പ്രതീകാത്മക ചിത്രം
ഉളിക്കല്‍: ഉളിക്കല്‍ പഞ്ചായത്തിലെ കാലാങ്കി എംജിഎല്‍സി ഏകാധ്യാപക വിദ്യാലയത്തെ എല്‍പി സ്കൂളായി ഉയര്‍ത്തുന്ന കാര്യം പൊതുവിഭ്യാസ വകുപ്പിന്റെ സജീവ പരിഗണനയിലാണെന്ന് സജീവ് ജോസഫ് എംഎൽഎ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികൾ ആരംഭിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.
കാലാങ്കി ഏകാധ്യാപക വിദ്യാലയം എൽപി സ്കൂളാക്കി ഉയർത്തണമെന്നത് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു. നിലവില്‍ ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടികളും രക്ഷിതാക്കളും നിരവധി പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ സ്കൂൾ പൂട്ടുന്നതിനെ കുറിച്ച് ആലോചിക്കുകയും നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.
തുടർന്നുണ്ടായ ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്നാണ് സ്കൂൾ നിലനിർത്തിയത്. സ്കൂളിനെ എല്‍പി സ്കൂളാക്കി ഉയർത്തിയാൽ പ്രദേശത്തെ കുട്ടികൾക്ക് എളുപ്പത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഉണ്ടാകും. നടപടികൾ വേഗത്തിലാക്കുന്നതിനുള്ള സമ്മർദം സർക്കാരിൽ ചെലുത്തുമെന്ന് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.
Tags : Local News Nattuvishesham single-teacher school Sajeev Joseph