ബാങ്ക് ദേശസാൽക്കരണത്തിന്‍റെ 50 വയസ് ആഘോഷിക്കുന്പോൾ
ബാങ്ക് ദേശസാൽക്കരണത്തിന്‍റെ 50 വയസ് ആഘോഷിക്കുന്പോൾ
Friday, August 30, 2019 2:54 PM IST
ജൂലൈ 19. ഇന്ത്യൻ ബാങ്കിംഗിന്‍റെ ചരിത്രത്തിലെ നാഴികക്കല്ലു തീർത്ത ദിനങ്ങളിലൊന്നാണ്. അരനൂറ്റാണ്ടു മുന്പ് ഇതേ ദിവസമാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 14 വാണിജ്യ ബാങ്കുകൾ ദേശസാൽക്കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. അന്പതു കോടി രൂപയ്ക്കു മുകളിൽ ഡിപ്പോസിറ്റുള്ള വാണിജ്യ ബാങ്കുകളുടെ ഉടമസ്ഥാവകാശമാണ് സ്റ്റേറ്റ് ഏറ്റെടുത്തത്.
സാമൂഹ്യ നീതി ഉറപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്‍റെ ദ്രുത സാന്പത്തിക വളർച്ചയ്ക്കായി ബാങ്ക് ഫണ്ടുകൾ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്കുകൾ ദേശാസാൽക്കരിക്കുന്നത്. മറ്റൊരു സമാന്തര വഴിയും മുന്നിലില്ലെന്നാണ് പതിന്നാലു ബാങ്കുകളുടെ ദേശസാൽക്കരണത്തിനു ന്യായീകരണമായി പറഞ്ഞത്.

പിന്നിൽ രാഷ്ട്രീയം

സാന്പത്തികത്തേക്കാൾ രാഷ്ട്രീയമായിരുന്നു ബാങ്ക് ദേശാസ്തകരണത്തിനു മുതിരാൻ ഇന്ദരാ ഗാന്ധിയെ പ്രേരിപ്പിച്ചത്. അന്ന് കോണ്‍ഗ്രസ് പാർട്ടിയുടെ നേതൃത്വം കെ. കാമരാജിന്‍റെ നേതൃത്വത്തിലുള്ള സിൻഡിക്കേറ്റിന്‍റെ കൈവശമായിരുന്നു. ധനകാര്യ മന്ത്രിയായിരുന്ന മൊറാർജി ദേശായി ഇന്ദിരയുടെ അധികാരത്തിനു രാഷ്ട്രീയ വെല്ലുവിളിയായി ഉയരുന്ന സമയവുംകൂടിയായിരുന്നു. ഇന്ദിര അവരുടെ ചൊൽപ്പടിക്കു നിൽക്കുവാൻ നിർബന്ധിതരായി. ഇന്ദിരയുടെ രാഷ്ട്രീയ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരുന്നു. അന്നത്തെ രാഷ്ട്രപതി സക്കീർ ഹുസൈന്‍റെ മരണത്തോടെ പാർട്ടിയും ഇന്ദിരയും തമ്മിലുള്ള ബന്ധം മറ നീക്കി പുറത്തുവന്നു.

അക്കാലത്ത് കാർഷിക മേഖല, വ്യവസായ മേഖല എന്നിവയിലേക്കു കൂടതൽ വായ്പ ലഭ്യമാക്കുന്നതിനു പകരം ബാങ്കുകൾ കൂടുതലും വ്യാപാരമേഖലയിലേക്കാണ് പണം നൽകിയിരുന്നത്. ബാങ്കുകളുടെ തകർച്ച സാധാരണക്കാർക്ക് ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്ന സമയവുമായിരുന്നു. അവരുടെ പണത്തിനു നിയമപരമായ സംരക്ഷണം വേണമെന്ന ലക്ഷ്യത്തോടെ ബാങ്ക് ദേശസാൽക്കരണമെന്ന നിർദ്ദേശം ഇന്ദിര കോണ്‍ഗ്രസിൽ വച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. ധമന്ത്രിയായിരുന്ന മൊറാർജി ദേശായി ഇതിനെ ശക്തമായി എതിർത്തു. ജനങ്ങളുടെ ഹീറോ ആകാനുള്ള അവസരമാണിതെന്നു മനസിലാക്കി, ഇന്ദിര കോണ്‍ഗ്രിസിനെ അവഗണിച്ച് ബാങ്ക് ദേശസാൽക്കരണം പ്രഖ്യാപിക്കുകയായിരുന്നു. വളരെ രഹസ്യമായിട്ടായിരുന്നു ഇന്ദിരയുടെ നീക്കം. വളരെ കുറച്ചുപേർ മാത്രമേ ദേശാസാൽക്കരണ തീരുമാനം അറിഞ്ഞിരുന്നുള്ളു.

