ഇവരാണ് ആ വൈറല്‍ നര്‍ത്തകര്‍
Wednesday, September 10, 2025 5:27 PM IST
കഴിഞ്ഞ ദിവസം വാഗമണിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗൗരി നന്ദനയുടെ ഫോണിലേക്ക് ആ കോള്‍ എത്തിയത്. നൃത്തം ഗംഭീരമായിരുന്നുവെന്നു പറഞ്ഞ് സംസാരം തുടങ്ങി. ഈ പാട്ടിന് ഇങ്ങനെയൊരു കൊറിയോഗ്രഫി ആദ്യമായി കാണുകയാണ്.
പാട്ടും കോസ്റ്റ്യൂമും ലിഫ്ടും ഒക്കെ അതിമനോഹരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരാണെന്നു ഗൗരിനന്ദന ചോദിച്ചപ്പോള്‍ ഒരു എംപി ആണെന്നായിരുന്നു മറുപടി. ഉടന്‍ തന്നെ അടുത്തിരുന്ന അഖില്‍ ഹുസൈന്റെ കൈയിലേക്ക് ഫോണ്‍ കൊടുത്തു.
ആരെങ്കിലും തങ്ങളെ വിളിച്ചു എംപിയാണെന്ന് പറഞ്ഞ് പറ്റിക്കുന്നതാണെന്നാണ് ഇരുവരും ആദ്യം വിചാരിച്ചത്. പിന്നെ തൃശൂരിലെ എംപി സുരേഷ് ഗോപിയാണെന്ന് ഫോണിന്റെ മറുതലയ്ക്കല്‍ എന്നറിഞ്ഞപ്പോള്‍ ചിരിക്കണോ, കരയണോ എന്ന അവസ്ഥയിലായിപ്പോയി.
‘പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷ നിമിഷമായിരുന്നു അത്'- ഇതുപറയുമ്പോള്‍ ക്ലാസിക്കല്‍ വിത്ത് കണ്ടംപററി ഡാന്‍സിന് ചുവടുവച്ച് വൈറലായ എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് വിദ്യാര്‍ഥികളായ എസ്. ഗൗരി നന്ദനയുടെയും അഖില്‍ ഹുസൈന്റെയും കണ്ണുകളില്‍ സന്തോഷത്തിരയിളക്കം.
അതേ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയിലെ താരങ്ങളാണ് ബിഎ ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ എസ്. ഗൗരി നന്ദനയും ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിയായ അഖില്‍ ഹുസൈനും.
പാട്ടിന്റെ താളത്തിനൊത്ത് ചടുലമായ നൃത്ത ചുവടുകള്‍, അനായാസേനയുള്ള മെയ് വഴക്കം, കാഴ്ചക്കാര്‍ക്ക് കണ്ണെടുക്കാനാവാത്ത വിധം ക്ലാസിക്കല്‍ വിത്ത് കണ്ടംപററി ഡാന്‍സ് പ്രകടനത്തിലൂടെയാണ് ഇരുവരും വൈറലായത്.
ഡാന്‍സ് ക്ലബ് ഓപ്പണ്‍ ഫോറത്തിന്റെ വേദി
കഴിഞ്ഞ ഓഗസ്റ്റ് 26 ന് സേക്രട്ട് ഹാര്‍ട്ട് കോളജിലെ ഡാന്‍സ് ക്ലബിന്റെ ഓപ്പണ്‍ ഫോറം വേദിയിലാണ് ഇരുവരും കാണികള്‍ ആശ്ചര്യത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് നൃത്തച്ചുവടുകള്‍ വച്ചത്. കുട്ടിക്കാലം മുതല്‍ രണ്ടാളും ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിട്ടുള്ളവരായതിനാല് അതിനൊപ്പം കണ്ടംപററി സ്റ്റൈല്‍ കൂടി ചേര്ക്കാമന്ന് തീരുമാനിച്ചു.
ഒന്നാം ക്ലാസ് മുതല്‍ ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്ന ഗൗരിയുടെ ഗുരുക്കന്മാര് കലാക്ഷേത്ര അമല്‍നാഥും ഗീത പദ്മകുമാറുമാണ്. നാലാം ക്ലാസുമുതല്‍ കലാക്ഷേത്ര അമല്നാഥിന്റെയും ആര്‍എല്‍വി സുഭേഷിന്റെയും ശിക്ഷണത്തിലാണ് അഖില്‍ ശാസ്ത്രീയ നൃത്തം അഭ്യസിച്ചത്.
