വരുമാനം മറച്ചുവെച്ചാൽ പിഴയ്ക്കു പുറമേ അഴിയും
വരുമാനം മറച്ചുവെച്ചാൽ  പിഴയ്ക്കു  പുറമേ അഴിയും
Friday, October 18, 2019 3:22 PM IST
2016 -17 മുതൽ നികുതി വെട്ടിപ്പിനെ രണ്ടു തരത്തി ൽ വ്യാഖ്യാനിക്കാൻ വ്യവസ്ഥ വന്നു. വെളിപ്പെടുത്താത്ത വരുമാനത്തെ രണ്ടു രീതിയി ൽ കണ്ടു തുടങ്ങി. വരുമാനം കുറച്ചു കാണിക്കുന്നതിനും മനഃപൂർവം തെറ്റായി വെളിപ്പെടുത്തുന്നതിനും വെവ്വേറെ പിഴ ഈടാക്കാനും വ്യവസ്ഥ വന്നു.

ഒരു സർക്കാർ സ്ഥാപനത്തിലെ ചില ജീവനക്കാർ ചേർന്ന് ആദായ നികുതി റിട്ടേണ്‍ ഫയൽ ചെയ്യാൻ ഒരാളെ ഏർപ്പെടുത്തി. ആ വ്യക്തി റിട്ടേണ്‍ ഫയൽ ചെയ്തെങ്കിലും ജീവനക്കാർ അറിയാതെ കൂടുതൽ കിഴിവ് അവകാശപ്പെട്ട് റിട്ടേ ണ്‍ പുനഃസമർപ്പണം നടത്തി. അങ്ങിനെ വരുന്ന റീഫണ്ട് നേടാൻ ബാങ്ക് അക്കൗണ്ട് മാറ്റി നൽകി.

ആദായ നികുതി വകുപ്പ് ഇത് കണ്ടെത്തി. ജീവനക്കാർക്ക് നോട്ടീസ് അയച്ചു. അവർ ആദായ നികുതി വകുപ്പിലും പോലീസിലും പരാതി നൽകിയ ശേഷം ആവശ്യപ്പെട്ട തുക പിഴയും പലിശയും ഉൾപ്പെടെ അടച്ചു.

പ്രശ്നം അവിടെ അവസാനിച്ചില്ല. ആദായ നികുതി വകുപ്പ് മജിസ്ട്രേറ്റ് കോടതിയിൽ പ്രോസിക്യൂഷ ൻ നടപടിക ൾ ആരംഭിച്ചു. ക്രിമിനൽ നിയമപ്രകാരം ജയിൽവാസവും അതുവഴി തൊഴിൽ നഷ്ടവും മാനഹാനിയും ഒഴിവാക്കാൻ കുറ്റം കോന്പൗണ്ട് ചെയ്യാൻ ജീവനക്കാരെ നിർബന്ധിച്ചു.

ചെറിയ തുകകൾ കോന്പൗണ്ട് ചെയ്യാൻ ആവശ്യപ്പെടുന്പോൾ കേസിനു പോയാലുള്ള സമയ, ധന, ആരോഗ്യ നഷ്ടവും മനഃക്ലേശവും ഓർത്തു ആരും സമ്മതിച്ചു പോകും.
ആരോ പറഞ്ഞതുപോലെ നിങ്ങൾ ആർക്കെങ്കിലും അയ്യായിരം രൂപാ നൽകാനുണ്ടെങ്കിൽ ഭയപ്പെടണം, അത് അയ്യായിരം കോടി രൂപ ആണെങ്കിൽ അയാൾ ഭയപ്പെടണം! നികുതിയുടെ കാര്യത്തിൽ ഇത് കൂടുതൽ ശരിയായെന്നു തോന്നുന്നു.

പിഴയ്ക്ക് പുറമേ പ്രോസിക്യൂഷനും

പലപ്പോഴും പിഴ അടച്ചു രക്ഷപ്പെടുമെങ്കിലും മനഃപൂർവം നികുതി വെട്ടിച്ചാൽ മൂന്നു മാസം മുതൽ ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ആദായ നികുതി നിയമത്തി ൽ എണ്ണമിട്ടു പറയുന്നുണ്ട്.

