സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് നിരോധിച്ച ഉപ്പുതാ ബസ് സ്റ്റാൻഡ്.
ഉപ്പുതറ: ഉപ്പുതറ മേച്ചേരിക്കടയിൽ രാത്രികാലങ്ങളിലുണ്ടാവുന്ന സാമൂഹ്യവിരുദ്ധ ശല്യത്തിന് പരാഹാരം കാണാൻ ഉപ്പുതറ പഞ്ചായത്തും ഉപ്പുതറ പോലീസും നടപടി സ്വീകരിച്ചുതുടങ്ങി. ഉപ്പുതറ മേച്ചേരിക്കടയിലെ ബസ് സ്റ്റാൻഡിൽ അനധികൃത വാഹന പാർക്കിംഗ് നിരോധിച്ചു.
കഴിഞ്ഞ ദിവസം മേച്ചേരിക്കടയിൽ അർധരാത്രിയിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രദേശവാസികൾ നൽകിയ പരാതിയിലാണ് നടപടി ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ ഒരു ആംബുലൻസ് ഉടമയുടെ തലയ്ക്ക് മാരകമായി പരിക്കേറ്റിരുന്നു. ആംബുലൻസും ഒരു കാറും അക്രമികൾ തകർത്തിരുന്നു. യുവാവിന്റെ തലയടിച്ച് പൊട്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഉപ്പുതറ മേച്ചേരിക്കടയിലെ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് രാപകൽ വ്യത്യാസമില്ലാതെ സാമൂഹ്യവിരുദ്ധശല്യം ഉണ്ടാവുന്നത്. ബസ് സ്റ്റാൻഡ് നവീകരണം പൂർത്തിയാകും വരെ നിയന്ത്രണം തുടരും. ബസ് സ്റ്റാൻഡ് നവീകരണം പൂർത്തിയായാൽ ഉടൻ ബസ് സ്റ്റാൻഡ് പ്രവർത്തിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതുവഴി ടൗണിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.