ക്ലാസിക്കല്‍ ഡാന്‍സിലെ ഈ കഴിവ് ഇരുവര്‍ക്കും കണ്ടംപററി നൃത്തത്തിലേക്കുള്ള മുതല്‍ കൂട്ടായി. ഓപ്പണ്‍ ഫോറത്തിലേക്കായി ഡാന്‍സില്‍ ഒരു വെറൈറ്റി ആകാമെന്ന് ഇരുവരും വിചാരിച്ചപ്പോള്‍ കണ്ടംപററി സ്റ്റൈല്‍ പഠിപ്പിക്കാനായി കോളജിലെ സീനിയേഴ്സായ ഷിഹാസ് അലിയും അതുലും ഒപ്പം നിന്നു. അതൊരു ഒന്നൊന്നര പെര്‍ഫോമന്‍സ് ആയിരുന്നു.
നൃത്തം പാഷനാണ്
ഗൗരിക്കും അഖിലിനും നൃത്തം പാഷനാണ്. എസ്എച്ച് കോളജിലെ ഡാന്‍സ് ക്ലബില്‍ വച്ചാണ് ഇരുവരും സുഹൃത്തുക്കളായത്. കോളജ് കലോത്സവത്തിന് മൈമിന് ഗൗരി നന്ദനയ്ക്ക് പരിശീലനം നല്കിയതും അഖില്‍ ഹുസൈന് ആയിരുന്നു.
രണ്ടു പേരും നൃത്തത്തെ ഒരുപോലെ സ്നേഹിക്കുന്നവര്‍ ആയതിനാല്‍ ഓപ്പണ്‍ ഫോറം പരിപാടിയിലാണ് ഒരുമിച്ച് നൃത്തച്ചുവടുകള്‍ വയ്ക്കാന്‍ തീരുമാനിച്ചു. കോളജ് സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിലാണ് ഇരുവരും ഡാന്‍സ് പ്രാക്ടീസ് ചെയ്തിരുന്നത്.
കോളജുകളില്‍ മറ്റ് പരിപാടികള്‍ നടക്കുമ്പോള്‍ കോളജിലെ സീനിയേഴ്സ് തന്നെ നടത്തുന്ന തൃപ്പൂണിത്തുറയിലെ കോര്‍ മൂവ്മെന്റ് സ്റ്റുഡിയേയിലും പ്രാക്ടീസ് ചെയ്തു. 15 ദിവസത്തിനുള്ളില്‍ നൃത്തം പഠിച്ചു.
നൃത്തം ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. വീഡിയോ ഇത്രയധികം വൈറലാകുമെന്ന് കരുതിയില്ലെന്ന് ഇരുവരും പറയുന്നു.
മനം നിറച്ച് മഞ്ജുവാര്യരുടെ അഭിനന്ദനം
ഇതിനകം 7.8 മില്യന്‍ വ്യൂവേഴ്സാണ് വീഡിയോ കണ്ടത്. വീഡിയോ വൈറലായതോടെ നടി മഞ്ജു വാര്യര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഇരുവര്‍ക്കും അഭിനന്ദനവുമായി എത്തി. അധ്യാപകരുടെയും കൂട്ടുകാരുടെയുമൊക്കെ അഭിനന്ദന പ്രവാഹമാണ് ഇരുവര്‍ക്കും.
മുന്‍ പരിചയമില്ലാത്തവര്‍ പോലും നൃത്തം സൂപ്പര്‍ ആയിരുന്നുവെന്ന് പറയുമ്പോള്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് ഗൗരിനന്ദനയും അഖിലും പറയുന്നത്. പഠനത്തിനൊപ്പം നൃത്തവും കൂടെകൂട്ടാനാണ് ഇരുവരുടേയും തീരുമാനം. വീഡിയോ കണ്ട് അഖിലിന് സിനിമയിലേക്ക് ഓഫറും വന്നിട്ടുണ്ട്.
വീട്ടുകാരുടെ പിന്തുണ
ഇടപ്പള്ളി ഏറാടി വീട്ടിലാണ് ഗൗരിനന്ദനയുടെ താമസം. നര്‍ത്തകി കൂടിയായ അമ്മ അഞ്ജു ആലുവ ബിവറേജസ് കോര്പ്പറേഷന് ഉദ്യോഗസ്ഥയാണ്. സഹോദരി ആര്യനന്ദന, തൃക്കാക്കര ഭവൻസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി നിയാണ്.
ഫോര്‍ട്ടുകൊച്ചി സ്വദേശികളായ ഷേഖ് ഹുസൈന്- ഷഹാവര് ഹുസൈന് ദമ്പതികളുടെ മകനാണ് അഖില്‍, സഹോദരന് ആദില്‍ ഹുസൈനും ഡാന്‍സര്‍ ആണ്.