പ്രകൃതി ദുരന്തങ്ങൾക്കെതിരെയുള്ള കരുതൽ പോളിസി
പ്രകൃതി ദുരന്തങ്ങൾ എപ്പോഴാണ് എത്തുന്നതെന്ന് പറയാൻ സാധിക്കില്ല. അത് എപ്പോൾ വേണമെങ്കിലും അപ്രതീക്ഷിതമായി കടന്നു വരാം. മുൻ കരുതലുകൾ എടുക്കുന്നതിനും അതിൽ നിന്നും രക്ഷനേടുന്നതിനുമൊക്കെ പരിമിതികളുണ്ട്. ഇൻഷുറൻസ് എടുക്കുക എന്നുള്ളതാണ് വീടിനെയും സ്വത്തിനെയും സുരക്ഷിതമാക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആളുകൾക്ക് അറിയാവുന്ന ഇൻഷുറൻസുകൾ ലൈഫ് ഇൻഷുറൻസും ഹെൽത്ത് ഇൻഷുറൻസുമാണ്. വീടിനും സ്വത്തിനും സംരക്ഷണം നൽകുന്ന ഇൻഷുറൻസിനെക്കുറിച്ച് പലർക്കും അറിവില്ല എന്നതാണ് ഒരു കാര്യം. പക്ഷേ, മാറി മാറി വരുന്ന കാലവസ്ഥയ്ക്കിടയിൽ ഇത് അറിഞ്ഞിരിക്കണം. കാരണം വീടിനും സ്വത്തിനുമുണ്ടാകുന്ന നഷ്ടം അത്രപെട്ടന്നൊന്നും നികത്താനാവുന്നതല്ല എന്ന് അറിഞ്ഞിരിക്കാം. അദ്ധ്വാനിച്ച് നേടുന്നത് നോക്കി നിൽക്കുന്പോൾ നഷ്ടപ്പെടുന്നത് ആർക്കാണ് സഹിക്കാൻ സാധിക്കുന്നത്.

ജനറൽ പോളിസികളെക്കുറിച്ചും അറിഞ്ഞിരിക്കണം

പ്രകൃതി ദുരന്തങ്ങൾ എപ്പോൾ വേണെങ്കിലും വരാം. അതിനെ തടഞ്ഞു നിർത്താൻ ആർക്കും കഴിയുകയുമില്ല എപ്പോൾ വരുമെന്ന് പ്രവചിക്കാനും സാധിക്കുമകയുമില്ല. ആകെ ചെയ്യാനുള്ളത് ഒരു പോളിസി എടുത്ത് സംരംക്ഷണം ഉറപ്പാക്കുക എന്നതുമാത്രമാണ്. നമുക്ക് അറിയാവുന്ന ഇൻഷുറൻസ് ആരോഗ്യ ഇൻഷുറൻസും വാഹന ഇൻഷുറൻസും ലൈഫ് ഇൻഷുറൻസും മാത്രമാണ്. അതിനപ്പുറമുള്ള ഇൻഷുറൻസുകളെക്കുറിച്ചൊന്നും പലർക്കും അറിയുക പോലുമില്ല.ഇതു മൂന്നും മാത്രമല്ല ഇൻഷുറൻസ് അതിനപ്പുറം വേറെ ചിലതുകൂടിയുണ്ട്. വീടിനും സ്വത്തിനും ഇൻഷുറൻസ ്പരിരക്ഷ നൽകുന്ന ജനറൽ ഇൻഷുറൻസുകളെക്കുറിച്ചും അറിഞ്ഞിരിക്കണം. കഴിഞ്ഞവർഷം പ്രളയം മൂലം നിരവധിയാളുകൾക്കാണ് വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ടത്. ഇത്തവണയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഉരുൾ പൊട്ടലിലും പ്രളയത്തിലുമൊക്കെ നിരവധി പേർക്കവീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്.

