എത്രനാൾ ഈ മുരടിപ്പ്?
എത്രനാൾ ഈ മുരടിപ്പ്?
Monday, January 6, 2020 3:30 PM IST
കാർ വിൽപ്പന കുറഞ്ഞതിനു കുറ്റം ഉൗബർ- ഒലെയ്ക്കാണെന്നായിരുന്നു ആദ്യത്തെ കണ്ടുപിടുത്തം. പിന്നീട് സിനിമാ തിയേറ്ററുകളിൽ റിക്കാർഡ് കളക്ഷനുണ്ടല്ലോ എന്നായിരുന്നു ഒരു മന്ത്രിയുടെ കണ്ടെത്തൽ. ധാരാളം വിവാഹങ്ങൾ രാജ്യത്തു നടക്കുന്നുണ്ടല്ലോ എന്നതാണ് മറ്റൊരു മന്ത്രിയുടെ ഏറ്റവും പുതിയ കണ്ടെത്തൽ.

എതായാലും അവസാനം ധനമന്ത്രി നിർമല സീതാരാമൻ ഒരു കാര്യം തുറന്നു സമ്മതിച്ചിരിക്കുകയാണ്. ഇന്ത്യൻ സന്പദ്ഘടനയുടെ വളർച്ച കുറയുകയാണ്. രാജ്യത്ത് മാന്ദ്യം അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു... നമുക്ക് ഉണർന്നു പ്രവർത്തിക്കാം.
ഇതിനു പിന്നാലെ സന്പദ്ഘടനയുടെ വിവിധ ഭാഗങ്ങളിൽനിന്നു വന്ന കണക്കുകൾ സീതാരാമന്‍റെ വാക്കുകളെ ശരിവയ്ക്കുന്ന തരത്തിലാണ്.
ഇന്ത്യൻ സാന്പത്തിക വളർച്ച കുറയുകയാണ്.
എത്ര വരെ വളർച്ച താഴും?
എത്ര നാൾ ഈ മുരടിപ്പ് തുടരും?
എന്നാണിനി ഒരു തിരിച്ചുവരവ്?...

എല്ലാവരുടേയും നാവിൽ ചോദ്യങ്ങൾ ഉയരുകയാണ്. ഒരു പക്ഷേ, ഗവണ്‍മെന്‍റ് കേൾക്കാനിഷ്ടപ്പെടാത്ത ചോദ്യങ്ങൾ. നടപ്പുവർഷത്തെ വളർച്ച ആറു ശതമാനത്തിനു താഴെയായിരിക്കുമെന്നത് ഏതാണ്ട് എല്ലാവരുടേയും മനസിൽ ഉയർന്നു കഴിഞ്ഞു.

തിരിച്ചുവരവ് എപ്പോൾ

എപ്പോഴാണ് തിരിച്ചുവരവ്? കൃത്യമായ ഉത്തരമില്ലാത്ത ചോദ്യമായി ഇതവശേഷിക്കുന്നു. നടപ്പുവർഷത്തിന്‍റെ അവസാന ക്വാർട്ടറിൽ സന്പദ്ഘടന ബോട്ടം ഒൗട്ട് ആകുമെന്നു ചിലർ പ്രതീക്ഷിക്കുന്നു. മറ്റു ചിലർ ഒരു ക്വാർട്ടർ കൂടി മുന്നോട്ടു സമയം വയ്ക്കുന്നു. എന്തായാലും വളർച്ചയിലെ മുരടിപ്പും മാന്ദ്യവും എല്ലാവരും സമ്മതിക്കുന്നു.

സന്പദ്ഘടനയിൽനിന്നു വരുന്ന സൂചനകളെല്ലാം നിരാശപ്പെടുത്തുന്നതാണ്. ആളുകളുടെ ഉത്സാഹത്തെ കെടുത്തുന്നതാണ്. വ്യവസായ ഉത്പാദന മേഖല ഏഴു വർഷത്തെ ഏറ്റവും മോശമായ അവസ്ഥയിലാണെന്നതാണ് ഏറ്റവുമൊടുവിൽ ആശങ്ക വർധിപ്പിച്ചിട്ടുള്ളത്. മറ്റു സൂചനകളും ധാരാളമായി എത്തുകയാണ്.

സന്പദ്ഘടനയിലെ ഇപ്പോഴത്തെ വളർച്ചക്കുറവ് അടുത്ത സാന്പത്തിക വർഷത്തേക്കുകൂടി നീളുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വ്യവസായ ഉത്പാദനം, കയറ്റുമതി, ഭക്ഷ്യേതര വായ്പ വളർച്ച, ബിസിനസ് ആത്മവിശ്വാസം, ക്രയശേഷി സർവേ റിപ്പോർട്ട്, തൊഴിൽ സൃഷ്ടി തുടങ്ങിയവയെല്ലാം നൽകുന്ന സൂചന ഇപ്പോഴത്തെ മാന്ദ്യം നീളുന്നതിലേക്കാണ്.
വാഹനവില്പനയിലെ ഇടിവ്, വ്യോമഗതാഗതം കുറയുന്നത്, നിർമാണ മേഖലയിലും അടിസ്ഥാന സൗകര്യ മേഖലയിലും നിക്ഷേപം കുറയുന്നത്, കാതൽ മേഖലയിലെ ഉൽപാദന കുറവ് എന്നിവയെല്ലാം ഭാവിയെപ്പറ്റി ആശങ്ക വളർത്തുന്നു. ടെലികോം ഉൗർജ കന്പനികളും ബാങ്കിതര ധനകാര്യ കന്പനികളും നേരിടുന്ന പ്രശ്നങ്ങളും മുന്നോട്ട് തടസമായി മാറും.
അടുത്ത വർഷം സന്പദ് ഘടന സജീവമാകുമെന്നാണ് മൂഡീസ് ഇൻവസ്റ്റേഴ്സ് സർവീസ് കരുതുന്നത്. അടുത്തയിടെ ഇന്ത്യയുടെ വളർച്ച പ്രതീക്ഷ മൂഡീസ് 5.6 ശതമാനത്തിലേക്കു വെട്ടിക്കുറച്ചിരുന്നു.

