ആയുഷ്മാൻ ഭാരത്
ആയുഷ്മാൻ ഭാരത്
Wednesday, November 27, 2019 5:03 PM IST
പാവപ്പെട്ടവരും ദുർബലരുമായി പത്തുകോടി കുടുംബങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിയാണ് ആയുഷ്മാൻ ഭാരത് അഥവാ നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ സ്കീം. ഇതിൽ ചേരാൻ യോഗ്യതയുള്ളവർ അതിൽ ചേർന്നുവെന്നു ഉറപ്പുവരുത്തുക. സാന്പത്തിക പ്രയാസത്തിന്‍റെ നാളുകളിൽ തീർച്ചയായും ഇതു സഹായം മാത്രമല്ല, ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള സന്പാദ്യവും കൂടിയായിരിക്കും.
പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ കവറേജ് കിട്ടുന്ന ഈ പദ്ധതി ഒരു വർഷം പൂർത്തിയാക്കിയിരിക്കുകയാണ്.

പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (പിഎംജെവൈ) എന്നും മോദി കെയർ’ എന്നും അറിയപ്പെടുന്ന ഈ പദ്ധതി കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 2018 സെപ്റ്റംബർ 23 ന് പദ്ധതി ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ 50 കോടിയിലധികം വരുന്ന ജനങ്ങൾക്ക് ഉപകാരമാകട്ടെ എന്ന നിലയ്ക്കാണ് പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. 2019 സെപ്റ്റംബറിൽ ഒരു വർഷം പൂർത്തിയാക്കുന്പോൾ പൊതു-സ്വകാര്യ മേഖലയിൽനിന്നുള്ള 18,059 ആശുപത്രികൾ പദ്ധതിയിൽ എം പാനൽ ചെയ്തു കഴിഞ്ഞു. പദ്ധതിയൽ 48,38,422 പേർ ഇതുവരെ ചേർന്നു കഴിഞ്ഞു. പത്തു ലക്ഷത്തോളം ഇ-കാർഡുകൾ ഇഷ്യു ചെയ്തിട്ടുണ്ട്.

എന്താണ് ആയുഷ്മാൻ ഭാരത്

സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന 10 കോടി കുടുംബങ്ങൾക്ക് (ഏകദേശം 50 കോടി ആളുകൾക്ക്) പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ കവറേജ് നൽകുക എന്നതാണ് ആയുഷ്മാൻ ഭാരതിന്‍റെ ലക്ഷ്യം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സംരംക്ഷണ പദ്ധതിയായാണ് ആയുഷ്മാൻ ഭാരത് അറിയപ്പെടുന്നത്. പദ്ധതിയുടെ നേട്ടം ഉപഭോക്താക്കൾക്ക് രാജ്യത്ത് എവിടെ നിന്നും ലഭ്യമാകുന്നതാണ്. പദ്ധതിയിൽ അംഗമാകുന്നവർക്ക് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യത്തെ ഏത് പൊതുസ്വാകര്യ ആശുപത്രികളിൽ നിന്നും പണമില്ലാതെ ചികിത്സ നേടാം.
നാഷണൽ ഹെൽത്ത് ഏജൻസി പ്രധാനപ്പെട്ട മൂന്ന് ഐടി ടൂളുകൾ ആയുഷ്മാൻ ഭാരതിന്‍റെ സുഗമമായ പ്രവർത്തനത്തിനായി തയ്യാറാക്കിയിട്ടുണ്ട്. ലളിതമായ രജിസ്ട്രേഷൻ പ്രക്രിയയും ഹോസ്പിറ്റലുകളുടെ ലിസ്റ്റും , ഡെമോഗ്രാഫിക്, ബയോമെട്രിക് എന്നിവ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ, കൃത്യസമയത്തും സുരക്ഷിതമായിട്ടുള്ളതുമായ ഇടപാടുകൾ എന്നിവയാണ് മൂന്ന് ഐടി ടൂളുകൾ.

കവറേജ് ആർക്കൊക്കെ

2011 ലെ സാമൂഹികസാന്പത്തികജാതി സെൻസസിന്‍റെ അടിസ്ഥാനത്തിൽ ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന ഏകദേശം 10 കോടിയിലധികം കുടുംബങ്ങൾക്ക് പദ്ധതിയിലൂടെ നേട്ടം നൽകുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. അർഹരായവരാരും പദ്ധതിയൽ നിന്നും പുറത്തുപോകരുതെന്ന ലക്ഷ്യത്തോടെ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, പ്രായം എന്നിങ്ങനെയുള്ള നിബന്ധനകളൊന്നും പദ്ധതിക്കില്ല. ആശുപത്രിയിൽ അഡ്മിറ്റാകുന്നതിനു മുന്പും ശേഷവുമുള്ള ചെലവുകളെല്ലാം കവറേജിൽ ഉൾപ്പെടും.

