ചൈതന്യയും വരന് അഖിലും ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജനും പത്നി പ്രസന്നാമ്മയ്ക്കുമൊപ്പം.
കൊല്ലം: അഗതികള്‍ക്കും ആലംബഹീനര്‍ക്കും അഭയവും സംരക്ഷണവും നല്കുന്ന പത്തനാപുരം ഗാന്ധിഭവനിലെ പ്രിയമകള്‍ ചൈതന്യയ്ക്ക് ഇന്ന് മാംഗല്യം. തിരുവനന്തപുരം പാറശാല ആടുമന്‍കാട് കമല്‍ നിവാസില്‍ കമലാസനന്-സരസ്വതി ദമ്പതികളുടെ മകനും ബിഎസ്സി നഴ്സിംഗ് ബിരുദധാരിയുമായ അഖില്‍ എസ്. കമലാണ് വരന്. ഇന്ന് രാവിലെ 11ന് പത്തനാപുരം ഗാന്ധിഭവനിലാണ് വിവാഹം.
മാതാപിതാക്കളെ കണ്ട ഓര്‍മയില്ലാത്ത ചൈതന്യയുടെ ബാല്യകാലം ദുരിതപൂര്‍ണമായിരുന്നു. രണ്ട് സഹോദരിമാര്‍ മാത്രമായിരുന്നു ആശ്രയം. നാലു കമ്പുകളില്‍ ഷീറ്റ് വലിച്ചുകെട്ടിയ വീട്ടിലായിരുന്നു താമസം. മാതാപിതാക്കളുടെ സ്നേഹവും ലാളനയും ലഭിക്കേണ്ട പ്രായത്തില്‍ അവഗണനയും കുറ്റപ്പെടുത്തലുകളും മാത്രമാണ് നേരിടേണ്ടിവന്നത്.
ഇവരെ ആലപ്പുഴ എസ്ഡിവി സ്കൂളിലെ കൗണ്‍സിലര്‍മാര്‍ ഇടപെട്ട് ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും ശുപാര്‍ശയോടെ ഗാന്ധിഭവനിലെത്തിക്കുകയായിരുന്നു. ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന്റെയും ഭാര്യ പ്രസന്നാമ്മയുടെയും പ്രിയപ്പെട്ട മകളായി ചൈതന്യ മാറി.
ഗാന്ധിഭവനിലെത്തിയതോടെ പാതിവഴിയില്‍ മുടങ്ങിയ മൂവരുടെയും പഠനം പുനരാരംഭിച്ചു. മൂത്ത സഹോദരി സ്പെഷല്‍ സ്കൂള്‍ ട്രെയിനിംഗ് കോഴ്സും രണ്ടാമത്തെ സഹോദരി ജനറല്‍ നഴ്സിംഗും പൂര്‍ത്തിയാക്കി. ഇരുവരുടെയും വിവാഹവും ഗാന്ധിഭവന്റെ നേതൃത്വത്തിലാണ് നടത്തിയത്.
ജനറല്‍ നഴ്സിംഗിനുശേഷം പോസ്റ്റ് ബിഎസ്സി നഴ്സിംഗും പൂര്‍ത്തിയാക്കിയ ചൈതന്യ കൊല്ലം ഉപാസന നഴ്സിംഗ് കോളജില്‍ ലക്ചററായി ജോലി ചെയ്തുവരുന്നതിനിടെയാണ് അയര്‍ലന്‍ഡിലേക്ക് പോയത്. വരന് അഖിലും അയര്‍ലന്‍ഡില്‍ നഴ്സായി ജോലി ചെയ്യുകയാണ്.
Tags : Nattuvishesham DistrictNews DeepikaNews Wedding Day