ഘടനാപരമായ മാന്ദ്യം

ഓരോ ദിവസവും നാം കേൾക്കുന്ന ഫാക്ടറികൾ അടയ്ക്കുകയാണെന്നാണ്. കാരണം നിക്ഷേപകർക്ക് നിക്ഷേപം നടത്താൻ താൽപര്യമില്ല. കാരണം ഡിമാൻഡില്ല.
സന്പദ്ഘടന നേരിടുന്ന പ്രധാന പ്രശ്നം ഡിമാൻഡ് ഭാഗത്തുനിന്നാണ്. ഡിമാൻഡ് പൊതുവേ കുറഞ്ഞിരിക്കുന്നു. ആളുകളുടെ ക്രയശേഷി കുറഞ്ഞിരിക്കുന്നു. ജിഡിപിയുടെ 59-60 ശതമാനത്തോളം ഉപഭോക്തൃ ഡിമാൻഡാണ്. ഇതിൽ പ്രധാനപ്പെട്ടതാണ് സ്വകാര്യ ഉപഭോഗം. അതു കുത്തനെ താഴ്ന്നിരിക്കുന്നു.

സന്പദ്ഘടന ഘടനാപരമായ വളർച്ചമാന്ദ്യത്തെ നേരിടുകയാണെന്നാണ് പല സാന്പത്തിക വിദഗ്ധരുടേയും വിലയിരുത്തൽ. ഇതിന്‍റെ തുടക്കം ലഘുസന്പാദ്യ പദ്ധതികളുടെ താഴ്ചയോടെയാണ്. കുറഞ്ഞ കാർഷിക വളർച്ച, ഇതുമൂലം ഗ്രാമീണ മേഖലയിലുണ്ടായ വരുമാനക്കുറവ് തുടങ്ങിയവയെല്ലാം സന്പദ്ഘടനയെ കൂടുതൽ തളർച്ചയിലേക്കു തള്ളിവിട്ടു. കാർഷിക മേഖലയിൽ സമഗ്ര പരിഷ്കാരത്തിന്‍റെ ആവശ്യകതയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്.

ഗ്രാമീണ മേഖലയിലെ പ്രശ്നങ്ങളാണ് ഇപ്പോഴത്തെ ഡിമാൻഡ് കുറവിന്‍റെ മുഖ്യകാരണം. അത് ഇപ്പോൾ സംഘടിതമേഖലയിലേക്കും പടരുകയാണ്. ഗ്രാമീണ മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണാതെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹിക്കാൻ കഴിയുകയില്ല: നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ മുൻ ചെയർമാൻ പ്രൊണാബ് സെൻ അഭിപ്രായപ്പെടുന്നു.
കന്പനിനികുതി വെട്ടിക്കുറയ്ക്കുവാൻ കാത്തിരിക്കണമായിരുന്നുവെന്നും അതിനു പകരം എൻആർഇജിഎ, ജലസേചനം, ഗ്രാമീണ റോഡുകൾ തുടങ്ങിയ ഗ്രാമധിഷ്ഠിധ പദ്ധതികളിൽ കൂടുതൽ നിക്ഷേപം നടത്തുകയായിരുന്നു വേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കന്പനി നികുതി കുറച്ചത് ഗ്രാമീണ മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരമാവുകയില്ല; വീണുപോയ ഡിമാൻഡ് മെച്ചപ്പെടുത്തകയുമില്ല; നിക്ഷേപം വർധിക്കുകയുമില്ലെന്നും സെൻ ചൂണ്ടിക്കാട്ടുന്നു.

മറ്റൊരു പ്രധാന പ്രശ്നമാണ് നിക്ഷേപകരെ വിവിധ ഏജൻസികൾ വേട്ടയാടുന്ന സ്ഥിതി. നിക്ഷേപം നടത്താൻ ഭയമാണ്. മറ്റു വാക്കിൽ പറഞ്ഞാൽ ടാക്സ് ടെററിസത്തിന്‍റെ ഭീതിയിലാണ് നിക്ഷേപകർ. ഏതെങ്കിലും ഏജൻസികൾ നിക്ഷേപകരെ ലക്ഷ്യം വയ്ക്കുന്നു. എന്തിന് ഈ പുലിവാൽ പിടിക്കണം എന്ന ചിന്തയാണ് പല നിക്ഷേപകർക്കും.