നഗര പ്രദേശങ്ങളിൽ

1. പഴയ സാധനങ്ങൾ ശേഖരിക്കുന്നവർ
2. യാചകർ
3. വീട്ടു ജോലിക്കാർ
4. വഴിയോരക്കച്ചവടക്കാർ
5. കെട്ടിട നിർമാണം, പെയിൻറിംഗ്, വെൽഡിംഗ്, സെക്യൂരിറ്റി ഗാർഡ്, കൂലി തുടങ്ങിയ ജോലി ചെയ്യുന്നവർ
6. തൂപ്പുകാർ,ശുചീകരണത്തൊഴിലാളികൾ
7. കരകൗശല വസ്തു നിർമിക്കുന്നവർ
8. ഡ്രൈവർ, കണ്ടക്ടർ, ഓട്ടോറിക്ഷ ഡ്രൈവർമാർ
9. കടകളിലെ ജോലിക്കാർ, ചെറിയ സ്ഥാപനങ്ങളിലെ പ്യൂണ്‍മാർ, അറ്റൻഡർ, വെയിറ്റർ
10. ഇലക്ട്രീഷ്യൻ, മെക്കാനിക്ക്
11. ഗേറ്റ് കീപ്പർ

ഗ്രാമ പ്രദേശങ്ങളിൽ യോഗ്യരായിട്ടുള്ളവർ

1. അടച്ചുറപ്പില്ലാത്ത ഭിത്തിയും മേൽക്കൂരയുമുള്ള ഒറ്റമുറി വീട്ടിൽ താമസിക്കുന്നവർ.
2. 16 വയസിനും 59 വയസിനുമിടയിലുള്ള പ്രായപൂർത്തിയായിട്ടുള്ള അംഗങ്ങളില്ലാത്ത കുടുംബങ്ങൾ
3. 16 വയസിനും 59 വയസിനുമിടയിലുള്ള പ്രായപൂർത്തിയായിട്ടുള്ള പുരുഷ അംഗങ്ങളില്ലാത്തതും സ്ത്രീകൾ കുടുംബനാഥമാരുമായിട്ടുള്ള കുടുംബങ്ങൾ.
4. അംഗവൈകല്യമുള്ള ഒരാളെങ്കിലുമുള്ള കുടുംബങ്ങൾ.
5. എസ് സി,എസ്ടി കുടുംബങ്ങൾ
6. ഭൂമിയില്ലാത്ത കുടുംബങ്ങൾ. വരുമാനം തൊഴിലിലൂടെ കണ്ടെത്തുന്നവർ
7. വീടില്ലാത്തവർ
8. അഗതികൾ,അനാഥർ
9. തോട്ടിപ്പണിക്കാർ
10. ആദിവാസികൾ
11. അടിമപ്പണിയിൽനിന്നു മോചിപ്പിക്കപ്പെട്ടവർ .

ഉപഭോക്താക്കളെ എങ്ങനെ അറിയിക്കും

1. അർഹരായ ഉപഭോക്താക്കൾക്ക് കത്ത് അയക്കും
2. 14555 എന്ന നന്പറിൽ പ്രവർത്തിക്കുന്ന കോൾ സെന്‍റർ ഉപഭോക്താക്കൾക്ക് സേവനം നൽകാൻ എപ്പോഴും ഉണ്ടാകും.
3. പതിനായിരം ആശുപത്രികൾ, മൂന്നു ലക്ഷം കോമണ്‍ സർവീസ് സെന്‍ററുകൾ, മാധ്യമങ്ങൾ എന്നിവ വഴിയും വിവരങ്ങൾ നൽകും.

പ്രീമിയം തുക കണ്ടെത്തുന്നത്

കവറേജിന് ആവശ്യമായ പ്രീമിയം തുക കണ്ടെത്തുന്നത് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്നാണ്. പ്രീമിയത്തിന്‍റെ 60 ശതമാനം കേന്ദ്രസർക്കാർ വഹിക്കുന്പോൾ സംസ്ഥാനങ്ങളും സ്വന്തമായി ഭരണമുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളും 40 ശതമാനം മുടക്കണം. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ജമ്മു ആൻഡ് കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ ഹിമാലയൻ സംസ്ഥാനങ്ങളിൽ ഇത് 90:10 അനുപാതത്തിലാണ്.

സ്വന്തമായി ഭരണമില്ലാത്ത കേന്ദ്ര ഭരണപ്രദേശങ്ങളിൽ 100 ശതമാനം തുകയും കേന്ദ്ര സർക്കാർ തന്നെ കണ്ടെത്തും. സംസ്ഥാനങ്ങൾക്ക് അവരുടെ നിലവിലുള്ള പദ്ധതികളുമായി മുന്നോട്ടു പോകാവുന്നതാണ്.


