x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ന്തു​രു​കി ഹൈ​റേ​ഞ്ച്


Published: April 17, 2026 10:59 PM IST | Updated: April 17, 2026 10:59 PM IST

ഉ​പ്പു​ത​റ 3 -ാം ഡി​വി​ഷ​നി​ൽ വെ​ള്ളം സം​ഭ​രി​ച്ച് ബൈ​ക്കി​ൽ കൊ​ണ്ടു​പോ​കു​ന്നു.

നെ​ടു​ങ്ക​ണ്ടം: കൊ​ടി​യ വേ​ന​ല്‍​ച്ചൂ​ടി​ല്‍ ഹൈ​റേ​ഞ്ച് വെ​ന്തു​രു​കു​ന്നു. നാ​ട്ടി​ന്‍പു​റ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥ​യാ​ണ് നി​ല​വി​ല്‍ ഹൈ​റേ​ഞ്ചി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍നി​ന്നു വ​ള​രെ വ്യ​ത്യ​സ്ത​മാ​യി ക​ഠി​ന​മാ​യ ചൂ​ടാ​ണ് ഹൈ​റേ​ഞ്ചി​ല്‍ എ​മ്പാ​ടുമുള്ള​ത്. ഹൈ​റേ​ഞ്ചി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് വേ​ന​ല്‍ മ​ഴ ല​ഭി​ച്ച​തും. മ​റ്റി​ട​ങ്ങ​ളി​ല്‍ ചെ​റു​താ​യി മ​ഴ ചാ​റി​പ്പോ​യ​തൊ​ഴി​ച്ചാ​ല്‍ ന​ല്ലൊ​രു വേ​ന​ല്‍മ​ഴ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ത് ചൂ​ടി​ന്‍റെ തീ​വ്ര​ത രാ​വും പ​ക​ലും ഒ​രു​പോ​ലെ വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ല്‍ പ​ല ഭാ​ഗ​ത്തും ഫെ​ബ്രു​വ​രി ആ​രം​ഭ​ത്തോ​ടെ ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ല്‍, തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്ന​തി​നാ​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍പോ​ലും ഇ​തൊ​ന്നും ഗൗ​നി​ച്ചി​ല്ല. ചൂ​ട് ക​ടുത്ത​ത് കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് വീ​ണ്ടും തി​രി​ച്ച​ടി​യാ​കു​മെ​ന്ന ഭീ​തി​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. ശ​ക്ത​മാ​യ​ വേ​ന​ല്‍മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ കു​ടി​വെ​ള്ള​ത്തി​ന് ഹൈ​റേ​ഞ്ച് ജ​ന​ത വ​ല​യും. മ​ഴ കു​റ​ഞ്ഞ​തും വേ​ന​ല്‍ച്ചൂ​ടി​ന്‍റെ കാ​ഠി​ന്യം വ​ര്‍​ധി​ച്ച​തും മൂ​ലം പു​ഴ​യി​ലെ ജ​ല​ത്തി​ന്‍റെ ഒ​ഴു​ക്ക് ഏ​ക​ദേ​ശം നി​ല​ച്ച മ​ട്ടാ​ണ്.

ചൂ​ടി​ന്‍റെ കാ​ഠി​ന്യ​ത്താ​ല്‍ കൃ​ഷി​ക​ളും മ​റ്റും വാ​ടിത്തു​ട​ങ്ങി. നാ​ണ്യവി​ള​ക​ള്‍ പ​ല​തും ക​രി​ഞ്ഞു​തു​ട​ങ്ങി​യ​ത് ക​ര്‍​ഷ​ക​രെ ഭ​യാ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ലം, കു​രു​മു​ള​ക്, വാ​ഴ, പ​ച്ച​ക്ക​റി​ക​ള്‍ തു​ട​ങ്ങി​യ​വ വാ​ടി​ക്ക​രി​ഞ്ഞുതു​ട​ങ്ങി.

പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്ത​വ​രു​ടെ സ്ഥി​തി ദ​യ​നീ​യ​മാ​ണ്. ഏ​ലം ത​ണ്ടോ​ടു​കൂ​ടി ഒ​ടി​ഞ്ഞുവീ​ഴു​ക​യാ​ണ്. ഏ​ക്ക​റു​ക​ണ​ക്കി​ന് ഏ​ല​ച്ചെ​ടി​ക​ളും കു​രു​മു​ള​ക് ചെ​ടി​ക​ളു​മാ​ണ് ക​രി​ഞ്ഞു​ണ​ങ്ങു​ന്ന​ത്. ഏ​ല​ത്തി​ന് ശ​രാ​ശ​രി വി​ല​യു​ള്ള​പ്പോ​ഴാ​ണ് ക​ര്‍​ഷ​ക​ന്‍റെ പ്ര​തീ​ക്ഷ​ക​ളെ ത​കി​ടംമ​റി​ച്ച് ഏ​ല​ച്ചെ​ടി​ക​ള്‍ ക​രി​ഞ്ഞു​ണ​ങ്ങു​ന്ന​ത്.

