ജിഡിപി വളർച്ചക്കുറവ് എങ്ങനെ ബാധിക്കുന്നു
സന്പദ് ഘടനയുടെ വളർച്ച കുറയുന്പോൾ ഏറ്റവും കൂടുതൽ ആശങ്ക ഉയരുന്നത് തൊഴിൽ മേഖലയിൽനിന്നാണ്. തൊഴിൽ വെട്ടിക്കുറയ്ക്കുന്നതും തൊഴിൽ നഷ്ടവും തൊഴിൽ സൃഷ്ടി ഇല്ലാത്തതും രാജ്യത്തിന്‍റെ പൊതു ക്രയശേഷിയെ ബാധിക്കുന്നു. രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി നിൽക്കുകയാണിപ്പോൾ. ഓരോ വർഷവും പഠനം കഴിഞ്ഞ് ദശലക്ഷക്കണക്കിന് യുവാക്കളാണ് തൊഴിൽ വിപണിയിലേക്ക് എത്തുന്നത്.

കാന്പസ് റിക്രൂട്ടമെന്‍റ് വേഗം കുറയുന്നു

മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റിക്രൂട്ടമെന്‍റ് മോശമല്ലാത്ത രീതിയിൽ പോകുന്പോൾ രണ്ടാം നിരയും ഇടത്തരവും അതിനു താഴെയുമുള്ള സ്ഥാപനങ്ങളിൽനിന്നുള്ള റിക്രൂട്ട്മെന്‍റ് മുൻവർഷത്തേക്കാൾ ഗണ്യമായി കുറഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ചിലർക്കു മെച്ചപ്പെട്ട പാക്കേജുകൾ കിട്ടുന്പോൾ ബഹുഭൂരിപക്ഷത്തിനും തൊഴിൽ കിട്ടുകതന്നെ വളരെ പ്രയാസകരമായിരിക്കുന്നു. പല സ്ഥാപനങ്ങളിലുമെത്തുന്ന കന്പനികളുടെ എണ്ണത്തിൽ 30-40 ശതമാനം വരെ കുറവു വന്നിരിക്കുകയാണ്. ശരാശരി ശന്പള പാക്കേജിലും കുറവു സംഭവിച്ചിരിക്കുകയാണ്.

അതേസമയം ഐടി മേഖലയിൽ മിഡിൽ മാനേജ്മെന്‍റ് തലത്തിലുള്ള ജോലിക്കാരുടെ എണ്ണം കുറയ്ക്കുകയാണ്. വലിയ ഐടി കന്പനികളിൽ മൊത്തം ജോലിക്കാരുടെ 5-8 ശതമാനം കുറയ്ക്കുമെന്നാണ് കണക്കാക്കുന്നത്. അതായത് 10000-20000 വരെ. ഇത്തരത്തിലുള്ള വെട്ടിക്കുറയ്ക്കലിനു തുടക്കം കുറച്ചു കഴിഞ്ഞു. കൊഗ്നിസെന്‍റ് അടുത്ത ഏതാനും ക്വാർട്ടറുകളിലായി 12000 പേരെ വെട്ടിക്കുറയ്ക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. പകരും പുതിയതായി പഠിച്ചിറങ്ങിയവരെ താഴെത്തട്ടിൽ നിയമിക്കും. മുൻവർഷത്തേക്കാൾ 30 ശതമാനം അധികം പുതിയവരെയാണ് ഈ വർഷം കോഗ്നിസെന്‍റ് നിയമിക്കുന്നത്. കന്പനിയുടെ 70 ശതമാനം ജീവനക്കാരും ഇന്ത്യയിൽനിന്നുള്ളവരാണ്. ഇൻഫോസിസ് നടപ്പുവർഷം 10-15 കോടി ഡോളറാണ് ചെലവിനത്തിൽ ലാഭിക്കുവാൻ ഉദ്ദേശിക്കുന്നത്.