എങ്ങനെ കവറേജ് ലഭ്യമാകും

* രോഗിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണം
* രോഗി പിഎംജഐവൈക്ക് യോഗ്യതയുള്ളയാളാണോ എന്ന് ഉറപ്പുവരുത്തണം. അതിനു മുന്പ് വ്യക്തിയുടെ ഐഡൻറിറ്റി ആധാർ ഉപയോഗിച്ച് ഉറപ്പാക്കണം.
* ആശുപത്രി ജീവനക്കാർ ചികിത്സ പാക്കേജ് നിർദേശിക്കും. പദ്ധതിപ്രകാരം ചികിത്സയ്ക്കാവശ്യമായ തെളിവുകൾ നൽകും.
* രോഗിക്ക് കൃത്യമായ ചികിത്സ നൽകും
* കൃത്യമായ ചികിത്സയ്ക്കുശേഷം രോഗിയെ ഡിസ്ചാർജ് ചെയ്യും.
* ഡിസ്ചാർജ് സമ്മറിയും ചികിത്സിച്ചതിന്‍റെ തെളിവുകളും സമർപ്പിക്കുക. ഇലക്ട്രോണിക് പേമെൻറ് സംവിധാനത്തിലൂടെ സർക്കാർ ബാങ്കുവഴി ആശുപത്രിക്ക് പണം നൽകും.

ആയുഷ്മാൻ ഭാരതിന്‍റെ സവിശേഷതകൾ

* ഒരു കുടുംബത്തിന് ഒരു വർഷം അഞ്ചു ലക്ഷം രൂപയുടെ കവറേജ് ലഭിക്കും.
* 2011 ലെ സെൻസസിൽ ഉൾപ്പെട്ട ഏകദേശം 10.74 കോടി കുടംബങ്ങളിലെ പാവപ്പെട്ടവരും സമൂഹത്തിന്‍റെ താഴെക്കിടയിലുമുള്ളവരുമായ ആളുകൾ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് അർഹരാണ്. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, പ്രായം എന്നിവ പ്രശ്നമല്ല.
* പദ്ധതി ഏതു രീതിയിൽ നടപ്പിലാക്കണമെന്നു സംസ്ഥാനങ്ങൾക്കു തീരുമാനിക്കാം.
* പദ്ധതി പ്രകാരമുള്ള നേട്ടം രാജ്യത്ത് എവിടെ നിന്നും ലഭ്യമാകും.
* ഗ്രാമ പ്രദേശങ്ങളിൽ നിന്നും 85 ശതമാനം കുടുംബങ്ങളേയും നഗരപ്രദേശത്തു നിന്നും 60 ശതമാനം കുടുംബങ്ങളേയും പദ്ധതിക്കായി കണ്ടെത്തിയിട്ടുണ്ട്
* ഉപഭോക്താക്കൾക്ക് ആയുഷ്മാൻ ഫാമിലികാർഡ് നൽകും.
* പോളിസി ആരംഭിച്ച് ആദ്യ ദിവസം മുതൽ നേരത്തെ ഉണ്ടായിരുന്ന രോഗങ്ങൾ കൂടി ഉൾപ്പെടുത്തി കവറേജ് നൽകും. അംഗീകാരമില്ലാത്ത വെബ്സൈറ്റുകളെ സൂക്ഷിക്കുക.

1. ആയുഷ്മാൻ ഭാരതിലെ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാകണമെങ്കിൽ ഒരു തരത്തിലുള്ള എൻ റോൾമെൻറിന്േ‍റയും ആവശ്യമില്ല.
2. ഉപഭോക്താവ് ഒരുവിധത്തിലുള്ള പേമെൻറും നടത്തേണ്ടതില്ല.
3. അംഗീകാരമില്ലാത്ത വെബ്സൈറ്റുകൾ, അനാവശ്യമായി പണം പിരിക്കൽ എന്നിവ ആയുഷ്മാൻ ഭാരതിന്‍റെ പേരിൽ നടത്തിയാൽ അത് ക്രമിനൽ കുറ്റമാണ്.

കൃത്യ സമയത്ത് പണം

ആശുപത്രികൾക്ക് കൃത്യസമയത്ത് പണം എത്തിക്കും. അത് ഉറപ്പാക്കാൻ നിരവധി നടപടികളും എടുത്തിട്ടുണ്ട്.
* പണം നാഷണൽ ഹെൽത്ത് ഏജൻസി അല്ലെങ്കിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴി നേരിട്ടാണ് ട്രാൻസ്ഫർ ചെയ്യുന്നത്.
* എല്ലാ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കും ഒരു എസ്ക്രോ അക്കൗണ്ട് ഉണ്ടായിരിക്കും.
* പണം എത്താൻ താമസിച്ചാൽ അതിനെതിരെ നടപടി എടുക്കാൻ നിയമമുണ്ട്.
* ആശുപത്രികൾക്ക് പണം നൽകാൻ ബാങ്കിംഗ് ട്രിഗേഴ്സ് ഉണ്ടായിരിക്കും
* ക്ലെയിമുകൾ കൃത്യസമയത്ത് പൂർത്തികരിച്ചു എന്നറിയാൻ പെർഫോമൻസ് ഇൻഡിക്കേറ്ററുകൾ ഉണ്ടായിരിക്കും.