പുതിയ വീടുവെയ്ക്കുന്പോൾ പോളിസി എടുക്കാം

കിരണും ശാലിനിയും പുതിയ വീടുവെച്ചിട്ട് അധികനാളാകുന്നതിനു മുന്പാണ്. 2018 ഓഗസ്റ്റിൽ പ്രളയം ഉണ്ടാകുന്നത്. വീട്ടിലാകെ വെള്ളം കയറി.വീടും വീട്ടുപകരണങ്ങളും നശിച്ചു. ഇനി എന്തു ചെയ്യും എന്നുള്ള ആശങ്കയിലാണ്.കിരണ്‍ അക്കാര്യം ഓർത്തത്. വായ്പ എടുത്ത് വീടുവെച്ചപ്പോൾ ഒരു ഇൻഷുറൻസും കൂടി എടുത്തിരുന്നല്ലോ?. ബാങ്കുമായും ഇൻഷുറൻസ ് കന്പനിയുമായി ബന്ധപ്പെട്ടപ്പോൾ വേഗം ക്ലെയിം ചെയ്തോളു എന്ന നിർദേശവും വന്നു. സംഭവിച്ച നഷ്ടങ്ങൾക്കിടയിൽ ആ പോളിസി ഒരു ആശ്വാസമായി. നിനച്ചിരിക്കാത്ത നേരത്താണ് പലപ്പോഴും തീയും മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമൊക്കെ എത്തുന്നത്. അന്നന്നത്തെ സന്പാദ്യത്തിൽ നിന്നും മിച്ചം പിടിച്ചും മറ്റുമാണ് പലരും വീടും മറ്റും നിർമിക്കുന്നത്. അതെല്ലാം കണ്ണടച്ചു തുറക്കും മുന്പ് ഇല്ലാതായാലോ? പിന്നെയും ഒന്നേന്നു തുടങ്ങുക എന്നത് ചിന്തിക്കാനാവില്ല.

കഴിഞ്ഞ വർഷത്തെ പ്രളയ ദുരന്തത്തിന്‍റെ മുറിവുണങ്ങും മുന്നേയാണ് അടുത്ത ദുരന്തം കേരളത്തെ തേടി എത്തിയിരിക്കുന്നത്. വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചും മറ്റും ഓരോരുത്തരും സന്പാദിച്ച വീടും ആസ്തികളുമെല്ലാം കാലവർഷക്കെടുതിയിൽ നഷ്ടമായിക്കഴിഞ്ഞു. പ്രകൃതിദുരന്തങ്ങളിൽ നിന്നും വീടിനും സ്വത്തിനും വരുന്ന നഷ്ടം ഒരു പരിധിവരെ നികത്താൻ സഹായിക്കുന്നതാണ് പ്രകൃതിദുരന്തങ്ങൾക്കെതിരെയുള്ള ഇൻഷുറൻസുകൾ.


ചില കന്പനികളെ പരിചയപ്പെടാം

ഐസിഐസിഐ ലൊംബാർഡ്സ് ഹോം ഇൻഷുറൻസ്, ഐസിഐസിഐ ലൊംബാർഡ്സ് സ്റ്റാൻഡാർഡ് ഫയർ ആൻഡ് സ്പെഷ്യൽ പെരിൽസ്, എച്ച്ഡിഎഫ്സി എർഗോസ് ഹോം ഇൻഷുറൻസ്, എച്ച്ഡിഎഫ്സി എർഗോസ് സ്റ്റാൻഡാർഡ് ഫയർ ആൻഡ് സ്പെഷ്യൽ പെരിൽസ്, ടാറ്റ എഐജി സെക്യുർ സുപ്രീം, ഭാർതി ആക്സ സ്മാർട് ഹോം എന്നിവയെല്ലാം ഇത്തരത്തിൽ പ്രകൃതി ദുരന്തങ്ങൾ മൂലം വീടുകൾക്കും വീട്ടുപകരണങ്ങൾക്കുമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് കവറേജ് നൽകുന്ന ഇൻഷുറൻസ് പോളിസികളാണ്.

