മൂലമറ്റം ത്രിവേണി സംഗമത്തില്‍ യുവതികള്‍ അപകടത്തില്‍പ്പെട്ട സ്ഥലം.
മൂലമറ്റം: ത്രിവേണി സംഗമത്തില്‍ അകപ്പെട്ട രണ്ടു യുവതികളെ നാട്ടുകാര്‍ അതിസാഹസികമായി രക്ഷിച്ചു. ഇന്നലെ രാവിലെ 11.15ഓടെയായിരുന്നു സംഭവം. എകെജി കോളനിയിലെ വാഴേപറമ്പില്‍ അലീന ബിനു (22), കൂട്ടുകാരി ചേര്‍പ്പുങ്കല്‍ സ്വദേശിനി പാര്‍വതി (23) എന്നിവരാണ് മൂലമറ്റം വലിയാറും നാച്ചാറും പവര്‍ഹൗസില്‍നിന്നു വൈദ്യുതി ഉത്പാദനത്തിനുശേഷം കനാലിലൂടെ പുറന്തള്ളുന്ന വെള്ളവും ഒത്തുചേരുന്ന ത്രിവേണി സംഗമത്തില്‍ കാല്‍വഴുതി അകപ്പെട്ടത്.
ഇവരുടെ നിലവിളികേട്ട് പുഴയില്‍ കുളിക്കാനെത്തിയ സ്ത്രീകള്‍ ഒച്ചവച്ചതിനെത്തുടര്‍ന്ന് എകെജി കോളനിയിലെ എന്‍.എം. ജീമോന്‍ നടുപ്പറമ്പില്‍, ദിലീപ് പരമേശ്വരന്, സമീപവാസിയായ റിട്ട. എസ്ഐ തോമസ് പുതുപ്പറമ്പില്‍, അനീഷ് ചെങ്കിലാത്ത് എന്നിവര്‍ ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി.
എകെജി ബോയ്സ് ത്രിവേണി സംഗമത്തില്‍ അകപ്പെടുന്നവരെ രക്ഷിക്കുന്നതിനായി ലൈഫ്ജായ്ക്കറ്റും വടവും പുഴയുടെ സംരക്ഷണഭിത്തിയോടു ചേര്‍ന്ന് സ്ഥാപിച്ചിരുന്നു. ഇതുപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഗമത്തിന്റെ ആഴങ്ങളില്‍ അകപ്പെട്ടുപോയ ഇവരെ നീന്തിയെത്തി വടമിട്ട് ലൈഫ്ജായ്ക്കറ്റ് ഉപയോഗിച്ച് കരയിലെത്തിക്കുകയായിരുന്നു. പകല്‍സമയം പവര്‍ഹൗസില്‍നിന്നുള്ള വൈദ്യുതോത്പാദനം കുറച്ചിരുന്നതിനാല്‍ പുഴയില്‍ വെള്ളം താഴ്ന്നനിലയിലായിരുന്നു. ഇതിനാല്‍ ത്രിവേണി സംഗമത്തില്‍ ചുഴിയോ വലിയ ഒഴുക്കോ ഉണ്ടായിരുന്നില്ല. ഇതാണ് ഇവരുടെ ജീവന് രക്ഷിക്കാന്‍ സഹായകമായത്.
ത്രിവേണി സംഗമത്തിന്റെ കരയിലെത്തിച്ച ഇവരെ തൂക്കുപാലത്തിന്റെ തോളിലേറ്റി എകെജി കോളനിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും കാഞ്ഞാര്‍ പൊലിസും മൂലമറ്റം യൂണിറ്റില്‍നിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങളും എത്തിയിരുന്നു.
ഇവരുടെ നേതൃത്വത്തില്‍ വെള്ളത്തിലകപ്പെട്ട രണ്ട് യുവതികളെയും മൂലമറ്റം ബിഷപ് വയലില്ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ത്രിവേണി സംഗമത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധിപ്പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.
ത്രിവേണി സംഗമത്തില്‍ അപകടം തുടര്‍ക്കഥ
മൂലമറ്റം: ത്രിവേണി സംഗമത്തില്‍ അപകടം തുടര്‍ക്കഥയാകുകയാണ്. ഏതാനുംവര്ഷങ്ങള്ക്കിടെ ഇവിടെ എട്ടുപേരുടെ ജീവന് പൊലിഞ്ഞിട്ടുണ്ട്. അപകടത്തില്‍പ്പെട്ട പലരെയും നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെ രക്ഷിക്കാനായതിനാലാണ് കൂടുതല്‍ മരണം ഒഴിവായത്.
മൂലമറ്റം പവര്‍ഹൗസില്‍ ആറു ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ടെയില്‍ റേസ് കനാലിലൂടെ വലിയ ഒഴുക്കാണ് ഉണ്ടാകുന്നത്. വലിയാറിലെയും നാച്ചാറിലെയും വെള്ളംകൂടി ഇതോടൊപ്പം ചേരുമ്പോള്‍ പുഴയില്‍ വലിയ കുത്തൊഴുക്കുണ്ടാകും. ഇത്തരം സാഹചര്യത്തില്‍ നിലയില്ലാക്കയത്തില്‍ അകപ്പെട്ടും ഒഴുക്കില്‍പ്പെട്ടുമാണ് പലരും മരണമടഞ്ഞത്.
സന്ധ്യാസമയത്ത് അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കുന്നത് ഏറെ ദുഷ്കരമാണ്. നിരവധിപ്പേര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഇതിനു സമീപമുള്ള എകെജി കോളനിയിലെ ആളുകള്‍ ചേര്‍ന്ന് ത്രിവേണി സംഗമത്തിനു സമീപം സംരക്ഷണഭിത്തിയില്‍ വടം കെട്ടുകയും ലൈഫ്ജായ്ക്കറ്റ് സ്ഥാപിക്കുകയും ചെയ്തു. ഇതാണ് ഇപ്രാവശ്യം രണ്ടു യുവതികളുടെ ജീവന് രക്ഷിക്കാന്‍ ഇടയാക്കിയത്.
നിരവധി അപകടങ്ങള്‍ നടന്ന ഇവിടെ മുന്നറിയിപ്പ് ബോര്‍ഡുകളും സുരക്ഷയ്ക്കായി ഉപകരണങ്ങളും സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ അധികൃതര്‍ക്കു മുന്നില്‍ പലപ്പോഴായി ആവശ്യം ഉന്നയിച്ചെങ്കിലും ത്രിതല പഞ്ചായത്തുകളുടെയോ സര്‍ക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ ഭാഗത്തുനിന്നു യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് പ്രശ്നം സങ്കീര്‍ണമാക്കുന്നത്.
Tags :