ഇന്ത്യയിൽ നികുതി വെട്ടിപ്പ് കേസുകളി ൽ പ്രോസിക്യൂഷ ൻ നടപടിക ൾ കാര്യമായി നടന്നിരുന്നില്ല. എന്നാൽ ആദായ നികുതി ഓഫീസർമാർ ഇപ്പോൾ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. അതിനാൽ ചെറിയ ബാധ്യതയുള്ള കേസുകളിൽ പോലും നടപടികൾ ആരംഭിച്ചു കോന്പൗണ്ട് ചെയ്യാൻ ആവശ്യപ്പെട്ടു നികുതി പിരിവ് ഉൗർജ്ജിതമാക്കുവാ ൻ തുടങ്ങിയിരിക്കുന്നു. വലിയ മീനുകൾ’ സെറ്റിൽമെന്‍റ് കമ്മിഷൻ വഴി രക്ഷപ്പെടുന്പോൾ ചെറുകിടക്കാർ പ്രോസിക്യൂഷ ൻ ഭീഷണിയിലാണ്.

ആദായ നികുതി വെട്ടിപ്പുകൾ തടയാൻ പല ശ്രമങ്ങളും നികുതി നിയമ പരിഷ്കാരങ്ങളും സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഇതിനെത്തുടർന്ന് ഉണ്ടായ നടപടികളി ൽ പലപ്പോഴും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഈയിടെ പ്രമുഖ കോഫീ വ്യവസായിയുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നായി വാർത്ത വന്നത് ഈ പ്രത്യക്ഷനികുതി വകുപ്പിനെ പ്രതി സ്ഥാനത്തു നിർത്തിക്കൊണ്ടായിരുന്നു.

കോടിക്കണക്കിന് രൂപ നികുതിത്തുക ഇപ്പോഴും വ്യവഹാരങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ട്. നികുതിദാതാവിന് ഒരു വിധത്തിലും നികുതി ബാധ്യത ഉണ്ടെന്നു അറിയാത്ത അവസ്ഥയിലും നികുതി നിയമ വ്യാഖ്യാന വ്യത്യാസങ്ങളിലെ ചെറിയ പിഴവുകളിലൂടെയും മറ്റും ഒരുപാട് നികുതി അടയ്ക്കേണ്ടി വരുന്ന അവസ്ഥ പലപ്പോഴും ഉണ്ടായിരുന്നു. നിയമം മുൻ കാല പ്രാബല്യത്തോടെ പാസ്സാക്കിയ ശേഷം നികുതി ബാധ്യതക്ക് നോട്ടീസ് നൽകുന്ന സ്ഥിതിയുമുണ്ടായിരുന്നു. ഇത് നികുതി ഉപദേശകരുടെ സഹായത്തോടെ ദീർഘകാല നിക്ഷേപം നടത്തിയിരുന്ന വിദേശ ബിസിനസ് ഇടപാടുകാരെ ഉൾപ്പെടെയുള്ളവരെ വലച്ചു. കാർഷിക ഭൂമി വില്പന നടത്തിയ പലർക്കും മൂലധന നേട്ട നികുതിയിൽ പിന്നീട് നോട്ടീസ് ലഭിക്കുകയും അതു തർക്കത്തിലേക്കും കേസു നടത്തിപ്പിലേക്കും വഴിയൊരുക്കുകയും ഉണ്ടായി. അപ്പീലിന് നികുതിത്തുക കെട്ടി വെയ്ക്കേണ്ടി വരുന്നത് നികുതിദായകന് സാന്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കി. ഈ സാഹചര്യത്തിലാണ് പുതിയ വ്യവസ്ഥകൾ നിലവിൽ വരുന്നത്.

പുതിയ വ്യവസ്ഥകൾ

ആദായ നികുതി നിയമപ്രകാരം വരുമാനം മറച്ചു വച്ചിട്ടില്ല എന്ന് തെളിയിക്കേണ്ടത് നികുതി ദാതാവിന്‍റേതാണ്. 2016 -17 നു മുന്പ് നികുതിക്ക് പുറമേ അതിന്‍റെ മൂന്നിരട്ടി വരെ പിഴ ഒടുക്കേണ്ടിയിരുന്നു.

2016- 17 മുതൽ നികുതി വെട്ടിപ്പിനെ രണ്ടു തരത്തി ൽ വ്യാഖ്യാനിക്കാൻ വ്യവസ്ഥ വന്നു. വെളിപ്പെടുത്താത്ത വരുമാനത്തെ രണ്ടു രീതിയി ൽ കണ്ടു തുടങ്ങി. വരുമാനം കുറച്ചു കാണിക്കുന്നതിനും മനഃപൂർവം തെറ്റായി വെളിപ്പെടുത്തുന്നതിനും വെവ്വേറെ പിഴ ഈടാക്കാൻ വ്യവസ്ഥ വന്നു.

