പുൽപ്പള്ളി: മേഖലയിലെ വരൾച്ചയ്ക്കും ജലക്ഷാമത്തിനും ശാശ്വത പരിഹാരമായി വിഭാവനം ചെയത കടമാൻതോട് പദ്ധതി നിർമാണത്തിലെ അനിശ്ചിതത്വങ്ങളും ആശങ്കകളും പരിഹരിക്കണമെന്ന് കബനി കാർഷികസംഘം ആവശ്യപ്പെട്ടു.
കർണാടകയോട് ചേർന്നുള്ള മുള്ളൻകൊല്ലിയിലെ അതിർത്തി പ്രദേശങ്ങൾ നേരത്തെ തന്നെ വരൾച്ചയുടെ പിടിയിലമർന്നിരിക്കുകയാണ്. തോടുകളും ജലാശയങ്ങളും വറ്റിതുടങ്ങി. പഞ്ചായത്തിലെ ഭൂരിഭാഗം ആളുകളും കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്.
ഇവിടെ ജലസേചന സൗകര്യമുറപ്പാക്കിയാൽ മാത്രമേ കൃഷിയെ മെച്ചപ്പെടുത്താനാകു. പദ്ധതി സംബന്ധിച്ച നടപടികളിൽ കാലതാമസം വരുത്തി ഇല്ലാതാക്കാനുള്ള നീക്കമാണ് വിവിധയിടങ്ങളിൽ നിന്നുണ്ടാകുന്നതെന്നും യോഗം ആരോപിച്ചു. പദ്ധതി വരുമോ ഇല്ലയോ എന്ന കാര്യം ഉറപ്പ് വരുത്തണമെന്നും സർവകക്ഷി യോഗം വിളിച്ച് ജനങ്ങളുടെ കാര്യങ്ങൾ കേൾക്കാർ ജില്ലാ ഭരണകൂടം തയാറാകണമെന്നും കാവേരി ജലവിഹിതം ഉപയോഗപ്പെടുത്തണമെന്ന ട്രൈബ്യുണൽ അനുമതി അതിന്റെ കാലവധിക്കകം നടപ്പാക്കണം.
ഈക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ഉദ്ഘാടനം ചെയ്തു. ജോസ് കുന്നത്ത്, മുനീർ ആച്ചിക്കുളത്ത്, ലിബിൻ ദിലീപ്, ബെന്നി പുളിമൂട്ടിൽ, മാത്തുക്കുട്ടി വെളിയത്തുമാലിൽ, വി.ടി. ഷാജി എന്നിവർ പ്രസംഗിച്ചു.