2024ല്‍ ​അ​നു​ഭ​വ​പ്പെ​ട്ട കൊ​ടും​ചൂ​ടും കൃ​ഷി​ക​ള്‍ വ്യാ​പ​ക​മാ​യി ക​രി​ഞ്ഞു​ണ​ങ്ങി​യ​തും ക​ര്‍​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. അ​ന്ന് വേ​ന​ല്‍ ക​രി​ച്ചു​ക​ള​ഞ്ഞ​ത് നി​ര​വ​ധി ക​ര്‍​ഷ​ക​രു​ടെ സ്വ​പ്ന​ങ്ങ​ളും അ​ധ്വാ​ന​വു​മാ​ണ്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലെ​ങ്ങും അ​നു​ഭ​വ​പ്പെ​ടാ​ത്ത ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ലി​ല്‍ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് ക​ര്‍​ഷ​ക​രു​ടെ ഏ​ക്ക​ര്‍ ക​ണ​ക്കി​ന് കൃ​ഷി​യാ​ണ് നി​ല​വി​ല്‍ ക​രി​ഞ്ഞു​ണ​ങ്ങി ന​ശി​ക്കു​ന്ന​ത്. സു​ഗ​ന്ധവി​ള​ക​ളു​ടെ റാ​ണി​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഏ​ലം അ​സാ​ധാര​ണ​മാ​യ വേ​ന​ല്‍​ച്ചൂ​ടി​ല്‍ വ്യാ​പ​ക​മാ​യി ക​രി​ഞ്ഞു​ണങ്ങി. ബാ​ങ്കുവാ​യ്പയെ​ടു​ത്തും പ​ലി​ശ​ക്ക് വാ​ങ്ങി​യും കൃ​ഷി​ക്കാ​യി ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി​യ ക​ര്‍​ഷ​ക​രു​ടെ ജീ​വി​തം ഇ​തോ​ടെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി.

ചെ​റു​കിട, ഇ​ട​ത്ത​രം ക​ര്‍​ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ര്‍​ഗ​മാ​ണ് ഏ​ലം. വ​ന്‍​കി​ട തോ​ട്ട​ങ്ങ​ളി​ല്‍ പ​ണി​യെ​ടു​ത്ത് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു പേ​ര്‍ വേ​റെ​യു​മു​ണ്ട്. വ​ന്‍​കി​ട ക​ര്‍​ഷ​ക​ര്‍​ക്കു മാ​ത്ര​മാ​ണ് പ​ടു​താക്കു​ള​ത്തി​ല്‍നി​ന്നും മ​റ്റും വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​ത്. പ​ടു​താക്കു​ള​ങ്ങ​ളും വ​റ്റി​ത്തു​ട​ങ്ങി. മി​ക്ക തോ​ട്ട​ങ്ങ​ളി​ലെ​യും ഏ​ല​ത്തി​ന്‍റെ ത​ട്ട​യും ചി​മ്പും ശ​ര​വുംവ​രെ ക​രി​ഞ്ഞു​ണ​ങ്ങി​യ നി​ല​യി​ലാ​ണ്.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഏ​പ്രി​ല്‍ പ​കു​തി​വ​രെ​യെ​ങ്കി​ലും വി​ള​വെ​ടു​പ്പും മ​റ്റു പ​ണി​ക​ളും ന​ട​ക്കു​മാ​യി​രു​ന്നു. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തോ​ടെ പ​ല തോ​ട്ട​ങ്ങ​ളി​ലും ആ​ഴ്ച​ക​ളാ​യി പ​ണി നി​ര്‍​ത്തിവ​ച്ചി​രി​ക്കു​ക​യാ​ണ്. സ്വ​ന്ത​മാ​യി ജ​ല​സേ​ച​ന സം​വി​ധാ​ന​മി​ല്ലാ​ത്ത​വ​ര്‍ വെ​ള്ളം വി​ല​യ്ക്കുവാ​ങ്ങി ചെ​ടി​ക്ക് ഒ​ഴി​ക്കു​ക​യാ​ണ്. ഇ​ങ്ങ​നെ എ​ത്രനാ​ള്‍ മു​ന്നോട്ടുകൊ​ണ്ടുപോ​കാ​ന്‍ ക​ഴി​യു​മെ​ന്ന് പ​റ​യാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. മു​മ്പ് വേ​ന​ല്‍​ക്കാ​ല​ത്ത് ദി​വ​സം ഒ​രുനേ​രം ന​ന​ച്ചി​രു​ന്ന തോ​ട്ട​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ ര​ണ്ടുനേ​രം ന​ന​യ്ക്ക​ണം.

ഉ​പ്പു​ത​റ വ​റു​തി​യി​ൽ

ഉ​പ്പു​ത​റ: ഉ​പ്പു​ത​റ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ളക്ഷാ​മം രൂ​ക്ഷ​മാ​യി. പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴു മു​ത​ൽ 16 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ലാ​ണ് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ഏ​ഴാം വാ​ർ​ഡി​ൽ വാ​ട്ട​ർ ലെ​വ​ലി​ലു​ള്ള കി​ണ​റു​ക​ളെ ആ​ശ്ര​യി​ച്ചാ​യി​രു​ന്നു കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ച്ചി​രു​ന്ന​ത്. ഈ ​കി​ണ​റു​ക​ളും വ​റ്റി​യ​തോ​ടെ കു​ടി​വെ​ള്ളം വി​ല​കൊ​ടു​ത്ത് വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​യി.