ബിസിനസുകാരും നിക്ഷേപകരും തമ്മിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു. (കഫേ കോഫി ഡേ ഉടമ വി ജി സിദ്ധാർഥയെ ഓർമിക്കുക). എല്ലാ വ്യവസായികളേയും മല്യമാരായി കാണേണ്ടതുമില്ല. നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാൻ നടപടികൾ വളരെ സുതാര്യമാക്കേണ്ടിയിരിക്കുന്നു.

പലിശ നിരക്കു താഴുന്പോഴും നിക്ഷേപം സംഭവിക്കുന്നില്ല. വിശ്വാസക്കുറവുതന്നെയാണ് ഒരു കാരണം. മുൻ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ ഡോ. മൻമോഹൻസിംഗ് ഇതു പലതവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുവാൻ ഗവണ്‍മെന്‍റ് ചെലവഴിക്കൽ വർധിപ്പിക്കണം. ഗവണ്‍മെന്‍റിന്‍റെ ഭാഗത്തുനിന്നുള്ള നിക്ഷേപം ഇപ്പോൾ ഏറ്റവും താഴ്ന്ന നിലയിലാണ്.

സണ്‍റൈസ് വ്യവസായമായി കരുതിയിരുന്ന ടെലികോമിന്‍റെ സ്ഥിതിയെന്താണെന്ന് ആലോചിച്ചു നോക്കുക. ഏവിയേഷന്‍റെ സ്ഥിതി നോക്കുക. സ്വകാര്യ ബാങ്കിംഗിന്‍റെ സ്ഥിതി നോക്കുക. മരിച്ച സ്ഥിതിയിലാണ് അവയെല്ലാം..

നൈയാമികവും നയപരവുമായി ആശയക്കുഴപ്പം ഇവിടെ നിലനിൽക്കുകയാണ്. വൊഡാഫോണ്‍- ഐഡിയ കന്പനി കടയ്ക്ക് ഷട്ടർ ഇടുന്ന അവസ്ഥയിലേക്കെത്തി. കൂടുതൽ നിക്ഷേപം നടത്തുവാൻ താൽപര്യമില്ലെന്ന് അതിന്‍റെ പ്രമോട്ടർമാർ വ്യക്തമാക്കി. ഇതു നിക്ഷേപകർക്കു നൽകുന്ന സന്ദേശം എന്താണ്? പ്രത്യേകിച്ചും വിദേശ നിക്ഷേപകർക്ക്. കുമാർ മംഗളം ബിർളയ്ക്കു നഷ്ടമായത് 300 കോടി ഡോളറാണ്.

ഗവണ്‍മെന്‍റ് ബാങ്കുകളുടെ പുനർമൂലധനവത്കരണത്തിനായി 88000 കോടി രൂപ നൽകി. എന്താണു പ്രയോജനം. കിട്ടാക്കടത്തിന്‍റെ പ്രശ്നങ്ങൾക്കു വകയിരുത്തിയതൊഴിച്ചാൽ വായ്പ വളർച്ചയ്ക്കു വഴി തെളിച്ചില്ല.

2011-12 വരെ ജിഡിപി 8 -9 ശതമാനം വളർച്ച കാണിച്ചപ്പോൾ വൻതോതിൽ നിക്ഷേപം നടന്നു. ഭാവിയിൽ ഇതേ നിലയിൽ വളർച്ച ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു നിക്ഷേപം. എന്നാൽ വളർച്ച കുറഞ്ഞതോടെ വായ്പ തിരിച്ചടയ്ക്കാനുള്ള വരുമാനം പോലും പല കന്പനികൾക്കും ലഭിക്കാതെയായി. ഇതു വായ്പ കൊടുത്തതിന്‍റെ കുഴപ്പമായി മാത്രം കാണേണ്ടതില്ല. സാന്പത്തിക വളർച്ച മെച്ചപ്പെട്ടാൽ ഇപ്പോഴുള്ള ബാങ്കുകളുടെ എൻപിഎയിൽ നല്ലൊരു പങ്ക് അപ്രത്യക്ഷമാകും. അതിനു ഗവണ്‍മെന്‍റ് മുൻകൈയെടുത്ത് നിക്ഷേപം നടത്തിയാലേ സാധിക്കുകയുള്ളു. അടിസ്ഥാനസൗകര്യമേഖലയിൽ പണമിറക്കുകയേ വഴിയുള്ളു. ഉപഭോക്താക്കളുടെ കൈകളിൽ പണം എത്തിക്കുന്ന നടപടികൾ എടുക്കുക.

ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് നടപ്പുവർഷത്തിന്‍റെ നാലാം ക്വാർട്ടറിലോ അടുത്ത വർഷം ആദ്യ ക്വാർട്ടറിലോ മാറ്റം വന്നു തുടങ്ങുമെന്നാണ് സാന്പത്തിക വിദഗ്ധരുടെ അഭിപ്രായം. എന്നാൽ അപ്പോൾപ്പോലും കുത്തനെയുള്ള തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.

