ബാങ്കിംഗ് ഓഹരികളിൽ അവസരം
ബാങ്കിംഗ് ഓഹരികളിൽ അവസരം
ഇന്ത്യൻ ബാങ്കിംഗ് വ്യവസായം വൻമാറ്റത്തിലൂടെ കടന്നുപോവുകയാണ്. പ്രശ്നങ്ങളിൽനിന്ന് പ്രശ്നങ്ങളിലേക്കു നീങ്ങിക്കൊണ്ടിരുന്ന ബാങ്കിംഗ്- ധനകാര്യ മേഖല അതിന്‍റെ ഏറ്റവും മോശമായ അവസ്ഥയിൽനിന്നു പതിയെ മെച്ചപ്പെടുകയാണ്.

പൊതുമേഖല ബാങ്കുകളുടെ ലയനത്തിലൂടെ മൂലധനം നൽകേണ്ട ഗവണ്‍മെന്‍റ് ബാധ്യത കുറയുകയാണ്. ബജറ്റ് 2020-ൽ നിന്ന് പൊതുമേഖല ബാങ്കുകൾക്ക് മൂലധനം ലഭിക്കും.
പിഎൻബി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കനറാ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നീ ബാങ്കുകളിലാണ് ചെറിയ ആറ് പൊതുമേഖല ബാങ്കുകൾ ലയിക്കുന്നത്. ഈ ബാങ്കുകൾ ഇതിനായി കണ്‍സൾട്ടന്‍റുമാരെ നിശ്ചിയിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത ഏപ്രിലോടെ ലയനം നടക്കും. ഇതോടെ പൊതുമേഖല ബാങ്കുകളുടെ എണ്ണം 12 ആയി കുറയും. പൊതുമേഖല ബാങ്കുകളുടെ ലയനം വഴി ശക്തമായ ബാങ്കുകൾ രൂപീകരിക്കാനുള്ള നീക്കം ബാങ്കുകളുടെ പ്രവർത്തനച്ചെലവു കുറയ്ക്കുകയും കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുമെന്നാണ് വലിയിരുത്തുന്നത്.
2017-18 മുതൽ ബാങ്കുകൾക്ക് 2.66 ലക്ഷം കോടി രൂപ മൂലധനമായി ലഭിച്ചിട്ടുണ്ട്. കിട്ടാക്കടം കൈകാര്യം ചെയ്യാനും മറ്റുമായിട്ടാണ് ഇതു ലഭിച്ചത്. 2018-19-ൽ 1.06 ലക്ഷം കോടി രൂപ മൂലധനമായി പൊതുമേഖല ബാങ്കുകൾക്കു ലഭിച്ചു. അടുത്ത ബജറ്റിലും വലിയ തുക ബാങ്കുകൾക്കു മൂലധനമായി നീക്കി വയ്ക്കുകയും പൊതുമേഖല ബാങ്കുകൾ ത്വരിത തിരുത്തൽ നടപടിക്കു പുറത്തു കടക്കുകയും ചെയ്യുമെന്നാണ് ബാങ്കിംഗ് മേഖല പ്രതീക്ഷിക്കുന്നത്. ബാങ്കുകളുടെ എൻപിഎ ആറു ശതമാനത്തിലേക്കു താഴ്ത്താനും മൂലധന പര്യാപ്തത നേടുവാനുമാണ് ത്വരിത തിരുത്തൽ നടപടി റിസർവ് ബാങ്ക് സ്വീകരിച്ചിട്ടുള്ളത്.
ബാങ്ക് ഓഫ് ബറോഡയിൽ ദേന ബാങ്കും വിജയ ബാങ്കും ലയിച്ചു കഴിഞ്ഞു. 2019-ൽ റിസർവ് ബാങ്ക് പലിശനിരക്കിൽ 1.35 ശതമാനം കുറവു വരുത്തിയെങ്കിലും വായ്പാ വളർച്ച അധികമുണ്ടായിട്ടില്ല. 2019-ലെ വായ്പ വളർച്ച എട്ടു ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തിൽ ബാങ്കുകൾ എൻബിഎഫ്സികളെ പിന്തുണയ്ക്കുവാൻ നിർദ്ദേശിച്ചിരിക്കുകയാണ്.