പുതിയതായി എടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പംതന്നെ ഐടി ഭീൻമാർ പ്രാദേശികവത്കരണവും ശക്തമാക്കിയിട്ടുണ്ട്. ഉദാഹരണമായി ഇൻഫോസിസ് കഴിഞ്ഞ മൂന്നു വർഷത്തിൽ പതിനായിരം അമേരിക്കാരെ നിയമിച്ചു. 2023-ഓടെ 1000 പേരേക്കൂടി നിയമിക്കും. വിപ്രോയുടെ പ്രാദേശികവത്കരണം യുഎസിൽ 65 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്. ചുരുക്കത്തിൽ ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്മെന്‍റ് ഐടി കന്പനികൾ കുറയ്ക്കുകയാണ്. ടിസിഎസ്, വിപ്രോ, എച്ച്സിഎൽ തുടങ്ങിയ എല്ലാ ഐടി കന്പനികളുംതന്നെ ചെലവു കുറയ്ക്കുവാനുള്ള ശ്രമത്തിലാണ്.

പുതയതായി എടുക്കുന്നവർക്ക് ഇവർക്കു നൽകിവരുന്ന ശന്പളച്ചെലവിന്‍റെ പകുതിപോലും വേണ്ടിവരില്ലെന്നാണ് കണക്കാക്കുന്നത്.

സാന്പത്തിക തളർച്ചയുടെ ഫലമായി കന്പനികൾ വരുമാനം കുറയുന്പോൾ പ്രവർത്തനം പുനക്രമീകരിക്കുകയും ചെലവു കുറയ്ക്കുവാനും ശ്രമിക്കുന്നതു സ്വഭാവികം. സാന്പത്തിക വളർച്ച മന്ദഗതിയിലേക്കു വീഴുന്പോൾ തൊഴിൽ ലഭിക്കുക പ്രയാസമാകുന്നു. ഇതുണ്ടാക്കുന്ന സാന്പത്തിക സമ്മർദ്ദം വളരെ വലുതാണ.് പ്രത്യേകിച്ചു വ്യക്തികളുട മേലുണ്ടാക്കുന്ന സമ്മർദ്ദം. അവർക്ക് ഭവന വായ്പ ഉണ്ടാകും, വാഹന വായ്പ ഉണ്ടാകും....

തൊഴിൽ ദാതാക്കളും പിടിച്ചു നിൽക്കുന്നതിന്‍റെ ഭാഗമായി ബോണസും വാർഷിക ഇൻക്രിമെന്‍റുമൊക്കെ തടയുന്നു. രാജ്യത്തെ പൊതുമേഖല ഉൾപ്പെടെ പല സ്ഥാപനങ്ങളിലും ശന്പളം താമസിക്കുന്ന പ്രവണത വർധിച്ചു വരികയാണ്. ഇതു വ്യക്തികളുടെ ജീവിതശൈലിയേയും സന്പാദ്യശീലത്തേയും ബാധിക്കുന്നു.

സന്പാദ്യം തുണയാകും

കഴിഞ്ഞ 10-12 വർഷത്തിൽ ജോലിക്കു കയറിയവർ ഇത്തരത്തിൽ നീണ്ടു നിൽക്കുന്ന സാന്പത്തിക വളർച്ചാ മുരടിപ്പ് ആദ്യമായാണ് നേരിടുന്നത് എന്നു പറയാം. ഈ സമയത്തു തുണയാകുക ജോലി ചെയ്തിരുന്ന കാലയളവിലെ സന്പാദ്യമാണ്. അടുത്ത തൊഴിൽ കണ്ടെത്തുന്നതുവരെ ആശ്വാസം നൽകുന്നു.

