കോഴിക്കോട്: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ തെരുവ് കച്ചവടത്തിനായി പ്രത്യേകം കണ്ടെത്തിയ സ്ഥലങ്ങളിൽ നിയമപ്രകാരമുള്ള കച്ചവടമൊഴികെയുള്ളവ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി കോർപറേഷൻ ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുന്നു.
ആറിന് രാവിലെ 10 ന് ധർണ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തുടനീളം ഇതേ ആവശ്യമുന്നയിച്ച് കോർപറേഷൻ ഓഫിസുകളിലേക്കും പഞ്ചായത്ത് ഓഫിസുകളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തെരുവുകളിൽ അനധികൃത കച്ചവടം ദിനം പ്രതി വർധിച്ചുവരികയാണ്. ഇതുകാരണം കട വാടകയും, ജിഎസ്ടി, തൊഴിൽ നികുതി തുടങ്ങി ഒട്ടേറെ നികുതികളും അടയ്ക്കുന്ന ചെറുകിട വ്യാപാരികളിൽ പലരും അടച്ചുപൂട്ടലിന്റെ വക്കിലാണുള്ളതെന്നും ഭാരവാഹികൾ വ്യക്തമാക്കി. കൂടാതെ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്തികൊണ്ടുള്ള നിയമം നടപ്പിൽ വരുത്തുന്ന 15ന് യുപിഐ പേയ്മെന്റ് ബഹിഷ്കരിക്കും. അന്നേ ദിവസം തിരുവനന്തപുരം ലോക്ഭവനിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് വ്യാപാരികൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പി.കെ. ബാപ്പുഹാജി, ജന.സെക്രട്ടറി ജിജി കെ.തോമസ്, സുരേഷ്ബാബു, മനാഫ് കാപ്പാട്, വി.സുനിൽകുമാർ, എ.കെ മൻസൂർ എന്നിവർ പങ്കെടുത്തു.