പ്രതി
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ രണ്ടു മോഷണക്കേസുകളിലെ പ്രതിയായ കാസർഗോഡ് ഉപ്പള സ്വദേശി ഷെയ്ഖ് മുഹമ്മദ് (42) പിടിയിലായി. റെയിൽവേ സ്റ്റേഷനിലെ കരാർ ജീവനക്കാരിയുടെ ബാഗ് മോഷ്ടിച്ച കേസിലാണ് ഇയാളെ ആദ്യം തിരിച്ചറിഞ്ഞത്.
ബാഗിൽ 13,000 വിലവരുന്ന മൊബൈൽ ഫോണ് 6,500 രൂപ, മൂന്ന് എടിഎം കാർഡുകൾ, ആധാർ കാർഡ് എന്നിവയുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
മോഷ്ടിച്ച മൊബൈൽ ഫോണ് തിരുവനന്തപുരം ഇഞ്ചയ്ക്കലിലെ അടച്ചിട്ട ലോട്ടറിക്കടയിൽ നിന്നു കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ കഴിഞ്ഞ 27ന് രാത്രി തിരുവനന്തപുരം നഗരത്തിലെ ബാറിന് സമീപത്തുനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ റെയിൽവേ സ്റ്റേഷനിലെ വെയിറ്റിംഗ് ഹാളിൽനിന്ന് വനിതയുടെ ബാഗും മൊബൈൽ ഫോണും പണവും തിരിച്ചറിയൽ രേഖകളും മോഷ്ടിച്ച മറ്റൊരു കേസിലും ഇയാൾക്ക് പങ്കുള്ളതായി കണ്ടെത്തി.
ആർപിഎഫ് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫിന്റെയും റെയിൽവേ പൊലിസ് എസ്.പി. കൃഷ്ണകുമാറിന്റെയും നിർദേശാനുസരണമാണ് അന്വേഷണം നടത്തിയത്. ആർപിഎഫ് ഇൻസ്പെക്ടർ ബി.എൽ. ബിനുകുമാർ, റെയിൽവേ പൊലിസ് ഇൻസ്പെക്ടർ സജി, എസ്ഐമാരായ ബാലു, അനൂപ്, ജോജി ജോസഫ്, ലെനിൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags :