അറസ്റ്റിലായ സലാം, സുൽഫിക്കർ.
ചാവക്കാട്: തീരദേശ ഹൈവേയോടുചേർന്നുള്ള പൂട്ടിയിട്ട വീടിന്റെ വാതിൽപൊളിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ആലുവ എടത്തല സ്വദേശികളായ മാനോലിപ്പറന്പിൽ സലാം (55), മാനോലിപ്പറന്പിൽ സുൽഫിക്കർ (33) എന്നിവരെയാണു തൃശൂർ സിറ്റി പൊലിസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള സാഗോക്ക് ടീമും ചാവക്കാട് പൊലിസും ചേർന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞമാസം 19നു രാവിലെ കോട്ടപ്പുറം ജംഗ്ഷനിലുള്ള വീടുപൂട്ടി എറണാകുളത്തുള്ള ബന്ധുവീട്ടിൽ പോയിരുന്ന വീട്ടുകാർ പിറ്റേന്നു രാത്രി ഒന്പതിനു തിരിച്ചെത്തിയപ്പോഴാണു കവർച്ച നടന്ന വിവരം അറിഞ്ഞത്. തുടർന്നു പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു. സമീപപ്രദേശങ്ങളിലുള്ള അന്‍പതിലധികം സിസിടിവി കാമറകൾ മണിക്കൂറുകളോളം പരിശോധിച്ചും സംഭവസ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നും വിവരങ്ങൾ ശേഖരിച്ചാണു പൊലിസിനു പ്രതികളെക്കുറിച്ചു വിവരം ലഭിച്ചത്.
അന്വേഷണസംഘത്തിൽ ഗുരുവായൂർ എസിപി സുരേന്ദ്രൻ, സ്പെഷൽ ബ്രാഞ്ച് എസിപി ബിജോയ്, ചാവക്കാട് സിഐ രമേഷ്, എസ്ഐ പ്രീത എന്നിവരും സാഗോക്ക് ടീം അംഗങ്ങളായ എഎസ്ഐ പി.കെ. പഴനിസ്വാമി, സിപിഒമാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ, സുനീബ്, സിംസണ്‍, ശ്രീജിത്ത്, നൈജോണ്‍, അരുണ്‍, രജിത് എന്നിവരുമുണ്ടായിരുന്നു.
കിള്ളിക്കുളങ്ങര ക്ഷേത്രത്തിലെ മോഷണം; രണ്ട് ആസാം സ്വദേശികൾ അറസ്റ്റിൽ
മതിലകം: കൂളിമുട്ടം കിള്ളിക്കുളങ്ങര ശ്രീധർമ്മദൈവ നവഗ്രഹക്ഷേത്രത്തിന്റെ ശ്രീകോവിലുകൾ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും ഭണ്ഡാരപ്പണവും മോഷ്ടിച്ച കേസിൽ ആസാം സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. ആസാം നഗോണ്‍ കുവാരിറ്റോൾ ജയന്തിപൂർ സ്വദേശി സുഹൈൽ അലി (19), ദുംദുമ ഗാവ് സ്വദേശി അസൽ അലി (30) എന്നിവരെയാണ് മതിലകം പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതികൾ രാത്രി ഉറങ്ങാറുള്ള കൊച്ചി വൈറ്റില മേൽപാലത്തിന് അടിയിൽ ഒളിപ്പിച്ചനിലയിൽ മോഷണമുതലുകൾ കണ്ടെടുത്തു.
ഒക്ടോബർ 24നു പുലർച്ചെയായിരുന്നു മോഷണം. ക്ഷേത്രത്തിലെ ദേവിയുടെയും ഭുവനേശ്വരി ദേവിയുടെയും ഹനുമാൻ സ്വാമിയുടെയും ശ്രീകോവിലുകൾ തകർത്താണു വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന സ്വർണമാലയും താലിയും ഭണ്ഡാരങ്ങളിലെ പണവും മോഷ്ടിച്ചത്. ക്ഷേത്രം സെക്രട്ടറിയുടെ പരാതിയെത്തുടർന്ന് റൂറൽ ജില്ലാ പൊലിസ് മേധാവി മുഹമ്മദ് നദീമുദ്ദീന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആർ. രതീഷ് കുമാർ, മതിലകം സിഐ വിമൽ, എസ്എച്ച്ഒ നസിയ എം. സാഹിബ്, എസ്ഐമാരായ മുഹമ്മദ് റാഫി, സഞ്ജയ്, എഎസ്ഐ മിഥുൻ, ഗ്രേഡ് സീനിയർ സിപിഒമാരായ ഗോപകുമാർ, സുനിൽകുമാർ, ശരത്, സിപിഒമാരായ ബിനിൽ, റിസ്വാൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Tags : Two arrested nattuvishesham district news deepika news Theft at a locked house in Chavakkad