വയനാട് ഫ്ളവര്‍ ഷോയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി നിര്‍വഹിക്കുന്നു.
കല്‍പ്പറ്റ: വയനാട് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വയനാട് ഫ്ളവര്‍ ഷോ 27 മുതല്‍ ജനുവരി രണ്ട് വരെ കല്‍പ്പറ്റ ഫ്ളവര്‍ ഷോ നഗരിയില്‍ നടക്കും.പരിപാടിയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ജോണി പാറ്റാനി, പ്രിന്‍സിപ്പല്‍ അഴികള്ച്ചറല് ഓഫിസര്‍ ബി.ജെ. സീമ, സെക്രട്ടറി വി.പി. രത്നരാജ്, ഭരണ സമിതി അംഗങ്ങളായ അഷ്റഫ് വേങ്ങാട്, കെ.കെ.എസ്. നായര്‍, കെ. പ്രകാശന്, ഹൈദ്രു, ജാക്സന് ജോര്‍ജ്, ഷാഫി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കല്‍പ്പറ്റ ബൈപാസിലുള്ള ആറ് ഏക്കറോളം വരുന്ന ഫ്ളവര്‍ഷോ ഗ്രൗണ്ടില്‍ ഏകദേശം 50,000 ചതുരശ്ര അടി സ്ഥലത്ത് ഒരുക്കുന്ന വൈവിധ്യമാര്‍ന്ന പുഷ്പങ്ങളുടെ നിരയാണ് ഇത്തവണ സജ്ജീകരിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയമായ അപൂര്‍വയിനം പുഷ്പങ്ങളും അലങ്കാരച്ചെടികളും ഫ്ളവര്‍ ഷോയുടെ പ്രധാന ആകര്‍ഷണമായിരിക്കും.
ഫ്ളവര്‍ ഷോയോടനുബന്ധിച്ച് ഒരുക്കുന്ന ആമസോണ്‍ ഫോറസ്റ്റ് വന്യതയുടെയും പ്രകൃതിസൗന്ദര്യത്തിന്റെയും വേറിട്ട അനുഭവം സന്ദര്‍ശകര്‍ക്ക് സമ്മാനിക്കും. പ്രധാന ആകര്‍ഷണമായ ഗോസ്റ്റ് ഹൗസ്, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന വൈവിധ്യമാര്‍ന്ന അമ്യൂസ്മെന്റ് റൈഡുകളും വിനോദ പരിപാടികളും മേളയ്ക്ക് മാറ്റുകൂട്ടും. സെല്‍ഫി പോയിന്റ്, കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശനം, വിദ്യാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കും പൊതുജനങ്ങള്‍ക്കുമായുള്ള വിവിധ മത്സരങ്ങളും പരിപാടിയോട് അനുബന്ധിച്ച് നടക്കും.
വിവിധ ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ബിസിനസ് സ്റ്റാളുകള്‍, നഴ്സറി സ്റ്റാളുകള്‍, ഹോര്‍ട്ടികള്‍ച്ചര്‍, കൃഷി അനുബന്ധ സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, ഫുഡ് കോര്‍ട്ട് എന്നിവയും ഫ്ളവര്‍ ഷോ നഗരിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. വയനാടിന്റെ വിനോദസഞ്ചാര മേഖലയ്ക്കും കാര്‍ഷിക രംഗത്തിനും വലിയ ഉണര്‍വ് നല്കുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447162784, 8075336277.
Tags : Flower Show wayanadflowershow NattuVishesham DistrictNews