കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരായ പോരാട്ടത്തിന് വിദ്യാർഥികളുടെ കൂട്ടായ്മയൊരുക്കി കാഞ്ഞിരപ്പള്ളി രൂപത. സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൂഫാൻ സമ്മിറ്റ് - റാലിയിൽ മൂവായിരത്തിലധികം വിദ്യാർഥികൾ അണിനിരക്കും. നവംബർ രണ്ടിന് രാവിലെ 10ന് കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽനിന്ന് ആരംഭിക്കുന്ന തൂഫാൻ റാലി സെന്റ് ഡൊമിനിക്സ് സ്കൂൾ ഗ്രൗണ്ടിൽ സമാപിക്കും.
സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. പ്രഫ. റോണി കെ. ബേബി എംഎൽഎ, എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ, സിറിയക് തോമസ് എംഎൽഎ, വിവിധ സ്ഥാപനങ്ങളുടെ മേധാവികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
രൂപതയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാംസ്കാരിക കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോറേഞ്ച് മേഖലകളിൽനിന്നുള്ള മുപ്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നായി വിദ്യാർഥികളും അധ്യാപകരുമടക്കം മൂവായിരത്തിലധികം പേർ റാലിയിൽ പങ്കെടുക്കും.
ലഹരിയുടെ അപകടങ്ങളെക്കുറിച്ച് വിദ്യാർഥികളിലും പൊതുസമൂഹത്തിലും അവബോധം വളർത്തുന്നതിനും ലഹരിവിരുദ്ധ സന്ദേശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച്എസ്എസ്, സെന്റ് മേരീസ് എച്ച്എസ്എസ്, എകെജെഎം എച്ച്എസ്എസ്, ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, മൈക്ക സ്കൂൾ, ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, കുന്നുംഭാഗം സെന്റ് ജോസഫ് പബ്ലിക് സ്കൂൾ, ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂൾ, ഇളങ്ങോയി ഹോളി ഫാമിലി ഇന്റർനാഷണൽ സ്കൂൾ, റാന്നി സിറ്റഡൽ പബ്ലിക് സ്കൂൾ, പാലന്പ്ര അസംപ്ഷൻ എച്ച്എസ്, എരുമേലി സെന്റ് തോമസ് എച്ച്എസ്എസ്, മുണ്ടക്കയം സെന്റ് ആന്റണീസ് എച്ച്എസ്, കാളകെട്ടി എഎംഎച്ച്എസ്എസ്, ദ് കാഞ്ഞിരപ്പള്ളി ഹെറിട്ടേജ് സ്കൂൾ, ആനക്കല്ല് ദ് ഗാർഡൻ സ്കൂൾ, കൂവപ്പള്ളി സെന്റ് ജോസഫ് എച്ച്എസ്, ഇഞ്ചിയാനി ഹോളിഫാമിലി എച്ച്എസ്, കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ, എലിവാലിക്കര സെന്റ് മേരീസ് സ്കൂൾ, ഇളംങ്ങുളം സെന്റ് മേരീസ് എച്ച്എസ്, ആനിക്കാട് സെന്റ് തോമസ് എച്ച്എസ്, കൂവപ്പള്ളി അമൽജ്യോതി കോളജ്, കുട്ടിക്കാനം മരിയൻ കോളജ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ്, സെന്റ് ആന്റണീസ് കോളജ്, ഹോളി എയ്ഞ്ചൽസ് കോളജ്, മേരിക്വീൻസ് ആശുപത്രി, മുണ്ടക്കയം എംഎംടി ആശുപത്രി എന്നിവിടങ്ങളിലെ വിദ്യാർഥികളും അധ്യാപകരുമാണ് റാലിയിൽ പങ്കെടുക്കുന്നത്.
റാലിയുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
Tags :