2016 -17ന് മുന്പുള്ള രീതി ഇങ്ങനെ

വരുമാനം മറച്ചുവെച്ച് നികുതി ഒഴിവാക്കുന്ന രീതിക്കെതിരെ 2016-17നു മുൻപ് നില നിന്ന വകുപ്പിലെ നിർദ്ദേശം ഇങ്ങനെ ആയിരുന്നു.

നികുതി അധികാരികൾക്ക് തങ്ങളുടെ നടപടികൾക്കിടെ ഏതെങ്കിലും വ്യക്തി തന്‍റെ വരുമാനം മറച്ചു വെച്ചിട്ടുണ്ടെന്നോ അഥവാ അത്തരം വരുമാനത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നോ ബോധ്യമായാൽ അയാൾ നികുതി ഒഴിവാക്കിയ തുകയുടെ മൂന്നിരട്ടിയി ൽ കവിയാത്ത ഒരു തുക പിഴയടയ്ക്കാൻ നിർദ്ദേശിക്കാം.

ഇതിനു ഓഫീസർ ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകേണ്ടതുണ്ടായിരുന്നു. എന്നാൽ അധികമായി നികുതി കണക്കാക്കിയ തുക ഒരു നിയമത്തർക്കത്തെ തുുടർന്നുണ്ടായതാണെങ്കി ൽ പിഴ ഈടാക്കാനാവില്ലായിരുന്നു.

അത്തരം വ്യക്തി മറച്ചുവെച്ച വരുമാനത്തിന് വിശദീകരണം നല്കുന്നതി ൽ പരാജയപ്പെടുകയോ, തെറ്റായ വിശദീകരണം നൽകുകയോ, ബോദ്ധ്യപ്പെടുത്താ ൻ കഴിയാത്ത വിശദീകരണം നൽകുകയോ, ഉത്തമ വിശ്വാസത്തോടെയെന്നു തെളിയിക്കാനാവാത്ത വിശദീകരണം നൽകുകയോ, വരുമാനത്തെപ്പറ്റി കാതലായ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന് തെളിയിക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ മൊത്തം വരുമാനം നിർണയിച്ചപ്പോൾ കൂട്ടിയ തുക അഥവാ നിഷേധിച്ച ചെലവ് മറച്ചു വെച്ച വരുമാനമായി കണക്കാക്കും.


പുതുക്കിയ വകുപ്പ്

2016 -17 സാന്പത്തിക വർഷം മുതൽ വകുപ്പ് 270എ ഏർപ്പെടുത്തി. പുതുക്കിയ നികുതി നിയമത്തി ൽ കുറച്ചുകാണിച്ച / തെറ്റായി വെളിപ്പെടുത്തിയ വരുമാനത്തിന് പിഴ ഈടാക്കാനുള്ള തുക കണക്കാക്കുന്നതിന് 2017 ഏപ്രി ൽ മുതൽ പ്രാബല്യത്തോടെ പുതിയ വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. നോട്ടീസ് നൽകിയതിനെത്തുടർന്നാണ് ഒരാൾ ആദ്യമായി തന്‍റെ വരുമാനം വെളിപ്പെടുത്തുന്നതെങ്കിൽ പിഴ നൽകേണ്ടി വരും.

പിഴ

വരുമാനം കുറച്ചു കാണിച്ചാൽ നികുതിയും നികുതിയുടെ അന്പതു ശതമാനം പിഴയും നൽകേണ്ടി വരും. വരുമാനം മനഃപൂർവം തെറ്റായി നൽകിയാൽ, പിഴ ഇരുന്നൂറു ശതമാനമാകും.
വരുമാനം മനഃപൂർവം തെറ്റായി നൽകുന്നതായി കണക്കാക്കുന്ന കേസുകൾ ബിസിനസുകാരെ മാത്രം ഉദ്ദേശിച്ചാണ് എന്ന് ഒരു അനുമാനം ഉണ്ട്. അതായത് പ്രത്യേകം കണക്കുകൾ സൂക്ഷിക്കുന്ന കേസുകളിൽ, അതിൽ തിരിമറി നടത്തിയാലാണ് ഇങ്ങനെ പിഴ നൽകേണ്ടി വരുക എന്നാണ് വ്യാഖ്യാനം. അതായത് ശന്പളക്കാർക്കോ ഭൂമി വില്പന മൂലം നികുതി റിട്ടേണ്‍ ഫയൽ ചെയ്യേണ്ടവർക്കോ വരുമാനം അനുമാനിച്ചു നികുതി അടയ്ക്കുന്ന കേസുകളിലോ എന്തെങ്കിലും കാരണവശാൽ വരുമാനം കുറഞ്ഞു പോയാൽ അഥവാ വെളിപ്പെടുത്താനായില്ലെങ്കിൽ അന്പതു ശതമാനത്തിലധികം പിഴ ഈടാക്കില്ലെന്നു പ്രതീക്ഷിക്കാം.

