വോര്‍ക്കാടിയില്‍ റോഡരികില്‍ കാണപ്പെട്ട കാട്ടുപന്നിയുടെ ജഡം.
മഞ്ചേശ്വരം: കാസര്‍ഗോഡ്-ദക്ഷിണ കന്നഡ അതിര്‍ത്തിയിലുള്ള വോര്‍ക്കാടി പഞ്ചായത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി കാട്ടുപന്നികള്‍ ചത്ത നിലയില്‍ കണ്ടെത്തി. പൊയ്യെ, കല്ലാജെ പ്രദേശങ്ങളിലായി 10 കാട്ടുപന്നികളുടെ ജഡമാണ് കണ്ടെത്തിയത്.
സമീപപ്രദേശങ്ങളിലും അഴുകിയ ജഡങ്ങളുടെ ദുര്‍ഗന്ധം വരുന്നത് കണക്കിലെടുക്കുമ്പോള്‍ യഥാര്‍ത്ഥ എണ്ണം ഇതിലും കൂടുതലാകാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. കാട്ടുപന്നികളുടെ ദേഹത്ത് മുറിവുകളൊന്നും കാണപ്പെട്ടില്ല. എന്നാല്‍ ഒരെണ്ണത്തിന്റെ വായില്‍ വെള്ളനിറത്തിലുള്ള പത കാണപ്പെട്ടു. ഇതോടെ രോഗബാധയാകാം മരണകാരണമെന്ന് സംശയിക്കുന്നു. ഇതേതുടര്‍ന്ന് ആരോഗ്യം, മൃഗസംരക്ഷണം, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഇന്നലെ പ്രദേശം സന്ദര്‍ശിച്ചു. ഇന്നലെ ചത്ത പെണ്‍പന്നിയെ വനം വകുപ്പിലെ വെറ്ററിനറി ഡോക്ടര്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ കണ്ണൂരിലേക്ക് അയയ്ക്കുമെന്ന് കാസര്‍ഗോഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സി.വി.വിനോദ് കുമാര്‍ അറിയിച്ചു.
എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു
വോര്‍ക്കാടി പഞ്ചായത്തില്‍ പന്നിപ്പനി എന്നറിയപ്പെടുന്ന എച്ച് വണ്‍ എന്‍ വണ്‍ ഇന്‍ഫ്ലുവന്‍സയുടെ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ടി.രേഖ അറിയിച്ചു. ഹൃദ്രോഗിയായ 67കാരനാണ് രോഗി. ഇദ്ദേഹം സുഖം പ്രാപിച്ചു. പഞ്ചായത്തില്‍ കാട്ടുപന്നികള്‍ ചത്തുവീണ സംഭവവുമായി അദ്ദേഹത്തിന്റെ രോഗബാധയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടെന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കോ അയല്‍വാസികള്‍ക്കോ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും ഡിഎംഒ പറഞ്ഞു.
ജില്ലയില്‍ ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരു പകര്‍ച്ചവ്യാധിയാണ് എച്ച് വണ്‍ എന്‍ വണ്‍ ഇന്ഫ്ലുവന്സയെന്ന് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ബി. സന്തോഷ് പറഞ്ഞു. രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യം ജില്ലയില്‍ നിലവിലില്ല. അതേസമയം മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്ക് ഈ രോഗം കൂടുതല്‍ അപകടകരമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഗബാധിതരായ വ്യക്തികള്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തുവരുന്ന സ്രവത്തുള്ളികളിലൂടെയാണ് ഈ വൈറസ് പ്രധാനമായും പകരുന്നത്. രോഗാണുക്കള്‍ പറ്റിപ്പിടിച്ച പ്രതലങ്ങളില്്പര്ശിച്ച ശേഷം കണ്ണിലോ മൂക്കിലോ വായിലോ തൊടുന്നതിലൂടെയും രോഗം പകരാം. ജൂലൈ 29നു കാഞ്ഞങ്ങാട് മാണിക്കോത്തെ യശോദ (56) എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മംഗളുരുവില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.
Tags : Nattuvishesham Districtnews Wild boars