കണ്ണംങ്കുണ്ട് കോസ്വേയിൽ വെള്ളം കയറിയതിനെ തുടർന്ന് പോലീസ് എത്തി ഗതാഗതം നിയന്ത്രിക്കുന്നു.
മണ്ണാർക്കാട്: സൈലന്റ്വാലി മലനിരകളിൽ ശക്തമായ മഴയെ തുടർന്ന് വെള്ളിയാർ പുഴയിൽ വെള്ളം ഉയർന്നതോടെ അലനല്ലൂർ കണ്ണംങ്കുണ്ട് കോസ്വേ വെള്ളത്തിനടിയിലായി. ഇന്നലെ രാവിലെ മുതൽ സൈലന്റ്വാലി മലനിരകളിൽ മഴ തുടരുകയാണ്.
വൈകുന്നേരം നാലോടെയാണ് വെള്ളിയാർ പുഴയിൽ വെള്ളം ഉയർന്നത്. ഇതോടെ കണ്ണംങ്കുണ്ട് കോസ്വേയ്ക്കു മുകളിൽ വെള്ളം കയറി. പൊലിസ് എത്തി ഗതാഗതം പൂർണമായി നിരോധിച്ചു. നേരത്തെ കോസ്വേയ്ക്കു മുകളിൽ വെള്ളം ഉയരുന്നത് ഗൗനിക്കാതെ പലതവണ യാത്രക്കാർ വാഹനങ്ങൾ കൊണ്ടുപോയത് അപകടങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇതേതുടർന്നാണ് പൊലിസ് എത്തി ഗതാഗതം നിരോധിച്ചത്. ഇവിടെ പാലം വേണമെന്ന ആവശ്യമുയർന്നിട്ട് പത്തുവർഷത്തിലധികമായി. പല സാങ്കേതിക കാരണങ്ങളാൽ പാലം നിർമാണം വൈകുകയാണ്. പുതിയ സർക്കാർ വന്നതിനു പിന്നാലെ ഇവിടെ പാലം നിർമിക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം ടെൻഡർ നടപടികൾ പൂർത്തിയായിരുന്നു.
Tags :