നടപ്പുവർഷം രണ്ടാം ക്വാർട്ടർ പ്രവർത്തനഫലങ്ങൾ കണക്കിലെടുത്താൽ ബാങ്കുകൾ മാറ്റത്തിന്‍റെ വഴിയിലാണ്. പുതിയ ഉയരങ്ങൾ തേടുന്നതിനുള്ള യാത്രയിലാണ്. ഇപ്പോൾ നേരിടുന്ന കിട്ടാക്കടമുൾപ്പെടെയുള്ള പ്രശ്നങ്ങൾ എങ്ങനെ ബാങ്കിംഗ് മേഖല കൈകാര്യം ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചാണ് ബാങ്കിന്‍റെ വിജയകരമായ തിരിച്ചുവരവ് നിൽക്കുന്നത്.
കുന്നുകൂടിയ കിട്ടാക്കടം, ത്വരിത തിരുത്തൽ നടപടി ചട്ടക്കൂട്, കുറഞ്ഞ വായ്പ വളർച്ച, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, പല പ്രധാന കന്പനികളും വായ്പ തിരിച്ചടവിൽ വരുത്തുന്ന വീഴ്ച... തുടങ്ങി നിരവധി പ്രശ്നങ്ങളിലൂടെ ഇന്ത്യൻ ബാങ്കുകൾ കടന്നുപോവുകയാണെങ്കിലും 2020-ൽ വലിയ പ്രതീക്ഷയാണ് ബാങ്കർമാർക്കുള്ളത്.

കിട്ടാക്കടം കുറയും

കിട്ടക്കടത്തിന്‍റെ അളവും 2019 മാർച്ചിൽ മുൻവർഷമിതേ കാലയളവിലുണ്ടായിരുന്ന 11.5 ശതമാനത്തിൽനിന്ന് 9.3 ശതമാനത്തിലേക്കു താഴന്നതായി റേറ്റിംഗ് ഏജൻസിയായ ക്രിസിൽ അടുത്തകാലത്തു പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. നടപ്പുവർഷത്തിലും ഇതു തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാണിജ്യ ബാങ്കുകളുടെ പ്രൊവിഷൻ കവറേജ് റേഷ്യോ 2019 മാർച്ചിൽ മുൻവർഷം മാർച്ചിലെ 48.3 ശതമാനത്തിൽനിന്ന് 60.9 ശതമാനമായി ഉയർന്നിട്ടുണ്ടെന്ന് ഈയിടെ റിസർവ് ബാങ്ക് ഗവർഷണർ ശക്തികാന്ത ദാസ്, പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്‍റെ വാർഷിക കണ്‍വോക്കേഷനിൽ വ്യക്തിമാക്കിയരുന്നു. 2015 മാർച്ചിൽ ഈ ആനുപാതം 44 ശതമാനമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

നടപ്പുവർഷത്തെ എൻപിഎ സൃഷ്ടി 1.9-2.4 ശതമാനത്തിനിടയിലായിരിക്കുമെന്നാണ് റേറ്റിംഗ് ഏജൻസിയായ ഇക്ര കണക്കാക്കുന്നത്. 2018-19-ലിത് 3.7 ശതമാനമായിരുന്നു. 20202 മാർച്ചിൽ മൊത്തം എൻപിഎ മുൻവർഷത്തെ 9.2 ശതമാനത്തിൽനിന്ന് 7.9 ശതമാനത്തിലേക്കു താഴുമെന്നാണ് ഇക്ര കണക്കാക്കുന്നത്. മൊത്തം എൻപിഎ 2020 മാർച്ചിൽ 8.3 ലക്ഷം കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.

ഐബിസി സഹായകമാകുന്നു

തൊണ്ണൂറ്റി നാല് വന്പൻ കിട്ടക്കാടത്തിൽ 43 ശതമാനം തിരികെപ്പിടിക്കാൻ 2019-ൽ പാപ്പർ നിയമം ബാങ്കുകളെ സഹായിച്ചിട്ടുണ്ട്. എന്നാൽ റിക്കവറി നിരക്ക് 22 ശതമാനമാണ്. ഇതാവട്ടെ സാധാരണ നടപടിയേക്കാൾ കുറഞ്ഞ നിരക്കാണ്. എന്നാൽ കാലയളവ് കുറയുന്നുവെന്നതാണ് അനുകൂലമായ ഘടകം.