ഉ​പ്പു​ത​റ കാ​ക്ക​ത്തോ​ട് മൂ​ന്നാം ഡി​വി​ഷ​ൻ, ആ​ന​പ്പ​ള്ളം, പു​തു​ക്ക​ട ര​ണ്ടാം ഡി​വി​ഷ​നി​ലെ ഏ​താ​നും ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ളക്ഷാ​മം നേ​രി​ടു​ന്ന​ത്. തോ​ട്ടം മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന എം​സി ക​വ​ല, കാ​ർ​ഗി​ൽ, ചെ​ട്ടി​പ്പ​താ​ൽ, കൈ​ത​പ്പ​താ​ൽ, അ​മ്പ​ല​പ്പാ​റ, പൊ​രി​ക​ണ്ണി, 23 ല​ക്ഷം വീ​ട് കോ​ള​നി, ചൊ​ര​യ്ക്കാ​മൊ​ട്ട തു​ട​ങ്ങി​യ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള​ള​ത്തി​ന് ക്ഷാ​മ​മാ​ണ്.

തോ​ട്ട​ത്തി​ലെ ച​തു​പ്പ് പ്ര​ദേ​ശ​ത്തും വാ​ട്ട​ർ ലെ​വ​ലി​ലും താത്കാ​ലി​ക കി​ണ​ർ കു​ഴി​ച്ച് അ​തി​ൽനി​ന്ന് ത​ല​ച്ചു​മ​ടാ​യാ​ണ് പ​ല​രും വെ​ള്ളം ശേ​ഖ​രി​ച്ചി​രു​ന്ന​ത്. ഈ ​കി​ണ​റു​ക​ളും വ​റ്റി​വ​ര​ണ്ടു. നി​ല​വി​ൽ വെ​ള്ളം വി​ല​യ്ക്കു വാ​ങ്ങു​ക​യാ​ണ്. വെ​ള്ളം വാ​ങ്ങാ​ൻ ആ​ഴ്ച​യി​ൽ 2,500 രൂ​പ​യോ​ളം ഇ​വ​ർ​ക്ക് ചെ​ല​വാ​കും. അ​ല​ക്കാ​നും കു​ളി​ക്കാ​നും ഇ​വ​ർ പെ​രി​യാ​റി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്നുവേ​ണം പെ​രി​യാ​റ്റി​ൽ എ​ത്താ​ൻ. രാ​വി​ലെ പ​ണി​ക്കുപോ​യി തി​രി​കെ വ​ന്ന് സ​ന്ധ്യ​യോ​ടെ​യാ​ണ് മ​ക്ക​ളു​മൊ​ത്ത് ആ​റ്റി​ൽ കു​ളി​ക്കു​ന്ന​തി​നും അ​ല​ക്കു​ന്ന​തി​നും സ​മ​യം ക​ണ്ടെ​ത്തു​ന്ന​ത്. അ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നും കു​ടി​വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ പോ​യി വേ​ണം വെ​ള്ളം വി​ല​യ്ക്ക് ന​ൽ​കു​ന്ന​വ​ർ കൊ​ണ്ടു​വ​രു​ന്ന​ത്. ദൂ​രം കൂ​ടു​ന്ന​ത​നു​സ​രി​ച്ച് വി​ല​യും വ​ർ​ധി​ക്കും.

ആ​ഴ്ച​യി​ൽ കു​റ​ഞ്ഞ​ത് മൂ​ന്നു ത​വ​ണ​യെ​ങ്കി​ലും വെ​ള്ളം വി​ല​യ്ക്ക് വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്. വ​ലി​യ സാ​മ്പ​ത്തി​കമാ​ന്ദ്യം നേ​രി​ടു​ന്ന പ്ര​ദേ​ശ​ത്ത് വെ​ള്ള​ത്തി​നുകൂ​ടി പ​ണം ക​ണ്ടെ​ത്തേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളും ക​ർ​ഷ​ക​രും സാ​ധാ​രണ ജ​ന​ങ്ങ​ളും.

തു​ലാ​മ​ഴ ച​തി​ച്ച​തും വേ​ന​ൽമ​ഴ ആ​വ​ശ്യ​ത്തി​ന് ലഭിക്കാ​ത്ത​തും കാ​ര​ണം വ​ള​രെ നേ​ര​ത്തേത​ന്നെ കി​ണ​റു​ക​ളും കു​ള​ങ്ങ​ളും വ​റ്റി​പ്പോ​യി. നി​ല​വി​ലെ പ്ര​തി​ഭാ​സം​കൂ​ടിയാ​യ​പ്പോ​ൾ കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​യി മാ​റി.

Tags : nattuvishesham local news High Range

Recent News

Corehub Up