വ്യവസായ ഉത്പാദനം കുത്തനേ ഇടിഞ്ഞു; സെപ്റ്റംബറിൽ 4.3%

സാന്പത്തികരംഗത്തെ തളർച്ച വ്യക്തമാക്കിക്കൊണ്ട് സെപ്റ്റംബറിൽ വ്യവസായ ഉത്പാദനം 4.3 ശതമാനം കുറഞ്ഞു. തുടർച്ചയായ രണ്ടാം മാസമാണ് ഐഐപി (വ്യവസായ ഉത്പാദന സൂചിക) ചുരുങ്ങുന്നത്. ഓഗസ്റ്റിൽ 1.1 ശതമാനം കുറഞ്ഞിരുന്നു. ഏഴു വർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയാണിത്.

മുൻവർഷം സെപ്റ്റംബറിൽ 4.6 ശതമാനം വ്യവസായ ഉത്പാദന വളർച്ച ഉണ്ടായ സ്ഥാനത്താണ് ഇത്തവണ തന്നെയുള്ള വീഴ്ച. ഇതോടെ ഏപ്രിൽ-സെപ്റ്റംബറിലെ വളർച്ച 1.3 ശതമാനമായി താണു. മുൻവർഷമിതേ കാലയളവിലെ വളർച്ച 5.2 ശതമാനമായിരുന്നു.

മാനുഫാക്ചറിംഗ്, മൈനിംഗ്, വൈദ്യുതി തുടങ്ങിയ മുഖ്യ മൂന്നു മേഖലകളിലും ഉത്പാദനം ചുരുങ്ങി. വ്യവസായ ഉത്പാദന സൂചികയിൽ 77.6 ശതമാനം വെയിറ്റേജ് ഉള്ള ഫാക്ടറി മേഖല പീഡിതമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ മേഖലയിലെ ഉത്പാദനം സെപ്റ്റംബറിൽ 3.9 ശതമാനം കുറഞ്ഞു. തലേ സെപ്റ്റംബറിൽ 4.8 ശതമാനം വളർന്നതാണ്. മാനുഫാക്ചറിംഗ് മേഖലയിലെ 23 വ്യവസായ ഗ്രൂപ്പുകളിൽ 17-ലും ഉത്പാദനം ചുരുങ്ങുകയാണ് ചെയ്തത്. ഓഗസ്റ്റിൽ 15 എണ്ണത്തിലായിരുന്നു ഉത്പാദനം ചുരുങ്ങിയിരുന്നത്. മോട്ടോർ വാഹന വ്യവസായത്തിലെ ഉത്പാദനം സെപ്റ്റംബറിൽ 25 ശതമാനം ഇടിവാണ് കാണിച്ചത്.
പതിന്നാലു ശതമാനം വെയിറ്റേജുള്ള ഖനനം 2018 സെപ്റ്റംബറിൽ 0.1 ശതമാനം വളർച്ച് നേടിയിരുന്നു ഈ സെപ്റ്റംബറിൽ 8.5 ശതമാനം ചുരുങ്ങുകയാണ് ചെയ്തത്. ഉൗർജോത്പാദനം 8.2 ശതമാനം വളർച്ചയിൽനിന്ന് 2.6 ശതമാനം ചുരുങ്ങലിലേക്ക് പതിച്ചു.

മൂലധനസാമഗ്രികളുടെ (കാപ്പിറ്റൽ ഗുഡ്സ്) ഉത്പാദനം 20.7 ശതമാനമാണ് ഇടിഞ്ഞത്. പുതിയ മൂലധനനിക്ഷേപം വഴി ഫാക്ടറികളും മറ്റും നിർമിക്കുന്നതു കുത്തനേ ഇടിഞ്ഞുവെന്നാണ് ഇതിന്‍റെ അർഥം. ഏപ്രിൽ- സെപ്റ്റംബർ കാലയളവിലും കാപ്പിറ്റൽ ഗുഡ്സിന്‍റെ ഉത്പാദനം ചുരുങ്ങിയിരിക്കുകയാണ്.

ഏപ്രിൽ - സെപ്റ്റംബർ മാസത്തിലെ വ്യവസായികോത്പാദനം 1.3 ശതമാനമാണെന്നു പറഞ്ഞാൽ സന്പദ്ഘടന ഏതാണ്ട് നിശ്ചലമായ സ്ഥിതിയിലാണെന്നാണ് പല സാന്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒക്ടോബറിലും പ്രതീക്ഷയ്ക്കു വകയില്ല.

ഉപഭോക്തൃ ഡിമാൻഡ് ഇല്ല. ഉത്സവ സീസണു മുന്പുള്ള മാസമാണ് സെപ്റ്റംബർ. എന്നിട്ടും കണ്‍സ്യൂമർ ഡ്യൂറബിൾ ഉത്പാദനത്തിൽ 10 ശതമാനം കുറവുണ്ടായത് എല്ലാവരേയും അന്പരപ്പിച്ചു. ഒക്ടോബറിൽ ഇ- കൊമേഴ്സ് വിൽപ്പന വൻതോതിൽ ഉണ്ടായിരുന്നിട്ടും ഇതാണ് സ്ഥിതിയെന്നതാണ് വിചിത്രമായ സംഗതി. സാധാരണ ഗതിയിൽ സെപ്റ്റംബറിൽ ഈ മേഖല വളർച്ച കാണിക്കേണ്ടതായിരുന്നു.