ഉദാഹരണത്തിന് പല സാധാരണക്കാർക്കും ഭൂമി വില്പനയിലെ നികുതി ബാധ്യതയെക്കുറിച്ച് അറിവില്ല. ഗ്രാമത്തിലെ കാർഷിക ഭൂമി നികുതി ഒഴിവുള്ളതാണെങ്കിലും കേരളത്തിലെ നഗരവൽക്കരണം മൂലമുള്ള പ്രത്യേക അവസ്ഥ വച്ചു ഇത് പലപ്പോഴും തർക്കത്തിനുള്ള വഴിയുണ്ടാക്കുന്നു. നികുതി നിയമം നികുതി ദായകനോടു സഹാനുഭൂതിയോടെ പ്രയോഗിക്കും എന്ന് വിശ്വസിക്കാം. പുതിയ ആദായ നികുതി നിയമം വരുന്നുണ്ട്. അതിൽ ഇനി ഇവ എങ്ങനെ പരിഗണിക്കും എന്നും കാത്തിരുന്നു കാണാം.

വാൽകഷണം:

സന്പത്ത് ഉണ്ടാക്കുന്നത് കുറ്റമായി കാണരുതെന്നും നികുതി ദായകരെ ഉപദ്രവിക്കരുതെന്നും ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ ഇന്ത്യയുടെ പ്രധാന മന്ത്രി.

വരുമാനം കുറച്ചുകാണിച്ചു എന്ന് കണക്കാക്കുന്ന സന്ദർഭങ്ങൾ

1. റിട്ടേണ്‍ സ്വമേധയോ സമർപ്പിച്ചിട്ടില്ല, അഥവാ വകുപ്പ് 148 പ്രകാരം ആദ്യമായി തന്‍റെ വരുമാനം വെളിപ്പെടുത്തി റിട്ടേ ണ്‍ സമർപ്പിക്കുന്നു. വരുമാനത്തിന് നികുതി ബാധ്യത ഉണ്ട്.
2. റിട്ടേണ്‍ സമർപ്പിച്ചുവെങ്കിലും നികുതി ഓഫീസർ അതുപ്രകാരം വരുമാനം കണക്കാക്കി വന്നപ്പോൾ കൂടുതൽ കണ്ടെത്തി.
3. നികുതി പുനർനിർണയത്തിൽ വരുമാനം കൂടുതൽ കണ്ടെത്തി.
4. റിട്ടേണ്‍ പ്രകാരം നൽകിയ നഷ്ടം നികുതി നിർണയത്തിലോ പുനർനിർണയത്തിലോ കുറയുന്നു, അഥവാ ലാഭം കണക്കാക്കപ്പെടുന്നു.

