കോയമ്പത്തൂർ: ശബരിമല തീർഥാടനകാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോർ - കൊല്ലം റൂട്ടിൽ ദക്ഷിണ റെയിൽവേ പ്രതിവാര പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. ഇന്നു മുതൽ 2027 ജനുവരി 24 വരെയാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ട്രെയിൻ നമ്പർ 06121 ചെന്നൈ എഗ്മോറിൽ നിന്ന് എല്ലാ ശനിയാഴ്ചയും രാത്രി 11.40ന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് 4.30ന് കൊല്ലത്തെത്തും. ആകെ 10 സർവീസുകളാണ് ഈ ട്രെയിനിനുണ്ടാകുക.
മടക്കയാത്രയ്ക്കുള്ള ട്രെയിൻ നമ്പർ 06122 എല്ലാ ഞായറാഴ്ചയും വൈകിട്ട് 6.45ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.40ന് ചെന്നൈ സെൻട്രലിലെത്തും. ഈ ട്രെയിനും 10 സർവീസുകൾ നടത്തും.
ജോലാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ തുടങ്ങിയ സ്റ്റേഷനുകൾ വഴിയാണ് ട്രെയിനുകൾ സർവീസ് നടത്തുക. പെരമ്പൂർ, അരക്കോണം, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം തുടങ്ങിയ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും. എസി, സ്ലീപ്പർ ക്ലാസ് കോച്ചുകൾ ട്രെയിനുകളിൽ ഉണ്ടായിരിക്കും.
Tags : Weekly special train service NattuVishesham DistricteNews