ഈ ധനകാര്യ വർഷത്തിൽ ആദ്യമായി നോണ്‍ കണ്‍സ്യൂമർ മേഖലയിലെ ഉത്പാദനം കുറഞ്ഞു. കുറവ് 0.4 ശതമാനമേയുള്ളുവെങ്കിലും അതു സന്പദ്ഘടനയുടെ തിരിച്ചുവരവു പ്രതീക്ഷയ്ക്ക് ഏൽപ്പിക്കുന്ന ആഘാതം വലുതാണ്.

ആത്മവിശ്വാസം കുറയുന്നു

വ്യവസായ മേഖലയിൽ ആത്മവിശ്വാസം കുറഞ്ഞു എന്ന സർവേ ഫലം പുറത്തുവന്നതിനു പിന്നാലെയാണു വ്യവസായ ഉത്പാദനം ഇടിഞ്ഞെന്ന കണക്കുവന്നത്. നാഷണൽ കൗണ്‍സിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് (എൻസിഎഇആർ) നടത്തിയ ബിസിനസ് കോണ്‍ഫിഡൻസ് സർവേ 15.3 ശതമാനം താഴ്ചയാണു കാണിച്ചത്. ജൂലൈ ത്രൈമാസത്തെ അപേക്ഷിച്ച് 15.3 ശതമാനം താണു 103.1 ആണ് ഒക്ടോബർ ത്രൈമാസത്തിലെ ബിസിനസ് കോണ്‍ഫിഡൻസ് സൂചിക. 2013 ഒക്ടോബറിലെ 100.4 മാത്രമാണ് ഇതിലും കുറഞ്ഞ ബിസിനസ് കോണ്‍ഫിഡൻസ് സൂചിക രേഖപ്പെടുത്തിയിട്ടുണ്ട്.

കയറ്റുമതി വീണ്ടും കുറഞ്ഞു

ഒക്ടോബറിലും ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞു. ഇറക്കുമതിയിലും കുറവുണ്ടായതിനാൽ വാണിജ്യകമ്മിയും കുറഞ്ഞു. സെപ്റ്റംബറിലും വിദേശവ്യാപാരം ചുരുങ്ങിയിരുന്നു.
ഒക്ടോബറിലെ കയറ്റുമതി 1.11 ശതമാനം കുറഞ്ഞ് 2638 കോടി ഡോളറായി. പെട്രോളിയം ഉത്പന്നങ്ങളുടെയും തുകലുത്പന്നങ്ങളുടെയും കയറ്റുമതിയിലാണു വലിയ ഇടിവ്. സെപ്റ്റംബറിൽ കയറ്റുമതി 6.57 ശതമാനം കുറഞ്ഞതാണ്.

ഇറക്കുമതി 16.31 ശതമാനം കുറഞ്ഞ് 3739 കോടി ഡോളറായി. പെട്രോളിയം ഇറക്കുമതി 31.74 ശതമാനം കുറഞ്ഞതാണ് മൊത്തം ഇറക്കുമതിയെ താഴ്ത്തിയത്.

വാണിജ്യകമ്മി 1800 കോടി ഡോളറിൽനിന്ന് 1100 കോടി ഡോളറായി ചുരുങ്ങി.
ഏപ്രിൽ ഒക്ടോബറിലെ കയറ്റുമതി 2.21 ശതമാനം താണ് 18,595 കോടി ഡോളറായി. ഇറക്കുമതി 28,067 കോടി ഡോളറാണ്. ഏഴുമാസത്തെ കമ്മി 9472 കോടി ഡോളറാണ്. കയറ്റിറക്കുമതി കുറയുകയെന്നു പറഞ്ഞാൽ രാജ്യത്തെ മാനുഫാക്ചറിംഗ് മേഖല പ്രശ്നങ്ങളെ നേരിടുന്നുവെന്നാണ്.

ബാങ്ക് വായ്പ വളർച്ചയും താഴേയ്ക്ക്

ബാങ്ക് വായ്പകളുടെ വളർച്ച നോട്ട് നിരോധന കാലത്തെ താഴ്ചയിലേക്കു പതിച്ചു. വെറും ആറുശതമാനമാണു ജൂലൈ - സെപ്റ്റംബറിൽ രാജ്യത്തെ മൊത്തം വായ്പാ വർധന. ഇത് നോട്ട് നിരോധനകാലത്തെ നിലവാരമാണ്.

ബാങ്കിതര ധനകാര്യ കന്പനികൾക്കുള്ള വായ്പാവിതരണം 36 ശതമാനം കുറഞ്ഞു. മൊത്തം ബാങ്ക് വായ്പകളിൽ എട്ടു ശതമാനമാണ് വർധന: ക്രെഡിറ്റ് സ്വിസ് എന്ന ധനകാര്യ സ്ഥാപനത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

സ്വകാര്യ ബാങ്കുകളുടെ വായ്പാ വിതരണം ഒരു വർഷം മുന്പ് 22 ശതമാനം വളർന്നിരുന്നത് ഇപ്പോൾ 14 ശതമാനമായി. പൊതുമേഖലാ ബാങ്കുകളുടേത് എട്ടിൽ നിന്ന് അഞ്ചുശതമനമായി കുറഞ്ഞു.

