കനാലിന്റെ വശമിടിഞ്ഞതിനൊപ്പം താഴ്ന്നുപോയ വൈദ്യുതിത്തൂണ്.
അടൂർ: കനാൽ വശമിടിഞ്ഞതിനൊപ്പം താഴ്ന്നുപോയ വൈദ്യുതിത്തൂണ് ഉയർത്താൻ നടപടിയില്ല. രണ്ടാഴ്ച മുൻപാണ് ഏഴംകുളത്ത് കെഐപി കനാലിന്റെ ഒരു ഭാഗത്ത് ഭിത്തി ഇടിഞ്ഞുവീണത്. കെപി റോഡിൽനിന്ന് ഉടയാൻമുറ്റം ക്ഷേത്രത്തിലേക്കുള്ള വഴിയോടു ചേർന്നുള്ള കനാലിന്റെ ഭാഗമാണ് തകർന്നത്. റോഡിനോടു ചേർന്ന് കനാലിന്റെ കെട്ടും കോൺക്രീറ്റും ഇടിഞ്ഞ് താഴേക്കു പോയിട്ടുണ്ട്.
ഇതോടൊപ്പം കനാലിനോടു ചേർന്നുനിന്ന വൈദ്യുതിത്തൂണും താഴേക്കു പോയി. വൈദ്യുതിത്തൂണ് നേരേ താഴേക്ക് ഇറങ്ങിയിരിക്കുന്ന നിലയിലാണ്. വശങ്ങളിലേക്കു ചരിയാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി.
എന്നാൽ, മഴ കൂടുന്ന സാഹചര്യത്തിൽ കനാൽവഴിയുള്ള ഒഴുക്ക് കൂടിയേക്കാം. ശക്തമായ ഒഴുക്കിൽ വൈദ്യുതിത്തൂണിന് ചുറ്റുമുള്ള മണ്ണ് ഇനിയും ഇളകാൻ സാധ്യതയുണ്ട്. കനാൽ ഇടിഞ്ഞ ശേഷം കെഐപിയിൽനിന്നുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
വൈദ്യുതിത്തൂണിന്റെ അപകടാവസ്ഥ പരിഹരിക്കാനുള്ള നടപടികളെപ്പറ്റി വിവരങ്ങളില്ല. ഏഴംകുളത്ത് വിവിധ ഇടങ്ങളിൽ കനാൽ വശങ്ങൾ പൊളിഞ്ഞു കിടക്കുകയാണ്. ഇതു കാരണം പലയിടത്തും വശങ്ങളിൽ മണ്ണിടിച്ചിലുണ്ട്.