കാലപ്പഴക്കമേറി ചോർന്നൊലിക്കുന്ന ബിഎഡ് കോളജ് കെട്ടിടം.
തൃപ്പൂണിത്തുറ: തകർന്നു വീഴാവുന്ന രീതിയിൽ പരിതാപകരമായ നിലയിൽ തൃപ്പൂണിത്തുറയിലെ ബിഎഡ് കോളജ് കെട്ടിടങ്ങൾ. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ പ്രഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ബിഎഡ് കോളജിന്റെ കെട്ടിടങ്ങളാണ് അപകടാവസ്ഥയിൽ പ്രവർത്തിക്കുന്നത്.
കാലപ്പഴക്കം മൂലം തകർന്നു വീഴാവുന്ന നിലയിലാണ് കെട്ടിടം. ചോർന്നൊലിക്കുന്ന ഓടിട്ട കെട്ടിട്ടം വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവന് ഭീഷണിയാകുന്ന സ്ഥിതിയിലാണ്.
കോളജിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൾക്കൊപ്പം ആവശ്യത്തിനുള്ള ക്ലാസ് മുറികളുടെയും ലാബുകളുടെയും ലൈബ്രറി സൗകര്യങ്ങളുടെയും അഭാവവും വിദ്യാർഥികളുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ്. എംജി സർവകലാശാലയിലെ തന്നെ സംസ്കൃതം വിഷയമായിട്ടുള്ള ഏക യൂണിവേഴ്സിറ്റി ബിഎഡ് സെന്ററായ കോളജിന്റെ ശോചനീയാവസ്ഥയെ സംബന്ധിച്ച് നിരവധി പരാതികൾ
അധികൃതർക്ക് നൽകിയെങ്കിലും യാതൊരു വിധ പരിഹാരവും ഇതുവരെയുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം കോളജ് സന്ദർശിച്ച സെന്റർ ഫോർ പ്രഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടർക്ക്, കോളജ് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർഥികളും പ്രിൻസിപ്പലും ചേർന്ന് കോളജ് കെട്ടിടത്തിന്റെ അപകടാവസ്ഥയെക്കുറിച്ചും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാണിച്ച് നിവേദനം നൽകിയിട്ടുണ്ട്.