാലോ നേരെ പുഴയിലേക്കായിരിക്കും വാഹനവും യാത്രക്കാരും ചെന്നു പതിക്കുക.”
കെ. ബിനോയ്
(മുൻ നഗരസഭാ കൗൺസിലർ)
Tags : Nattuvishesham Districtnews The river