ജോലി ചെയ്യുന്ന സമയത്ത് അടിയന്തരാവശ്യത്തിനായി സന്പാദിക്കുന്നതിന്‍റെ ആവശ്യത്തിലേക്കാണ് ഈ സാന്പത്തിക പ്രതിസന്ധി വിരൽ ചൂണ്ടുന്നത്. ചെലവുകളിലേക്ക് എത്തി നോക്കാനുള്ള അവസരവുംകൂടിയാണ്.ആവശ്യമില്ലാത്ത ചെലവുകൾ വെട്ടിക്കുറച്ച് സന്പാദ്യം വർധിപ്പിക്കുവാനുള്ള സമയവുമായി ഈ അവസ്ഥയെകാണാം.
മിക്ക ധനകാര്യ ഉപദേശകരും ജോലിക്കു കയറുന്നവരേയും അല്ലാത്തവരേയും ഒരു കാര്യം ഓർമിപ്പിക്കുന്നു. കുറഞ്ഞത് ആറു മാസത്തെ ചെലവിനു തുല്യമായ തുകയെങ്കിലും അടിയന്തര നിധിയായി സ്വരൂപിക്കണമെന്നാണ്. മറ്റ് നിക്ഷേപങ്ങൾ ഉണ്ടെങ്കിലും അടിയന്തര നിധി ഉണ്ടായിരിക്കണം. ഇത്തരമൊരു നിധിയുണ്ടെങ്കിൽ ഏറ്റവും മോശമായ അവസരത്തിൽ മറ്റു നിക്ഷേപങ്ങളെ തൊടാതെ മുന്നോട്ടു പോകുവാൻ സാധിക്കും.

അടിയന്തര നിധി ലിക്വിഡ് ഫണ്ടിലോ സേവിംഗ്സ് അക്കൗണ്ടിലോ സൂക്ഷിക്കാം. ലിക്വിഡ് ഫണ്ടിൽ മെച്ചപ്പെട്ട റിട്ടേണ്‍ കിട്ടാൻ സാധ്യതയുണ്ട്.

മിക്ക തൊഴിൽ ദാതാക്കളും തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി നൽകാറുണ്ട്. ജോലി നഷ്ടമാകുന്പോൾ ആരോഗ്യ ഇൻഷുറൻസ് കവറേജ് ഇല്ലാതാകുന്നു. അതുകൊണ്ടുതന്നെ കുടുംബത്തിനും സ്വന്തമായും ആവശ്യത്തിനു ആരോഗ്യ ഇൻഷുറൻസ് കവറേജ് ഉണ്ടെന്നു ഉറപ്പുവരുത്തുക.


തൊഴിൽ സൃഷ്ടിയില്ലാതെ

വളരെ നാളുകൾക്കുശേഷം തൊഴിലില്ലായ്മ ഏറ്റവും വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. രാജ്യത്ത് ഏതാണ്ട് 30.9 ലക്ഷം തൊഴിലില്ലാത്തവ രാണുള്ളത്. അതിൽ തന്നെ 15-29 പ്രായത്തിലുള്ള ഏതാണ്ട് 21.1 ദശലക്ഷം പേർ. മൊത്തം തൊഴിലില്ലാത്തവരുടെ 68.3 ശതമാനത്തോളം വരും ഇത്.

തൊഴിൽ ചെയ്യാൻ സാധിക്കുന്നവരുടെ എണ്ണം ഓരോ വർഷവും ഇന്ത്യയിൽ കുത്തനെ ഉയരുകയാണ്. രണ്ടായിരത്തിൽ 15-59 വയയസിനിടയിലുള്ള, തൊഴിൽ ചെയ്യാൻ പ്രാപ്തമായവരുടെ എണ്ണം പ്രതിവർഷം 14 ദശലക്ഷം വർധിക്കുകയാണ്.

തൊഴിൽ തേടി എത്തുന്നവരുടെ യോഗ്യതയും വർധിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ വിദ്യാഭ്യാസം നേടുന്നതും അവരുടെ തൊഴിൽ ആഭിമുഖ്യവും വർധിക്കുകയാണ്. ഉദാഹരണത്തിന് 2005-ൽ 16.3 ശതമാനം സ്ത്രീകളാണ് വിദ്യാഭ്യാസം സിദ്ധിച്ച് തൊഴിൽ വിപണിയിൽ എത്തിയിരുന്നതെങ്കിൽ 2018-ൽ അത് 31 ശതമാനത്തിനു മുകളിലെത്തി. അതായത് തുലമുറ ഗുണമേന്മയുള്ള വിദ്യാഭ്യാസം വഴി കൂടുതൽ നൈപുണ്യം നേടിയെടുത്തിട്ടുണ്ട്.

കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ എണ്ണം 2005ലെ 228.5 ലക്ഷത്തിൽ നിന്ന് 2018-ൽ 197.3 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഇപ്പോഴും ഇത് രാജ്യത്തെ മൊത്ത തൊഴിൽ ശക്തിയുടെ 41.9 ശതമാനത്തോളം വരും. കാർഷിക മേഖലയിലെ ഉത്പാദനക്ഷമത കുറഞ്ഞതും പൊതുനിക്ഷേപം കുറഞ്ഞതും കൂടുതൽ ആളുകളെ അവിടെ നിന്ന് മറ്റു മേഖലകളിലേക്ക് തൊഴിൽ തേടുവാൻ പ്രേരിപ്പിച്ചു. പ്രത്യേകിച്ചും വിദ്യാഭ്യാസം ലഭിച്ച യുവജനങ്ങൾ.

ഇതുവഴി കാർഷികേതര മേഖലയിലേക്കുള്ള തൊഴിൽ സപ്ലൈ ഓരോ വർഷവും വർദ്ധിക്കുകയാണ്. ഇവർ 15-59 വയസ്സിനിടയിൽ ഉള്ള വിദ്യാർത്ഥികൾ അല്ലാത്തവരാണ്. അവർക്കാവശ്യമായ നൈപുണ്യം നൽകിയാൽ വ്യവസായം, കണ്‍സ്ട്രക്ഷൻ , സർവീസ് തുടങ്ങിയ മേഖലകളിൽ ജോലിക്കു പ്രപ്തരായവരായിത്തീരും.

വിദഗ്ധരുടെ അനുമാനമനുസരിച്ച് കാർഷികേതര മേഖലയിലേക്ക് ഓരോ വർഷവും കടന്നുവരുന്നവരുടെ എണ്ണം 2005-12 കാലയളവിൽ 14.2 ദശലക്ഷം ആയിരുന്നത് 2012-18 കാലങ്ങളിൽ 17.5 ദശലക്ഷമായി വർധിച്ചു. ചുരുക്കത്തിൽ ചുരുക്കത്തിൽ തൊഴിൽ ചെയ്യാൻ എത്തുന്നവരുടെ ആനുപാതികമായി തൊഴിൽ സൃഷ്ടിക്കുക എന്നത് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ് ഇന്ത്യയ്ക്ക്. 2005-12 കാലയളവിൽ കണ്‍സ്ട്രക്ഷൻ മേഖലയാണ് ഏറ്റവും കൂടുതൽ തൊഴിൽ നൽകിയിരുന്നത്. ഈ കാലയളവിൽ ഗ്രാമീണ കണ്‍സ്ട്രക്ഷൻ മേഖലയിൽ മാത്രം 18.9 ലക്ഷം തൊഴിൽ സൃഷ്ടിച്ചുവെങ്കിൽ 2012-18 കാലയളവിൽ ഇത് 1.6 ദശലക്ഷമായി കുറഞ്ഞു.

2012-18 കാലയളവിൽ മാനുഫാക്ചറിംഗ് മേഖലയിലെ തൊഴിൽ സൃഷ്ടി ഗണ്യമായി കുറഞ്ഞു. ഏറ്റവും കൂടുതൽ തിരിച്ചടിയുണ്ടായത് ചെറുകിട, സൂക്ഷ്മ മാനുഫാക്ചറിംഗ് യൂണിറ്റുകളിലാണ്. അതേസമയം 2012 മുതൽ സർവീസ് മേഖലയിലെ തൊഴിൽ ഗണ്യമായ വളർച്ച നേടി. ഇതുമൂലം ഗ്രാമീണ മേഖലയിലെ തൊഴിൽ പ്രതിസന്ധി രാജ്യത്തിന് അനുഭവപ്പെടാതെ പോയി.