വരുമാനം കുറച്ചുകാണിച്ചു എന്ന് കണക്കാക്കാത്ത സന്ദർഭങ്ങൾ

1. നികുതി ദായകൻ വിശദീകരണം നൽകുകയും അതു ഉത്തമ വിശ്വാസത്തിലുള്ളതെന്ന് നികുതി നിർണയ അധികാരിക്ക് ബോധ്യപ്പെടുകയും എല്ലാ സുപ്രധാനകാര്യവും വെളിപ്പെടുത്തുകയും ചെയ്ത വരുമാനം.
2. കുറച്ചുവച്ച വരുമാനം എസ്റ്റിമേറ്റ് ചെയ്തത് മാത്രം ആണെങ്കി ൽ.
3. നികുതി ദായകൻ സ്വന്തം എസ്റ്റിമേറ്റ് പ്രകാരം ഒരു തുക കണക്കാക്കി വരുമാനത്തോടൊപ്പം കൂട്ടുകയോ നഷ്ടം കുറയ്ക്കുകയോ ചെയ്ത കേസുകളിൽ അതെക്കുറിച്ച് മറ്റെല്ലാ സുപ്രധാനകാര്യവും വെളിപ്പെടുത്തിയിട്ടുണ്ടെങ്കി ൽ, അത്തരം തുക.
4. അന്താരാഷ്ട്ര ഇടപാടുകളിൽ വിവരങ്ങളും പ്രമാണങ്ങളും സൂക്ഷിക്കുകയും അതെക്കുറിച്ച് മറ്റെല്ലാ സുപ്രധാനകാര്യവും വെളിപ്പെടുത്തുകയും ചെയ്തത്.
5. റെയ്ഡ്, സെർച്ച് വഴി കണ്ടെത്തി മറ്റു വകുപ്പ് വഴി പിഴ ഈടാക്കാവുന്ന വരുമാനം.

മനഃപൂർവം, തെറ്റായി വെളിപ്പെടുത്തി എന്നു കണക്കാക്കുന്ന വരുമാനം

1. തെറ്റിദ്ധരിപ്പിക്കുന്ന അഥവാ മറച്ചു വെച്ച കാര്യങ്ങൾ
2. കണക്കുകളിൽ രേഖപ്പെടുത്താത്ത നിക്ഷേപങ്ങൾ
3. തെളിവില്ലാതെ രേഖപ്പെടുത്തിയ ചെലവുക ൾ
4. മനഃപൂർവം തെറ്റായ കണക്കുകൾ രേഖപ്പെടുത്തിയത്
5. മൊത്തം വരുമാനത്തിൽ ഉൾപ്പെടുത്താവുന്ന ഏതെങ്കിലും വരവ് കണക്കുകളിൽ രേഖപ്പെടുത്താത്തത്
6. അന്താരാഷ്ട്ര ഇടപാടുകളോ, അങ്ങനെ അനുമാനിക്കാവുന്നതോ നിശ്ചിത ദേശീയ ഇടപാടുകളോ രേഖപ്പെടുത്താത്തത്.

കുറച്ചുകാണിച്ച വരുമാനം കണക്കാക്കുന്നത് എങ്ങനെ

1. റിട്ടേണ്‍ സമർപ്പിച്ച ശേഷം ആദ്യമായി വരുമാനം നിർണയിക്കപ്പെടുന്നു എങ്കിൽ, നിർണയിക്കപ്പെടുന്ന റിട്ടേ ണ്‍ വരുമാനവും നേരത്തെ റിട്ടേണ്‍ പ്രകാരം നിർണയിച്ച വരുമാനവും തമ്മിലുള്ള വ്യത്യാസം.
2. റിട്ടേണ്‍ സ്വമേധയോ സമർപ്പിച്ചിട്ടില്ലെങ്കിൽ, അഥവാ വകുപ്പ് 148 പ്രകാരം ആദ്യമായി തന്‍റെ വരുമാനം വെളിപ്പെടുത്തി റിട്ടേണ്‍ സമർപ്പിക്കുന്നുവെങ്കിൽ:
* കന്പനി/പാർട്ട്ണർഷിപ്/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നീ മൂന്നു വിഭാഗങ്ങൽക്കും ഇങ്ങനെ നിർണയിക്കുന്ന വരുമാനം കുറച്ചു വെച്ച വരുമാനമാകും.
* മറ്റു വ്യക്തികൾ, സ്ഥാപനങ്ങൾതുടങ്ങിയവയുടെ കാര്യത്തിൽ, നിർണയിക്കുന്ന വരുമാനവും നികുതി ഒഴിവുള്ള നിശ്ചിത വരുമാന പരിധിയും (വ്യക്തിക്ക് രണ്ടര ലക്ഷം രൂപ) തമ്മിലുള്ള വ്യത്യാസം.
* വരുമാന പുനർ നിർണയത്തി ൽ നഷ്ടം കുറയുന്ന, അഥവാ ലാഭം കണക്കാക്കപ്പെടുന്ന കേസുകളി ൽ നികുതി ദായകൻ തീരുമാനിച്ച നഷ്ടവും പുതിയ തുകയും തമ്മിലുള്ള വ്യത്യാസം.

ലൂക്കോസ് ജോസഫ്, സിഎ
അനിൽ പി നായർ, സിഎ