ഇനിയും നികുതി ലാഭിക്കാം
ഇനിയും നികുതി ലാഭിക്കാം
Thursday, February 13, 2020 3:17 PM IST
ധനകാര്യവർഷത്തിന്‍റെ നാലാം ക്വാർട്ടറിലേക്കു കടന്നിരിക്കുകയാണ്. നികുതിദായകർ നികുതി ലാഭത്തിനായി നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെ തെളിവുകൾ നൽകേണ്ട സമയവുമാവുകയാണ്. എങ്കിലും നികുതി ആസൂത്രണത്തിനായി നിക്ഷേപം നടത്താത്ത ധാരാളം പേരുണ്ട്.

എങ്കിലും സമയം അതിക്രമിച്ചിട്ടില്ല. നികുതി ലാഭത്തിനുള്ള നിക്ഷേപങ്ങൾ ഇനിയും നടത്താം. പക്ഷേ നികുതിയിളവു നേടാനുള്ള നിക്ഷേപത്തിനായി വലിയ തുക ചുരുങ്ങിയ കാലയളവുകൊണ്ടു സമാഹരിക്കേണ്ടതായി വരും. അതേസമയം ധനകാര്യ വർഷത്തിന്‍റെ ആദ്യംതന്നെ നികുതിയിളവിനായി എവിടെ, എത്ര തുക നിക്ഷേപിക്കണമെന്നു നിശ്ചിയിക്കാമായിരുന്നു. ചില ചെലവുകൾക്കു നികുതിയിളവുണ്ട്. അതുപയോഗപ്പെടുത്തി നിക്ഷേപം എത്ര വേണമെന്നു നിശ്ചയിക്കാമായിരുന്നു.

പുതിയതായി ജോലിക്കെത്തുന്നവർക്കും നികുതി സംവിധാനം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നു വലിയ പിടിയുണ്ടാകില്ല. പഠിച്ചുവരുവാൻ അവർ സമയമെടുക്കും. അവർക്കും ഈ ചുരുങ്ങിയ സമയത്തിനുള്ള നികുതി ലാഭത്തിനുള്ള നിക്ഷേപവും മറ്റും അടിയന്തരമായി ചെയ്തു തീർക്കാം.

നികുതി ബാധ്യതയുള്ളവർ

ഒരു വർഷം രണ്ടര ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർ നികുതി നൽകണം. ഇവർ റിട്ടേണും നൽകണം. റിട്ടേണ്‍ നൽകുന്നതിന് പാൻ നന്പരും ആധാർ കാർഡും വേണം. 2020 മാർച്ച് 31-ന് ശേഷം റിട്ടേണ്‍ സമർപ്പിക്കാം. സാധാരണ ഗതിയിൽ റിട്ടേണ്‍ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.

നിക്ഷേപം നടത്താം;
നികുതി അടവു കുറയ്ക്കാം
നികുതി ബാധ്യത കുറയ്ക്കുവാൻ സഹായിക്കുന്ന രണ്ടു പ്രധാന മാർഗങ്ങളാണുള്ളത്.


1. നിക്ഷേപം
2. ചെലവുകൾ
ആദ്യം നിക്ഷേപത്തെക്കുറിച്ചു മനസിലാക്കാം. സന്പാദ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചില ആസ്തികളിലെ നിക്ഷേപത്തിനു സർക്കാർ നികതിയിളവു നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിക്ഷേപാസ്തികളെക്കുറിച്ച് ആദായനികുതി നിയമത്തിന്‍റെ 80 സിയിൽ നൽകിയിട്ടുണ്ട്. റിസ്കു കുറഞ്ഞ ബാങ്ക് ഡിപ്പോസിറ്റു മുതൽ ഉയർന്ന റിസ്കുള്ള ഇക്വിറ്റി നിക്ഷേപം വരെ ഇതിലുൾപ്പെടുന്നു.

ഓരോരുത്തർക്കും അവരുടെ റിസ്കിനനുസരിച്ച് നിക്ഷേപം തെരഞ്ഞെടുത്ത് നികുതിയിളവു നേടാം.

80 സി നിക്ഷേപങ്ങൾ

ഏറ്റവും സാധാരണമായ നികുതി ലാഭ നിക്ഷേപങ്ങളാണ് ഈ വിഭാഗത്തിൽ വരുന്നത്. ഓരോ ധനകാര്യ വർഷത്തിലും പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപമാണ് നികുതിയിളവിനായി അനുവദിക്കുന്നത്.

ഇതിൽ അനുവദിച്ചിട്ടുള്ള നിക്ഷേപ ഉപകരണങ്ങളിൽനിന്നുള്ള വരുമാനത്തിനു ചില ഉപകരണങ്ങളിൽ നികുതി നൽകണം. ചിലതിൽ നികുതി നൽകേണ്ടതില്ല.
മുപ്പതു ശതമാനം നികുതി ബ്രാക്കറ്റിൽ വരുന്നയാൾക്ക് ഇതിൽ 1.5 ലക്ഷം രൂപ നിക്ഷേപിക്കുന്നതുവഴി 46800 രൂപ നികുതിയിനത്തിൽ ഓരോ വർഷവും ലാഭിക്കുവാൻ സാധിക്കും.

80 സി വിഭാഗത്തിൽതന്നെ മൂന്നു തരം ഉപകരണങ്ങൾ നിക്ഷേപത്തിനു ലഭ്യമാണ്.
* സ്ഥിരവരുമാന നിക്ഷേപങ്ങൾ
* വിപണിയുമായി ബന്ധപ്പെട്ടു
റിട്ടേണ്‍ നിശ്ചയിക്കുന്നവ
* ചെലവുകളുമായി ബന്ധപ്പെട്ടവ
ഓരോ വിഭാഗത്തിലും നിക്ഷേപ ഉപകരണങ്ങളെ ഇവിടെ പരിശോധിക്കാം.