ഇരിട്ടി പുഴയിൽ മാലിന്യം തള്ളിയതിനെ തുടർന്ന് പുഴയോരത്തെ ടൂറിസ്റ്റ് ഹോമിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നു.
ഇരിട്ടി: ഇരിട്ടി പാലത്തിനു സമീപത്തെ പിവിഎം ടൂറിസ്റ്റ് ഹോമിൽ നിന്നു പുഴയിലേക്കു മാലിന്യം തള്ളിയെന്ന പരാതിയിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി. ടൂറിസ്റ്റ് ഹോമിലും പരിസരത്തും നടത്തിയ പരിശോധനയിൽ മാലിന്യസംസ്കരണ സംവിധാനങ്ങളുടെ അഭാവവും വൃത്തിഹീനമായ സാഹചര്യങ്ങളും കണ്ടെത്തി. ടൂറിസ്റ്റ് ഹോമിന് 10,000 രൂപ പിഴ ചുമത്തി.
കഴിഞ്ഞദിവസമാണ് ഇരിട്ടി പാലത്തിനു മുകളിൽ നിന്ന് ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരൻ പുഴയിലേക്ക് മാലിന്യം തള്ളാൻ എത്തിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതുസംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തിയത്. ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരനായ വീരാജ്പേട്ട സ്വദേശി ഹംസയോട് ആരോഗ്യവിഭാഗം വിവരങ്ങൾ തേടി. ഭക്ഷ്യാവശിഷ്ടങ്ങൾ പുഴയിൽ തള്ളിയതായി ഇയാൾ സമ്മതിച്ചതായും അധികൃതർ അറിയിച്ചു. പുഴയോരത്ത് പ്രവർത്തിക്കുന്ന ടൂറിസ്റ്റ് ഹോമിൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങളില്ലെന്നു പരിശോധനയിൽ കണ്ടെത്തി.
പ്ലാസ്റ്റിക്ക് കുപ്പികൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ സമീപത്തെ പുഴയിലേക്കും പഴശി ജലസംഭരണി പ്രദേശത്തേക്കും വലിച്ചെറിയുന്നതായും ആരോഗ്യവിഭാഗം കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളുടെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റുന്ന പഴശി ജലസംഭരണിയിലേക്ക് മാലിന്യം തള്ളുന്നത് ഗൗരവകരമായ കുറ്റമാണെന്നും സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് സി. കുറ്റിയാനിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.ടി. അനിൽകുമാർ, ജിതിൻ ജോർജ്, സന്ദീപ് സുധാകരൻ, പായം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റീജ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Tags :