കയ്പമംഗലം: റോഡിലെ വെള്ളക്കെട്ടിൽ കുളിച്ചും വഞ്ചിയിറക്കിയും പോത്തിനെ കുളിപ്പിച്ചും മീൻ പിടിച്ചും യുവാക്കളുടെ വേറിട്ട പ്രതിഷേധം.
കയ്പമംഗലം ചളിങ്ങാട് ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിലെ യാത്രാദുരിതത്തിനെതിരേയാണ് നാട്ടുകാർ സമരം സംഘടിപ്പിച്ചത്. കുടിവെള്ള പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കുന്നതിനായാണ് റോഡിന്റെ ഒരു ഭാഗം പൊളിച്ചത്. കുഴിയെടുത്ത ഭാഗം പിന്നീട് ജിഎസ്പിയിട്ട് മൂടിയിരുന്നു. എന്നാൽ മഴ ശക്തമായതോടെ കുഴിച്ചഭാഗം തോടിന് സമാനമായി മാറുകയും റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെടുകയുംചെയ്തു. വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതിനാൽ മഴവെള്ളം റോഡിൽതന്നെ കെട്ടിക്കിടക്കുകയാണ്.
ഇതിനിടെ പൈപ്പ് പൊട്ടി ശുദ്ധജലവും പാഴാകുന്നതായി നാട്ടുകാർ ആരോപിക്കുന്നു. റോഡ് കുളമായി മാറിയതോടെ ഇതുവഴിയുള്ള യാത്ര അതീവ ദുരിതപൂർണമായിരിക്കുകയാണ്.
വിദ്യാർഥികൾ, തൊഴിലാളികൾ, രോഗികൾ, പ്രായമായവർ ഉൾപ്പെടെ ദിവസേന ആയിരക്കണക്കിന് ആളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. വാഹനങ്ങൾ അപകടഭീഷണിയിലൂടെയാണ് കടന്നുപോകുന്നത്. കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുനേരിടുന്ന സാഹചര്യമാണ്.
കരാറുകാരന്റെയും വാട്ടർ അഥോറിറ്റിയുടെയും ഗുരുതരമായ അനാസ്ഥയാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണമെന്നും അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കുകയും പൈപ്പ് ചോർച്ച പരിഹരിക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.പി.എം. നജ്മുദ്ദീൻ, ടി.യു. അഹമ്മദ്, പി.എം. അസ്ലം, കെ.കെ. ഷെക്കീർ, താഹിർ, കെ.കെ. ഷെജീർ എന്നിവർ പ്രതിഷേധസമരത്തിനു നേതൃത്വംനൽകി.