എടത്തലയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രം മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യുന്നു.
ആലുവ: മാലിന്യ സംസ്കരണം സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോ വ്യക്തിയുടെയും കടമയാണെന്നും മന്ത്രി കെ.എം. ഷാജി. പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രമായ ആർഡിഎഫ് യൂണിറ്റ് എടത്തലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ സംവിധാനങ്ങളോട് ജനങ്ങൾ പൂർണമായി സഹകരിച്ച് നിൽക്കണം. ഹരിതകർമസേനയും തദ്ദേശ സ്ഥാപനങ്ങളും ഒരുക്കുന്ന സംവിധാനങ്ങളെ ചേർത്തുപിടിച്ചാൽ മാത്രമേ ശുചിത്വ കേരളം യാഥാർത്ഥ്യമാകൂ. ഗ്രീൻവേംസ് അടക്കമുള്ള പ്രവർത്തനങ്ങൾ ഈ രംഗത്ത് അത്യന്തം മാതൃകാപരമാണ്. പൊതുഇടങ്ങളിൽ മാലിന്യം തള്ളാതിരിക്കുന്നതിലൂടെയും ഓരോ പൗരനും ഈ വിപ്ലവത്തിന്റെ ഭാഗമാകണമെന്നും മന്ത്രി പറഞ്ഞു.
അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. ഗ്രീൻവേംസ് സിഇഒ ജാബിർ കാരാട്ട്, എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ. മാഹിൻ, ജില്ലാ പഞ്ചായത്തംഗം പി.എം. നാദിർഷ, കബീർ ഹാറൂൻ എന്നിവർ പ്രസംഗിച്ചു.