തേവലപ്പുറം മിനി സ്റ്റേഡിയം.
കൊല്ലം: ഒന്നരക്കോടി ചെലവിട്ട് നവീകരിച്ച നെടുവത്തൂര്‍ പഞ്ചായത്തിലെ തേവലപ്പുറം മിനി സ്റ്റേഡിയം സംരക്ഷണമില്ലാതെ നശിക്കുന്നു. തേവലപ്പുറം മൂന്നുമൂര്‍ത്തി ക്ഷേത്രത്തിന് പിന്നിലായാണ് സ്റ്റേഡിയം. കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ ആയിരിക്കെ അനുവദിച്ച 1.5 കോടി ഉപയോഗിച്ചാണ് സ്റ്റേഡിയം നിര്‍മിച്ചത്.
വര്‍ഷങ്ങളായി വെള്ളം കയറിയും മറ്റും നശിച്ച് കിടന്നിരുന്ന ഭാഗമാണിത്. വശങ്ങള് കെട്ടി, വെള്ളം ഒഴുകാന്‍ സംവിധാനമൊരുക്കിയാണ് സ്റ്റേഡിയം നിര്‍മിച്ചത്. ഏഴ് മാസം മുമ്പാണ് സ്റ്റേഡിയം ഉദ്ഘാടനം നടത്തി. ആവശ്യമായ സംരക്ഷണമില്ലാതെ കുറ്റിക്കാട് വളര്‍ന്നും വെള്ളക്കെട്ടായും സ്റ്റേഡിയം ഉപയോഗശൂന്യമായ നിലയിലാണിപ്പോള്‍. ഗാലറി ഉള്‍പ്പടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം നാശത്തിന്റെ വക്കിലാണ്. നെടുവത്തൂര്‍ പഞ്ചായത്തിന്റെ കേരളോത്സവം അടുത്തമാസം നടക്കാനിരിക്കയാണ് സ്വന്തം സ്റ്റേഡിയമുണ്ടായിട്ടും പഞ്ചായത്തിന് ഇത്തവണയും കായിക മത്സരങ്ങള്‍ നടത്താന്‍ മറ്റിടങ്ങള്‍ നോക്കേണ്ടി വരുന്നത്.
കായിക വിനോദങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ സ്റ്റേഡിയം ഒരുക്കിയിട്ടില്ല. കാലത്തിനൊത്ത് സ്റ്റേഡിയം വികസിപ്പിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Tags :