പാപ്പർ നിയമത്തിൽ ( ഐബിസി) കൊണ്ടുവന്ന മാറ്റങ്ങളും പുറത്തുവന്ന വിധികളും വായ്പ നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് മേൽക്കൈ നൽകിയിട്ടുണ്ട്. വളരെ വേഗത്തിലും മെച്ചപ്പെട്ട രീതിയിലും നൽകിയ വായ്പ തിരിച്ചു പിടിക്കുവാൻ കഴിയുമെന്ന് ബാങ്കുകൾക്ക് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. 2020-ൽ കൂടുതൽ തുക തിരിച്ചു പിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

2019-20 ബാങ്കുകളെ സംബന്ധിച്ചിടത്തോളം കണ്‍സോളിഡേഷന്‍റെ വർഷമായിട്ടാണ് പല ബാങ്കർമാരും കണക്കാക്കുന്നത്. കെയർ റേറ്റിംഗ്സിന്‍റെ ചീഫ് ഇക്കണോമിസ്റ്റ് മദൻ സബ്നാവിസും ഇതേ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.

ആദായം മെച്ചപ്പെട്ടു

ലിസ്റ്റ് ചെയ്തിട്ടുള്ള വാണിജ്യ ബാങ്കുകൾ നടപ്പുവർഷത്തിൽ ജൂണ്‍ - സെപ്റ്റംബർ ക്വാർട്ടറിൽ 6348 കോടി രൂപ അറ്റാദായം കാണിച്ചു. മുൻവർഷം 3918 കോടി രൂപ നഷ്ടം കാണിച്ച സ്ഥാനത്താണിത്. നെറ്റ് ഇന്‍ററസ്റ്റ് വരുമാനം വർധിച്ചതും കിട്ടാക്കട വകയിരുത്തലുകൾ കുറഞ്ഞതുമാണ് ബാങ്കുകളുടെ അറ്റാദായം ഉയർത്തിയത്. പൊതുമേഖല ബാങ്കുകളുടെ നഷം 727 കോടി രൂപയായി കുറഞ്ഞു. സ്വകാര്യ ബാങ്കുകളുടെ അറ്റാദായം 7076 കോടി രൂപയാണ്.

ബാങ്കുകളുടെ നെറ്റ് ഇന്‍ററസ്റ്റ് മാർജിൻ 16 ശതമാനം വർധനയോടെ 1.07 ലക്ഷം കോടി രൂപയിലെത്തി. മൂൻവർഷം രണ്ടാം ക്വാർട്ടറിലിത് 92739 കോടി രൂപയായിരുന്നു. പൊതുമേഖല ബാങ്കുകളുടെ (18 എണ്ണം) നെറ്റ് പലിശ വരുമാനം 12.9 ശതമാനം വർധന കാണിച്ചപ്പോൾ സ്വകാര്യ ബാങ്കുകളുടെ (19 എണ്ണം) പലിശ വുരമാനം 20.4 ശതമാനം വളർച്ച കാണിച്ചിട്ടുണ്ട്.
രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ നെറ്റ് ഇന്‍ററസ്റ്റ് മാർജിൻ (എൻഐഐ) മുൻവർഷം രണ്ടാം ക്വാർട്ടറിലെ 3.02 ശതമാനത്തിൽനിന്ന് 3.22 ശതമാനത്തിലേക്ക് ഉയർന്നു.പൊതുമേഖല ബാങ്കുകളുടെ എൻഐഐ 0.21 ശതമാനം ഉയർച്ചയോടെ 2.87 ശതമാനത്തിലെത്തിയപ്പോൾ സ്വകാര്യ ബാങ്കുകളുടെ മാർജിൻ 3.68 ശതമാനത്തിൽനിന്ന് 3.8 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്. രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടത്തിന്‍റെ അളവ് സെപ്റ്റംബറിൽ 9.18 ലക്ഷം കോടി രൂപയാണ്. മുൻവർഷം സെപ്റ്റംബറിലിത് 9.98 ലക്ഷം കോടി രൂപയായിരുന്നു. പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം മുൻവർഷമിതേ കാലയളവിലെ 8.08 കോടി രൂപയിൽനിന്ന് 7.27 കോടി രൂപയായി കുറച്ചിട്ടുണ്ട്. സ്വകാര്യ ബാങ്കുകളുടെ എൻപിഎ ഈ കാലയളവിൽ 1.91 ലക്ഷം കോടി രൂപയിൽനിന്ന് 1.85 ലക്ഷം കോടിയായി താഴ്ന്നു.