ഇന്ത്യയിൽ ഹോം ഇൻഷുറൻസിന് പ്രാധാന്യം കൊടുക്കുന്നവർ വളരെ കുറവാണ്. ജീവനു കൊടുക്കുന്ന പ്രാധാന്യം ആരും സ്വത്തിനു കൊടുക്കുന്നില്ല. പ്രകൃതിദുരന്തങ്ങൾക്കെതിരെയുള്ള ഹോം ഇൻഷുറൻസ് ഒരു സ്റ്റാൻഡ് എലോണ്‍ പോളിസിയല്ല. ഭൂകന്പം, മിന്നൽ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഉരുൾപൊട്ടൽ, കൊടുങ്കാറ്റ്, തീ, മരം വീഴൽ, പൊട്ടിത്തെറികൾ എന്നിവയെല്ലാം ഹോം ഇൻഷുറൻസിൽ ഉൾപ്പെടും. ഒരു ഹോം ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കുന്നതിനു മുന്പ് അതിലെ നിർദേശങ്ങൾ മുഴുവനും വായിച്ചു നോക്കണം. കാരണം അതിൽ എന്തൊക്കെ ഉൾപ്പെട്ടിട്ടുണ്ട്. എന്തൊക്കെ കാര്യങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്ന് എങ്കിലെ അറിയാൻ സാധിക്കു.
എന്തെങ്കിലും നഷ്ടങ്ങളുണ്ടായതിനുശേഷം ഇതുണ്ടാകാതിരിക്കാൻ എന്തു ചെയ്യാമായിരുന്നു എന്നു ചിന്തിക്കുന്നതിനെക്കാൾ നല്ലതാണ് നേരത്തെ നഷ്ടം വരാതിരിക്കാനുള്ള പ്രതിവിധി കണ്ടെത്തുന്നത്.ഒരു തീപിടുത്തമോ വെള്ളപ്പൊക്കമോ വീടിനോ കെട്ടിടത്തിനോ മാത്രമല്ല തകരാറുണ്ടാക്കുന്നത്. കെട്ടിടത്തിന്‍റെയും വീടിന്‍റെയും ഉള്ളിലുള്ള ഫർണിച്ചറുകൾ, ഇലക്ട്രേണിക് ഉപകരണങ്ങൾ എന്നിങ്ങനെയുള്ള വസ്തുക്കളെയെല്ലാം അത് ബാധിക്കും. അതുകൊണ്ടു തന്നെ വീടിനും കെട്ടിടത്തിനുമൊപ്പം അവയ്ക്കുള്ളിലുള്ള വസ്തുക്കളെയും ഇൻഷുർ ചെയ്യേണ്ടതാണ്. ഇങ്ങനെ നഷ്ടം സംഭവിച്ചാൽ ഇൻഷുറൻസ് കന്പനിയെ ആ വിവരം അറിയിക്കാൻ മിക്ക കന്പനികളും നിശ്ചിത സമയപരിധി വെച്ചിട്ടുണ്ട്. സാധാരണയായി ഏഴുമുതൽ 15 ദിവസം വരെയാണ് സമയപരിധി. കന്പനികളെ അറിയിക്കാൻ പറ്റിയ സാഹചര്യമല്ലെങ്കിൽ കന്പനിയെ ഫോണ്‍ വഴിയെങ്കിലും നഷ്ടം അറിയിക്കണം. അല്ലെങ്കിൽ എസ്എംസ്, ഇമെയിൽ എന്നീ മാർഗങ്ങളിലൂടെയും അറിയിക്കാം.

ഇൻഷുറൻസിൽ ഉൾപ്പെടാത്തത്

പണം, രേഖകൾ, സർട്ടിഫിക്കറ്റുകൾ, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയവയൊന്നും പലപ്പോഴും ഇത്തരം ഇൻഷുറൻസുകളിൽ ഉൾപ്പെടില്ല. ചിലതിൽ ആഭരണങ്ങൾക്ക് കവറേജിൽ 25 ശതമാനത്തിൽ കൂടുതൽ ഉൾപ്പെടുത്താറില്ല. അല്ലെങ്കിൽ ഒരു ലക്ഷം രൂപവരെയെ ജ്വല്ലറിക്ക് കവറേജ് ലഭിക്കു. ഒരു വസ്തുവിനെ ഇൻഷുർ ചെയ്യുന്പോൾ ആ വസ്തുവിന്‍റെ മാർക്കറ്റ് വിലയിൽ നിന്നും തേയ്മാനംകിഴിച്ചിട്ടുള്ള തുകയെ ഇൻഷുർ ചെയ്യുകയുള്ളു. ഇൻഷുറൻസ് കന്പനി ഒരു വസ്തു പുനസ്ഥാപിക്കാനുള്ള തുക അതിന്‍റെ ഡാമേജിനു മുന്പുള്ള കണ്ടീഷൻ അനുസരിച്ചെ ലഭിക്കു. ഉദാഹരണത്തിന് അഞ്ചു വർഷം മുന്പ് 40000 രൂപ നൽകി വാങ്ങിയ ഒരു എയർ കണ്ടീഷനോ അല്ലെങ്കിൽ റഫ്രിജറേറ്ററോ അഞ്ചു വർഷം കഴിയുന്പോൾ ഡിപ്രീസിയേഷൻ കൂടി ഉൾപ്പെടുത്തി 20000 -22000 രൂപയെ വരികയുള്ളു.