ഐഎൽ ആൻഡ് എഫ്എസ്, ദിവാൻ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് തുടങ്ങിയവ പ്രശ്നത്തിലായതോടെ വായ്പ നല്കാൻ ബാങ്കുകൾ മടിക്കുകയാണ്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ കടപ്പത്രങ്ങൾ വാങ്ങാൻ മ്യൂച്വൽ ഫണ്ടുകളും മടിക്കുന്നു.

ബാങ്കിതര ധനകാര്യ കന്പനികൾക്കു പൊതുമേഖലാ ബാങ്കുകളിൽ നിന്നുള്ള വായ്പ നിലയ്ക്കും. മൊത്തം വായ്പയിൽ 15 ശതമാനമേ ബാങ്കിതര ധനകാര്യ കന്പനികൾക്കു നല്കാവൂ എന്നാണു ചട്ടം. മിക്ക പൊതുമേഖലാ ബാങ്കുകളും ഈ പരിധിയിലെത്തി. ഇതു ബാങ്കിതര ധനകാര്യ കന്പനികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നു ക്രെഡിറ്റ് സ്വിസ് മുന്നറിയിപ്പ് നൽകി.

വാഹനവിപണി താഴോട്ടുതന്നെ , ഉത്പാദനം കുറച്ചു

തുടർച്ചയായ പതിനൊന്നാം മാസവും വാഹനവില്പന താണു. ഒക്ടോബറിൽ യാത്രാവാഹനങ്ങളുടെ വില്പനയിൽ നാമമാത്രമായ ഉയർച്ച (0.28 ശതമാനം) ഉണ്ടായെങ്കിലും വില്പനയിലെ മാന്ദ്യം മാറുമെന്ന സൂചന ഇതു നൽകുന്നില്ല. ഉത്സവകാലത്തെ ഒരു വ്യതിയാനമായി മാത്രമേ ഇതിനെ കാണുന്നുള്ളു.

യാത്രാവാഹനങ്ങളും വാണിജ്യവാഹനങ്ങളും ഇരുചക്രമുച്ചക്ര വാഹനങ്ങളും ഉൾപ്പെട്ട മൊത്തം വാഹനവിപണിയുടെ വില്പന 12.76 ശതമാനമാണ് ഒക്ടോബറിൽ ഇടിഞ്ഞത്. ഉത്സവസീസണിലെ കിഴിവുകളും ആനുകൂല്യങ്ങളും യാത്രാവാഹന വില്പന അല്പം വർധിപ്പിച്ചെങ്കിലും മറ്റു വാഹനങ്ങളുടെയെല്ലാം വില്പന താഴോട്ടു പോയി.

മൊത്തം യാത്രാവാഹന വില്പന 2,85,027 ആയിരുന്നെന്നു സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട കണക്കിൽ കാണുന്നു. തലേ ഒക്ടോബറിൽ 2,84,223 ആയിരുന്നു വില്പന.

കാറുകളുടെ വില്പനയും താഴോട്ടായിരുന്നു. 1,73,549 കാറുകളാണു വിറ്റത്. 6.34 ശതമാനം ഇടിവ്. 1,85,400 എണ്ണം 2018 ഒക്ടോബറിൽ വിറ്റതാണ്.

ടൂവീലർ വില്പന 14.43 ശതമാനം കുറഞ്ഞ് 17,57,264 ആയി. തലേ ഒക്ടോബറിൽ 20 ലക്ഷത്തിലധികം ടൂ വീലറുകൾ വിറ്റതാണ്.

വാണിജ്യവാഹന വില്പന 23.31 ശതമാനം കുറഞ്ഞു. ഒക്ടോബറിൽ 51,439 എൽസിവികൾ അടക്കം 66,773 വാണിജ്യവാഹനങ്ങളേ വിറ്റുള്ളൂ.

മഴയും വിനയായി

ഇത്തവണ കാലവർഷം പതിവിലും കൂടുതൽ മഴ നൽകി. ഇതും സാന്പത്തിക വളർച്ചയെ ബാധിക്കുന്നു.

ജൂണ്‍ സെപ്റ്റംബർ സമയത്തെ തെക്കുപടിഞ്ഞാറൻ മണ്‍സൂണിൽ രാജ്യത്തു ശരാശരി 89 സെന്‍റീമീറ്റർ മഴയാണു കിട്ടുക. ഇത്തവണ ഇതിന്‍റെ 110 ശതമാനം മഴ പെയ്തു. മധ്യേന്ത്യയിൽ 129 ശതമാനവും ദക്ഷിണേന്ത്യയിൽ 116 ശതമാനവുമായിരുന്നു മഴ.