ഇതോടെ കോണ്‍ഗ്രസിലെ സിൻഡിക്കേറ്റിനെ ഒതുക്കാൻ ഇന്ദിരാഗാന്ധിക്കായി. മൊറാർജി ദേശായി രാജിവച്ചു. ഇന്ദിരാ ഗാന്ധിയുടെ ബാങ്ക് ദേശസാൽക്കരണ തീരുമാനത്തിനെതിരേ സാന്പത്തിക വിദഗ്ധരിൽനിന്നും വലതുപക്ഷ രാഷ്ട്രീയക്കാരിൽനിന്നും ശക്തമായ വിമർശനമാണ് ഉയർന്നത്. പക്ഷേ, ബാങ്ക് ദേശസാൽക്കരണം രാജ്യത്തെ ഇടതുപക്ഷക്കാരുടെ പിന്തുണ ഇന്ദിരയ്ക്കു നേടിക്കൊടുത്തു. ഇന്ദിര കൂടതൽ ശക്തയായി.

നേട്ടമോ കോട്ടമോ?

രാജ്യത്തെ ഡിപ്പോസിറ്റിന്‍റെ 70-85 ശതമാനം ആ സമയത്ത് ഈ ബാങ്കുകളുടെ കൈവശമായിരുന്നു. അഞ്ചു ദശകക്കാലത്ത് ബാങ്കിംഗ് വ്യവസായത്തിന്‍റെ വലുപ്പം ഗണ്യമായി വർധിച്ചു. ദേശസാൽക്കരണത്തെത്തുടർന്ന് അവർ രാജ്യമൊട്ടാകെ ബാങ്ക് ശാഖകൾ തുറന്നു. ശാഖകളുടെ എണ്ണം അന്നത്തെ 8262-ൽ നിന്ന് 1,41,756ലേക്ക് ഉയർന്നു. ഗ്രാമീണ ബാങ്ക് ശാഖകളുടെ എണ്ണം അന്നത്തെ 22 ശതമാനത്തിൽനിന്ന് 35 ശതമാനമായി ഉയർന്നിട്ടുണ്ട്. അതേപോലെ ഡിപ്പോസിറ്റ് 4646 കോടി രൂപയിൽനിന്ന് 125 ലക്ഷം കോടി രൂപയും വായ്പ 3599 കോടി രൂപയിൽനിന്ന് 96.5 ലക്ഷം കോടി രൂപയായും വളർന്നിരിക്കുന്നു.

പക്ഷേ, ദേശസാൽക്കരണത്തിനു പറഞ്ഞ ന്യായങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. കാർഷിക, ചെറുകിട ഇടത്തരം വ്യവസായം എന്നിവയിലേക്ക് വായ്പയുടെ ഒഴുക്കു കൂടി. ഗവണ്‍മെന്‍റിന്‍റെ ദാരിദ്ര്യ നിർമാർജന പദ്ധതികളിലും ധനകാര്യ ഉൾപ്പെടുത്തൽ പദ്ധതിയിലും സജീവമായി പങ്കെടുത്തു. പക്ഷേ ബിസനസ് സംരംഭമെന്ന നിലയിൽ മികവു തെളിയിക്കാൻ അവയ്ക്കു കഴിഞ്ഞില്ല. കിട്ടാക്കടമുൾപ്പെടെ നിരവധി പ്രശ്നങ്ങൾ പല പൊതുമേഖല ബാങ്കുകളേയും ഐസിയുവിൽ എത്തിച്ചിരിക്കുകയാണ്.


