ചാത്തന്നൂർ: വ്യാജ നിർമിത വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിലായി. കല്ലുവാതുക്കൽ വിലവൂർക്കോണം കൗസ്തുഭത്തിൽ അഭിഷേക് (23) ആണ് അറസ്റ്റിലായത്. ചാക്കിൽ കെട്ടി കൊണ്ടുപോവുകയായിരുന്ന 50 ലിറ്റർ മദ്യം പിടിച്ചെടുത്തു.
ഡാഡി വിത്സൺ എന്ന ബ്രാൻഡിന്റെ പേര് ഉപയോഗിച്ചാണ് വ്യാജമദ്യം തയാറാക്കിയിരുന്നത്. ഹോളോഗ്രാം പരിശോധിച്ചപ്പോഴാണ് യഥാർഥ കമ്പിനിയുടെ മദ്യമല്ലെന്നും വ്യാജ നിർമിതമാണെന്നും ഹോളോഗ്രാമും വ്യാജനാണെന്ന് കണ്ടെത്തിയത്. ചില്ലറ വില്പനക്കാർക്ക് എത്തിച്ചു കൊടുക്കാനായി കൊണ്ടുപോകുമ്പോൾ ചാത്തന്നൂർ താഴം തെക്ക് ശീലാന്തിമുക്കിൽ വച്ചാണ് പിടിയിലായത്. ചാത്തന്നൂർ റെയ്ഞ്ച് ഇൻസ്പെക്ടർ എസ്. മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. വ്യാജ വിദേശ മദ്യ നിർമാണമായതിനാൽ അന്വേഷണം കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ നടത്തും.