ആയുഷ്മാൻ ഭാരതിന് യോഗ്യതയുണ്ടോ

ഒരു തരത്തിലുമുള്ള എൻറോൾമെൻറ് പ്രക്രിയയും ഇതിനില്ല. അതുകൊണ്ടു തന്നെ സർക്കാരാണ് സാന്പത്തിക സ്ഥിതിയുടെയും ജോലിയുടെയും അടിസ്ഥാനത്തിൽ യോഗ്യരായവരെ കണ്ടെത്തുന്നത്. 2011 ലെ സെൻസസാണ് യോഗ്യരായവരെ കണ്ടെത്താനുള്ള മാനദണ്ഡമായി ഉപയോഗിക്കുന്നത്. 2018 ഫെബ്രുവരെ ആക്ടീവായിട്ടുള്ള ആർഎസ്ബിവൈ(രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജന) കാർഡ് ഉള്ളവരും 2011 ലെ സെൻസസിന്‍റെ അടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടുള്ളവരുമാണ് ആയുഷ്മാൻ ഭാരതിന് യോഗ്യത നേടുന്നത്.
* ആയുഷ്മാൻ ഭാരതിന്‍റെ ഹോം പേജിൽ കയറി ന്ധആം ഐ എലിജിബിൾ’’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യണം.
* മൊബൈൽ നന്പർ നൽകുക
* മൊബൈലിൽ ലഭ്യമാകുന്ന ഒടിപി നൽകുക
* പുതിയൊരു പേജിലേക്ക് എത്തും റേഷൻ കാർഡ് നന്പർ തുടങ്ങിയ വിവരങ്ങൾ നൽകുക. ഇങ്ങനെ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓരോരുത്തർക്കും തങ്ങൾ ആയുഷ്മാൻ ഭാരതിന് യോഗ്യരാണോ എന്ന് കണ്ടെത്താം.

സംസ്ഥാനങ്ങളിൽ

ഇൻഷുറൻസ് മോഡ്, ട്രസ്റ്റ് മോഡ്, മിക്സ് മോഡ് എന്നിങ്ങനെ മൂന്നു മോഡുകളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ ഏതു രീതിയാണ് വേണ്ടതെന്ന് അതതു സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. നിലവിൽ ഏഴു സംസ്ഥാനങ്ങൾ ഇൻഷുറൻസ് മോഡും 18 സംസ്ഥാനങ്ങൾ ട്രസ്റ്റ് മോഡും ഒന്പത് സംസ്ഥാനങ്ങൾ മിക്സ്ഡ് മോഡും തെരഞ്ഞെടുത്തിട്ടുണ്ട്.

* ഇൻഷുറൻസ് മോഡ്: ഏതെങ്കിലും ഇൻഷുറൻസ് കന്പനിവഴി പദ്ധതി നടപ്പിലാക്കുക. സർക്കാർ ഒരു തുക പ്രീമിയമായി ഇൻഷുറൻസ് കന്പനിക്ക് നൽകും. കേരളം, രാജസ്ഥാൻ, ജമ്മുകാശ്മീർ എന്നീ സംസ്ഥാനങ്ങൾ ഇൻഷുറൻസ് മോഡാണ് സ്വീകരിച്ചിരിക്കുന്നത്.

* ട്രസ്റ്റ് മോഡ്: ഒരു ട്രസ്റ്റോ സൊസൈറ്റിയോ രൂപീകരിച്ച് അതുവഴി പദ്ധതി നടപ്പിലാക്കുക. ഇവിടെ സർക്കാർ നേരിട്ടായിരിക്കും പണം നൽകുക. കർണാടക ആന്ധ്ര പ്രദേശ്, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെല്ലാം ട്രസ്റ്റ് മോഡാണ് സ്വീകരിച്ചിരിക്കുന്നത്.

* മികസ്ഡ് മോഡ്: ഒരു ട്രസ്റ്റ് അല്ലെങ്കിൽ സൊസൈറ്റിയും അതോടൊപ്പം ഇൻഷുറൻസ് കന്പനിയുമായി ചേർന്നു പ്രവർത്തിക്കുന്നതാണ് മിക്സഡ് മോഡ്. തമിഴ്നാട്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ മികിസ്ഡ് മോഡാണ്.