പോളയും കടകലും തിങ്ങിനിറഞ്ഞതിനെത്തുടർന്ന് ശുദ്ധജല ക്ഷാമം രൂക്ഷമായ കായൽപ്പുറം കണ്ണാടി നാട്ടുതോട്.
രാമങ്കരി: പുളിങ്കുന്ന് പഞ്ചായത്ത് കോളജ് വാർഡിൽ കായൽപ്പുറം സൊസൈറ്റിമുതൽ കണ്ണാടി പത്തിൽ വരെ നീളുന്ന നാട്ടുതോട്ടിൽ പോളയും കടകലും തിങ്ങിനിറ ഞ്ഞതോടെ ഇവിടെ ശുദ്ധജലം കിട്ടാക്കനിയായിട്ട് ഒരു ദശാബ്ദം പിന്നിടുന്നു. 2, 4 വാർഡുകളെ തമ്മിൽ വേർതിരിക്കുന്ന ഈ തോടിന്റെ ഇരകരകളിലുമായി കഴിയുന 300ഓളം വരുന്ന കുടുംബങ്ങൾക്ക് പുറമെ മറ്റു പ്രദേശവാസികളും വേനൽ കടുത്തതോടെ ശുദ്ധജലത്തിനായുള്ള നെട്ടോട്ടത്തിലാണ്.
പോളയും കടകലും തോട്ടിൽ പിടിവിട്ട് വളർന്നതോടെ കുളിക്കാനോ, വസ്ത്രം കഴുകാനോ മറ്റ് അത്യാവശ്യങ്ങൾ നിർവഹിക്കാനോ പോലും വിലകൊടുത്ത് വെള്ളം വാങ്ങണമെന്നതാണ് സ്ഥിതി.
പ്രദേശത്ത് വർഷങ്ങളായി അനുഭവിച്ചുവരുന്ന ശുദ്ധജല ക്ഷാമത്തിൽ നിന്നും എങ്ങനെയെങ്കിലും മോചനം നേടുക എന്ന ഉദ്ദേശ്യത്തോടെ എല്ലാവരുടെയും സഹകരണത്തോടെ മറ്റ് ജലാശയങ്ങളിൽ നിന്ന് ഇവിടേക്ക് ശുദ്ധജലം എത്തിക്കുവാനായി പ്രത്യേക പൈപ്പ് ലൈൻ തന്നെ സ്ഥാപിക്കുകയുണ്ടായെങ്കിലും ഇതിന് ഇടയ്ക്കിടെ തകരാർ സംഭവിക്കുന്നതിനാൽ അതും പലപ്പോഴും വേണ്ടത്ര ഫലംകാണാതെ പോകുന്ന സ്ഥിതിയാണ്.
കുടിവെള്ളത്തിന്റെ കാര്യത്തിലാണങ്കിൽ. സ്വകാര്യ കന്പനികളെ ആശ്രയിക്കുക മാത്രമാണ് ഏക പോംവഴി. ഓരോ ആഴ്ചയിലും ഇതിന് മാത്രമായ് നൂറ് കണക്കിന് രൂപ കണ്ടെത്തിയാലാണ് ഒരിറ്റു തുള്ളി നല്ല വെള്ളം ഇറക്കാനോ പാചകം ചെയ്യാനോ തന്നെ സാധിക്കുക.
പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പഞ്ചായത്തിനും വാട്ടർ അഥോറിറ്റി അധികൃതർക്കും പരാതികൾ പലത് നല്കിയെങ്കിലും ഇതുവരെ ഒരു ഫലവും ഉണ്ടായിട്ടില്ല.
കായൽ മേഖലയോട് തൊട്ടടുത്ത് കിടക്കുന്ന പ്രദേശമെന്ന നിലയിൽ ഇവിടെ ഏത് സമയവും വയറിളക്കവും ഛർദിലും പോലെയുള്ള പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതയും ഏറെയാണ്.
അതിനാൽ വർഷങ്ങളായി പോളയും കടകലും പിടിച്ച് അടഞ്ഞുകിടക്കുന്ന തോട് ശുചീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്തും കുടിവെള്ളം ലഭ്യമാക്കുവാൻ വാട്ടർ അഥോറിറ്റി അധികൃതരും എത്രയും വേഗം തയാറാകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
Tags : clean water nattuvishesham local news