ഈ അധികമഴ നിരവധി കാർഷിക വിളകൾക്കു ദോഷമായി. മധ്യപ്രദേശിലെ സോയാബീൻ വിളവിന്‍റെ 40,50 ശതമാനം നഷ്ടമായി. രാജ്യത്തെ ഏറ്റവും വലിയ സോയാബീൻ ഉൽപാദന സംസ്ഥനമാണു മധ്യപ്രദേശ്. ഗുജറാത്തിലെ നിലക്കടല വിളവിന്‍റെ 40 ശതമാനവും പരുത്തിയുടെ 30 ശതമാനവും നഷ്ടമായി. മഹാരാഷ്ട്രയിൽ സവാളയ്ക്കു വലിയ നഷ്ടം നേരിട്ടു. ഇതെല്ലാം കാർഷിക രംഗത്തുനിന്നുള്ള ജിഡിപി കുറയ്ക്കും.

5 ലക്ഷം കോടി ഡോളർ ജിഡിപി എന്ന ദിവാസ്വപ്നം

2024-25-ൽ ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളർ സന്പദ്ഘടനയാക്കി മാറ്റാമെന്ന മോഹം പൊലിയുകയാണ്. നീതി ആയോഗിന്‍റെ ഏറ്റവും പുതിയ വിലയിരുത്തലനുസരിച്ച് ഈ ലക്ഷ്യത്തിലെത്തണമെങ്കിൽ 12.4 ശതമാനം വാർഷിക വളർച്ച ജിഡിപിയിൽ ഉണ്ടാവണം. 2018-19-ലെ സാന്പത്തിക സർവേ കണക്കാക്കിയതിനേക്കാൾ 0.4 ശതമാനം കൂടുതലാണിത്.
നടപ്പുവർഷം ആദ്യക്വാർട്ടറിലെ നോമിനൽ ജിഡിപി 8 ശതമാനത്തിലേക്ക് ഇടിഞ്ഞിരിക്കുകയാണ്. യഥാർഥ ജിഡിപി ( പണപ്പെരുപ്പം കണക്കാക്കാതെ സ്ഥിര വിലയിൽ കണക്കാക്കുന്നത്) ആദ്യക്വാർട്ടറിൽ 5 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു.

ഇന്ത്യയ്ക്ക് വളർച്ചയുടെ രണ്ടു വർഷങ്ങൾ നഷ്ട്പ്പെട്ടു കഴിഞ്ഞുവെന്നാണ് മുൻ റിസർവ് ബാങ്ക് ഗവർണർ സി. രംഗരാജൻ പറഞ്ഞത്. ഇപ്പോഴത്തെ വളർച്ച നിരക്കിൽ 2025-ൽഅഞ്ചു ലക്ഷം കോടി ഡോളർ ജിഡിപി എന്നത് ഉദിക്കുന്നതേയില്ലെന്നാണ് അദ്ദേഹം കൂട്ടിച്ചേർത്തത്. 2015-16-ലെ 8.2 ശതമാനം വളർച്ചയിൽനിന്ന് 2018-19-ൽ 6.8 ശതമാനത്തിലേക്ക് വളർച്ച ഇടിഞ്ഞിരിക്കുകയാണ്. നടപ്പുവർഷം അത് അഞ്ചു ആറു ശതമാനത്തിനു ചുറ്റളവിലേക്കു താഴുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ 2.7 ലക്ഷം കോടി ഡോളറിൽനിന്ന് 5 ലക്ഷം കോടി ഡോളറിലെത്താൻ ഒന്പതു ശതമാനത്തിലധികം വളർച്ച വേണം.അതു തീർത്തും വിദൂരത്താണ്: അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഇപ്പോഴത്തെ രാജ്യത്തെ അന്തരീക്ഷവും ആഗോള സന്പദ്ഘടനയിലെ സ്ഥിതിയും കണക്കിലെടുത്താൽ ഇന്ത്യൻ വളർച്ച അടുത്ത അഞ്ചുവർഷം 7 ശതമാനത്തിനു ചുറ്റളവിലായിരി ക്കുമെന്നാണ് ഇന്ത്യയുടെ മുൻ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യൽ പ്രൊണാബ് സെന്നിന്‍റെ വിലയിരുത്തൽ.
ജിഡിപി വളർച്ച കുറയുന്പോൾ നഷ്ടമാകുന്നത് നിക്ഷേപവും യുവാക്കൾക്കു ലഭിക്കുന്ന തൊഴിലുമാണ്. ഓരോ വർഷവും ദശലക്ഷക്കണക്കിനു യുവാക്കളാണ് തൊഴിലന്വേഷകരായി വിപണിയിലേക്ക് എത്തുന്നത്. ഇവർക്ക് അവസരം നഷ്ടമാകുന്നുവെന്നു മാത്രമല്ല, രാജ്യത്തിന്‍റെ വളർച്ച ലക്ഷ്യങ്ങളും ഇതോടെ അന്യമാകുന്നുവെന്നതാണ് പരിതാപകരമായ കാര്യം.