2005 -12 കാലയളവിൽ വ്യവസായം, കണ്‍സ്ട്രക്ഷൻ, സർവീസസ് എന്നീ മേഖലകകളിൽ മൊത്തം ഓരോ വർഷവും 6.3 ദശലക്ഷം തൊഴിൽ സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാൽ ഈ സമയത്ത് ഈ മേഖലയിലേക്ക് ് കടന്നു വന്നിരുന്നത് 14.2 ലക്ഷം തൊഴിലന്വേഷകർ ആണ്. 2012-18 കാലയളവിൽ തൊഴിലന്വേഷകരുടെ എണ്ണം പ്രതിവർഷം 17.5 ലക്ഷം ആയി ഉയരുകയും ചെയ്തു. എന്നാൽ വെറും 4.5 ദശലക്ഷം ആളുകൾക്ക് മാത്രമാണ് ഒരോ വർഷവും ജോലി ലഭിച്ചിരുന്നത്്. ഈ ജോലികളിൽ 90.4 ശതമാനവും കൈയടക്കിയിരുന്നത് 30-59 വയസ്സിനു ഇടയിലുള്ളവരാണ്. അതായത് 2012-18 കാലയളവിൽ ഉണ്ടായ പുതിയ ജോലികളിൽ സ്ത്രീകൾക്ക് യുവജനങ്ങൾക്കും ലഭിച്ചത് വളരെ തുച്ഛമായ എണ്ണം മാത്രമാണ് .

രാജ്യത്തെ 15-29 വയസ്സിനിടയിൽ ഉള്ള 6.7 ദശലക്ഷം യുവാക്കൾ 2012-ൽ തൊഴിലില്ലാത്തവരായിരുന്നു. 2018 ആയപ്പോഴേയ്ക്കും അത് 21.6 ദശലക്ഷമായി ഉയർന്നു.
ചുരുക്കത്തിൽ ഇന്ത്യ വലിയൊരു വെല്ലുവിളി നേരിടുകയാണ്. വളർന്നുവരുന്ന, വിദ്യാഭ്യാസം ലഭിച്ച യുവതലമുറയ്ക്ക് ആവശ്യമായ തൊഴിൽ സൃഷ്ടിക്കുക എന്ന വലിയ വെല്ലുവിളി. ഇതിനെ ലാഘവത്തോടെ നോക്കികണ്ടുകൂടാ. ഈ പ്രശ്നത്തെ നേരിടാൻ വൻ നടപടികൾ എടുക്കേണ്ടതുണ്ട്. വൻതോതിലുള്ള നിക്ഷേപവും ഉത്പാദന മേഖലയുടെ പുനരുദ്ധാരണവും ചെറുകിട സംരംഭങ്ങൾക്കു പ്രോത്സാഹനവും നൽകുന്ന പദ്ധതിയും ഉണ്ടാവേണ്ടിയിരിക്കുന്നു.
വിദ്യാഭ്യാസം നേടി പുറത്തുവരുന്ന യുവശക്തിയെ ശരിയായി ഉപയോഗിക്കുന്നില്ലെങ്കിൽ വലിയൊരു നഷ്ടമാണ് സംഭവിക്കുക. അടുത്ത രണ്ട് ദശകം കഴിയുന്നതോടെ ഇന്ത്യയിലെ നര ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരും. ആവശ്യത്തിനു തൊഴിൽ സൃഷ്ടിക്കാൻ കഴിയുന്നില്ലെങ്കിൽ ലക്ഷക്കണക്കിന് വരുന്ന പാവപ്പെട്ട ഇന്ത്യക്കാർക്കാരുടെ ചെറിയ തോതിലെങ്കിലും സന്പന്നമാകാനുള്ള ആഗ്രഹം ഒരിടത്തുമെത്താതെ വഴിയിൽ ഉപേക്ഷിക്കേണ്ടതായി വരും. ഗ്രേറ്റ് ഇന്ത്യൻ ട്രാജഡി ആയി അത് അവശേഷിക്കും.