വീണ്ടും മാറ്റം

ദേശാൽക്കരണം രണ്ടു ദശകം പൂർത്തിയായപ്പോൾ നയം റിവേഴ്സായി. രാജ്യത്തിന്‍റെ വികസനവും ജനങ്ങളുടെ ആവശ്യവും നിറവേറ്റുവാൻ കൂടുതൽ ബാങ്കിംഗ് അടിസ്ഥാനസൗകര്യമൊരുക്കേണ്ടത് അത്യവശ്യമായി മാറി. അതേത്തുടർന്ന് 1990-ൽ സ്വകാര്യമേഖലയ്ക്കു ബാങ്കിംഗ് മേഖല വീണ്ടും തുറന്നുകൊടുത്തു. പുതിയ ലൈസൻസുകൾ നൽകി. 2015-ൽ റിസർവ് ബാങ്ക് സ്മോൾ ഫിനാൻസ് ബാങ്കുകൾക്കും പേമെന്‍റ് ബാങ്കുകൾക്കും ലൈസൻസ് നൽകിത്തുടങ്ങി. ഇപ്പോൾ രാജ്യത്ത് 18 പൊതുമേഖല ബാങ്കുകളും 22 സ്വകാര്യ ബാങ്കുകളും 10 സ്മോൾ ഫിനാൻസ് ബാങ്കുകളും പ്രവർത്തിക്കുന്നു. വിദേശ ബാങ്കുകൾ, റീജണൽ ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ തുടങ്ങിയവ പുറമേയും പ്രവർത്തിക്കുന്നു.
1990-ന് ശേഷമാരംഭിച്ച സ്വകാര്യ മേഖല ബാങ്കുകൾ ദ്രുത വളർച്ചയാണ് നേടുന്നത്. 1991-ലെ ഉദാരവത്കരണത്തെത്തുടർന്ന് ഉദയം ചെയ്ത എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങി നിരവധി സ്വകാര്യ ബാങ്കുകൾ വൻ വളർച്ച നേടുകയാണ്.

അതേസമയം പല പൊതുമേഖല ബാങ്കുകളും കിട്ടാക്കടവും മൂലധനത്തിന്‍റെ അഭാവവുംമൂലം നിലനിൽപ്പുതന്നെ അപകടത്തിലായ അവസ്ഥയിലാണ്. ലയനത്തിലൂടെയും കൂടുതൽ മൂലധനം നൽകിയും അവയെ ശക്തിപ്പെടുത്താൻ ഗവണ്‍മെന്‍റ് ശ്രമിക്കുകയാണ്. അന്ന് ദേശസാത്കരിക്കപ്പെട്ട പല ബാങ്കുകളും ലയിച്ച് ഒന്നാകുകയാണ്. കഴിഞ്ഞ ഏപ്രിലിൽ ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചു. ഐഡിബിഐ ബാങ്കിന്‍റെ 51 ശതമാനം ഓഹരികൾ എൽഐസി വാങ്ങി ബാങ്കിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. അടുത്ത ഏതാനും വർഷങ്ങൾകൊണ്ട് പൊതു മേഖല ബാങ്കുകളുടെ എണ്ണം അഞ്ചോ ആറോ ആയി കുറയ്ക്കുന്നതിനാണ് ഗവണ്‍മെന്‍റ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഗവണ്‍മെന്‍റിന്‍റെ ഉടമസ്ഥാവകാശം ഉപേക്ഷിച്ച് പൊതുമേഖല ബാങ്കുകളെ ഏറ്റെടുക്കുവാൻ അനുവദിക്കുമോയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. അതു അനുവദിച്ചാൽ ഇന്ത്യൻ ബാങ്കിംഗ് മേഖല വളർച്ചയുടെ പുതിയൊരു പാതയിലേക്കു പ്രവേശിക്കും.

ആ 14 ബാങ്കുകൾ ഇവ

ബാങ്ക് ഡിപ്പോസിറ്റിന്‍റെ 70 ശതമാനവും അന്നു കൈവശം വച്ചിരുന്നത് ഈ 14 വാണിജ്യ ബാങ്കുകളായിരുന്നു.

അലഹാബാദ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ദേനാ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണവ.

1980 ഏപ്രിലിൽ ആറു ബാങ്കുകൾ കൂടി ദേശസാത്കരിച്ചു. ഇരുന്നൂറു കോടി രൂപയിൽ കൂടുതൽ ഡിപ്പോസിറ്റുണ്ടായിരുന്ന ആന്ധ്രാ ബാങ്ക്, കോർപറേഷൻ ബാങ്ക്, ന്യൂ ബാങ്ക് ഓഫ് ഇന്ത്യ, ഒറിയന്‍റൽ ബാങ്ക് ഓഫ് കൊമേഴ്സ്, പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക്, വിജയ ബാങ്ക് എന്നിവയാണ് രണ്ടാം ദേശസാൽക്കരണ കാറ്റിൽ ഉൾപ്പെട്ടത്. ഇതോടെ എസ്ബിഐയും അതിന്‍റെ ഉപ ബാങ്കുകളും ഉൾപ്പെടെ പൊതുമേഖല ബാങ്കുകളുടെ എണ്ണം 28 ആയി ഉയർന്നു. ഇന്നിപ്പോൾ ലയനത്തിലൂടെ 18-ലേക്ക് താഴ്ന്നിട്ടുണ്ട്.