ക്ഷീണത്തിന്‍റെ സൂചനകൾ

* ഐഎച്ച്എസ് മാർക്കറ്റ് ഇന്ത്യ സർവീസസ് സൂചിക ഒക്ടോബറിൽ 49.2 പോയിന്‍റാണ്. 50 പോയിന്‍റിനു താഴെ ചുരുക്കത്തെ സൂചിപ്പിക്കുന്നു. സെപ്റ്റംബറിലിത് 48.7 പോയിന്‍റായിരുന്നു. 2017നുശേഷമുള്ള ഏറ്റവും മോശമായ സ്ഥിതിയിലാണ് സേവനമേഖല.നേരത്തെ പിഎംഐയും 50 പോയിന്‍റിനു താഴെ എത്തിയിരുന്നു. അതായത് സർവീസ്, മാനുഫാക്ചറിംഗ് മേഖലയിലെ ഉത്പാദനം കുറഞ്ഞു.
* കയറ്റുമതി മുൻവർഷം ഒക്ടോബറിലേതിനേക്കാൾ 1.1 ശതമാനം കുറഞ്ഞു. മാത്രവുമല്ല, ക്രൂഡോയിൽ, സ്വർണം തുടങ്ങിയവ ഒഴികയുള്ളവയുടെ ഇറക്കുമതിയും കുറഞ്ഞു. അതായത് മൂലധന നിക്ഷേപം പിന്നോട്ടു പോകുന്നുവെന്നർത്ഥം.
* ഉത്സവകാലമായിരുന്നിട്ടും ഉപഭോഗം കുറഞ്ഞു. രാജ്യത്തെ 90 ശതമാനം ഷോപ്പുടമകളും പറയുന്നത് വാങ്ങാനെത്തുന്നവരുടെ എണ്ണം മുൻവർഷത്തേക്കാൾ കുറഞ്ഞുവെന്നാണ്. കാർ വിൽപ്പന ഒക്ടോബറിൽ മുൻവർഷത്തേക്കാൾ 6.3 ശതമാനം കുറഞ്ഞു. ഇരുചക്രവാഹന വിൽപ്പന 14.4 ശതമാനവും ട്രക്ക്,ബസ് വിൽപ്പന 23.3 ശതമാനവും കുറഞ്ഞു. വാഹന വായ്പയുടെ എണ്ണം കൂടിയെങ്കിലും തുക രണ്ടു വർഷത്തെ കുറഞ്ഞ നിലയിലാണ്.
* ഫാക്ടറി ഉത്പാദനം സെപ്റ്റംബറിൽ 4.3 ശതമാനം ചുരുങ്ങി. എട്ടു വർഷത്തെ ഏറ്റവും കുറഞ്ഞ നിലയാണിത്. എട്ടു കാതൽ വ്യവസയങ്ങളിലെ ഉത്പാദനം സെപ്റ്റംബറിൽ 5.2 ശതമാനം ചുരുങ്ങി.

രണ്ടാം ക്വാർട്ടർ ജിഡിപി കണക്കുകൾ

രണ്ടാം ത്രൈമാസത്തിലെ സാന്പത്തിക (ജിഡിപി) വളർച്ചക്കണക്ക് ഉടനേ പുറത്തുവരും. ജൂണിലവസാനിച്ച ത്രൈമാസത്തിൽ അഞ്ചു ശതമാനം വളർച്ചയേ ജിഡിപിയിൽ ഉണ്ടായിരുന്നുള്ളൂ. ആറു വർഷത്തെ ഏറ്റവും താണ നിലയിലായിരുന്നു അത്. സെപ്റ്റംബറിൽ അവസാനിച്ച മൂന്നു മാസത്തെ കണക്കും ആശാവഹമാകില്ലെന്നാണു സൂചനകൾ.
ജിഡിപി വളർച്ച അഞ്ചു ശതമാനത്തിലും താഴെയാകുമെന്നു പല നിരീക്ഷകരും അഭിപ്രായപ്പെട്ടു കഴിഞ്ഞു. വ്യവസായമേഖല ഗണ്യമായി ചുരുങ്ങി എന്നത് ജിഡിപി വളർച്ചയെ സാരമായി ബാധിക്കും.

ഉത്പാദനം വെട്ടിക്കുറച്ചു

വില്പന കുറഞ്ഞ പശ്ചാത്തലത്തിൽ കന്പനികളെല്ലാം ഒക്ടോബറിൽ വാഹനനിർമാണം കുറച്ചു. യാത്രാവാഹനങ്ങളുടെ ഉത്പാദനം 21.14 ശതമാനം കുറച്ച് 2,69,186 എണ്ണമാക്കി. കാർ ഉത്പാദനം 30.22 ശതമാനമാണു കുറച്ചത്. 1,62,343 കാറുകളേ കഴിഞ്ഞ മാസം നിർമിച്ചുള്ളൂ.

ഏപ്രിൽ-ഒക്ടോബർ കാലയളവിലെ മൊത്തം വാഹന ഉത്പാദനം 16.66 ശതമാനം കുറഞ്ഞു. വാഹനവിപണിയിൽ ഇത്ര നീണ്ട തളർച്ച സമീപ ദശകങ്ങളിലൊന്നും ഉണ്ടായിട്ടില്ല. മാരുതി തുടർച്ചയായ ഒൻപതാം മാസവും ഉത്പാദനം കുറച്ചു. ഒക്ടോബറിൽ 20.7 ശതമാനം കണ്ടാണ് ഉത്പാദനം കുറച്ചത്. 1,19,337 എണ്ണമേ കഴിഞ്ഞ മാസം നിർമിച്ചുള്ളൂ. സെപ്റ്റംബറിൽ ഉത്പാദനം 17.48 ശതമാനം കുറച്ചതാണ്.