രാജ്യത്തെ സാന്പത്തിക വളർച്ച ദുർബലമായ സാഹചര്യത്തിൽ വായ്പ വളർച്ച കുറഞ്ഞുവെന്ന് ബ്രോക്കറേജ് സ്ഥാപനമായ മോട്ടിലാൽ ഓസ്വാൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അസറ്റ് ക്വാളിറ്റി മെച്ചപ്പെട്ടിട്ടുണ്ട്. എസ്ബിഐ, ഐസിഐസിഐ ബാങ്കു തുടങ്ങിയവയുടെ അസറ്റ് ക്വാളിറ്റി മെച്ചപ്പെട്ടതായി ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടുന്നു. അടുത്ത ക്വാർട്ടർ മുതൽ ബാങ്കുകളുടെ അറ്റാദായത്തിൽ വർധനയാണ് പ്രതീക്ഷിക്കുന്നത്. നികുതി നിരക്കുകൾ കുറച്ചത് ബാങ്കുകൾക്ക് ഗുണം ചെയ്യും.

ഇപ്പോൾ 19 പൊതുമേഖല ബാങ്കുകളിൽ 11 എണ്ണം റിസർവ് ബാങ്കിന്‍റെ ത്വരിത തിരുത്തൽ നടപടി ചട്ടക്കൂടുകളിലാണ്. ഈ ബാങ്കുകൾ, വായ്പ നൽകുന്നതിന് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ പലതും അടുത്ത വർഷത്തോടെ ഇതിനു പുറത്തേക്കു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാങ്കുകൾക്ക് ബജറ്റിൽ പുനർമൂലധനം നൽകുന്നതിനുള്ള പ്രഖ്യാപനമുണ്ടായാൽ എൻബിഎഫ്സികൾക്കു വായ്പ നൽകുവാൻ ബാങ്കുകൾക്കു കഴിയും. ഇത് വായ്പ വളർച്ച ത്വരിതപ്പെടുത്തും.

റിസർവ് ബാങ്കിന്‍റെ കണക്കുകളനുസരിച്ച് നടപ്പുവർഷത്തിന്‍റെ ആദ്യ പകുതിയിൽ റീട്ടെയിൽ വായ്പ വർധന നേടിയിട്ടുണ്ട്. എസ്ബിഐ, പിഎൻബി, ഐസിഐസി ഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെയെല്ലാം റീട്ടെയിൽ വായ്പ ഹോൾസെയിൽ വായ്പയേക്കാൾ വളർച്ച നേടിയിട്ടുണ്ട്. റോഡ്, സോളാർ, ഓയിൽ ആൻഡ് ഗ്യാസ്, തുടങ്ങിയ പല മേഖലകളിൽനിന്നും വായ്പ ഡിമാണ്ട് മെച്ചപ്പെട്ടിട്ടുണ്ട്. പല മേഖലകളിലും പതിയപ്പതിയെ ഡിമാണ്ട് ഉയരുന്നുണ്ടെന്നാണ് ബാങ്കർമാർ വിലയിരുത്തുന്നത്. ചുരുക്കത്തിൽ ചെറിയൊരു തിരിച്ചുവരവ് വായ്പയിൽ പ്രതീക്ഷിക്കുന്നു.

എന്തായാലും ബാങ്കിംഗ് മേഖല അതിന്‍റെ ഏറ്റവും മോശമായ അവസ്ഥ കഴിഞ്ഞിരിക്കുകയാണ്. നിക്ഷേപത്തിനായി ഈ മേഖലയിലെ ഓഹരികൾ ശ്രദ്ധിക്കാം. ബാങ്കിംഗ് മേഖല മ്യൂച്വൽ ഫണ്ടകളും.

പ്രൈസ് വാട്ടർ കൂപ്പേഴ്സ് റിപ്പോർട്ട് അനുസരിച്ച് 2050-ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ആഭ്യന്തര ബാങ്കിംഗ് മേഖലയയായിരിക്കും ഇന്ത്യയുടേതെന്നാണ്. ബാങ്കിംഗ് മേഖല നൽകുന്നത് പ്രതീക്ഷയാണ്. ബാങ്കിംഗിലെ അവസരം വളരെ വലുതാണ്. ക്ഷമയോടെ നിക്ഷേപകർ കാത്തിരിക്കണമെന്നു മാത്രം.